മൈസൂരുവിൽ ഹൈടെക് സിൽക്ക് കൊക്കൂൺ മാർക്കറ്റ് ഉടൻ
text_fieldsബംഗളൂരു: മൈസൂരുവിൽ ഹൈടെക് സിൽക്ക് കൊക്കൂൺ മാർക്കറ്റ് ഉടൻ ആരംഭിക്കും. പദ്ധതിക്കായി രണ്ടേക്കര്‍ സ്ഥലം കണ്ടെത്തി. സംസ്ഥാന സർക്കാർ അടുത്തിടെ നടന്ന മന്ത്രിസഭ യോഗത്തിൽ പദ്ധതിക്ക് അംഗീകാരം നൽകുകയും 20 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. രണ്ട് മാസത്തിനുള്ളിൽ നിർമാണ പ്രവൃത്തികൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറഞ്ഞു. നാഷനൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്‍റുമായി (നബാർഡ്) സഹകരിച്ചാണ് പദ്ധതി നടപ്പാക്കുുന്നത്.
മൈസൂരുവിലെയും സമീപ പ്രദേശങ്ങളിലെയും പട്ടുനൂല്‍ കർഷകർക്ക് പദ്ധതി പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. മൈസൂരിലെ ബന്ദിപാല്യയിലുള്ള കാർഷിക ഉൽപന്ന വിപണന സമിതി (എ.പി.എം.സി) യാർഡിലെ വാടക കെട്ടിടത്തിലാണ് നിലവിൽ സിൽക്ക് കൊക്കൂൺ മാർക്കറ്റ് പ്രവർത്തിക്കുന്നത്. 2019ൽ പ്രാദേശിക സെറികൾച്ചറിസ്റ്റുകളുടെ സൗകര്യം പരിഗണിച്ച് മൈസൂരുവിൽ സർക്കാർ കൊക്കൂൺ മാർക്കറ്റ് സ്ഥാപിതമായത്. സിൽക്ക് കൊക്കൂണുകളുടെ ലേലം നടക്കാന്‍ മാര്‍ക്കറ്റ് കളമൊരുക്കി. വില്‍പനക്കാര്‍ക്കും വാങ്ങുന്നവര്‍ക്കും ഇതൊരു പ്രധാന വിപണന കേന്ദ്രമായി മാറി.
നിലവിലെ മാര്‍ക്കറ്റ് തുറന്ന ഹാള്‍ മാത്രമാണ്. മൈസൂരു, മാണ്ഡ്യ, ചാമരാജനഗർ ജില്ലകളിലെ കർഷകർ ലേലത്തിനായി കൊക്കൂണുകൾ ഇറക്കുകയും ലേലത്തിലൂടെ അവ മറ്റുള്ളവര്‍ വാങ്ങുകയും ചെയ്യുന്നു. സ്ഥലപരിമിതി ഇവിടത്തെ പ്രധാന പ്രശ്നമാണ്. ഹൈടെക് കൊക്കൂൺ മാർക്കറ്റ് സ്ഥാപിക്കുന്നതിന് സർക്കാർ ഔദ്യോഗിക അനുമതി നൽകി. സെറികൾച്ചർ മന്ത്രി കെ. വെങ്കിടേഷ് പദ്ധതിയിൽ താൽപര്യം പ്രകടിപ്പിച്ചു.
ബണ്ടിപാല്യക്ക് പിന്നിലുള്ള ഹൊസഹുണ്ടിക്കുസമീപം രണ്ട് ഏക്കർ സ്ഥലം കണ്ടെത്തി. വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) സമർപ്പിച്ചിട്ടുണ്ട്. അംഗീകാരത്തിനായി കാത്തിരിക്കുന്നു. പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മൈസൂരു, ചാമരാജനഗർ ജില്ലകളുടെ സെറികൾച്ചർ വകുപ്പ് നോഡൽ ഓഫിസറും ബിലിദേവാലയ ജോയന്‍റ് ഡയറക്ടറുമായ രചപ്പ മാധ്യമങ്ങളോട് പറഞ്ഞു. ഡി.പി.ആറിന് അംഗീകാരം ലഭിച്ചാലുടന്‍ നിർമാണ പ്രവൃത്തികള്‍ ആരംഭിക്കും.
കർഷകർക്ക് കൊക്കൂണുകൾ സൂക്ഷിക്കാൻ ഒരു വലിയ ഹാൾ, സ്ത്രീകൾക്കും ഡീലർമാർക്കും പ്രത്യേക വിശ്രമമുറികൾ, കാന്‍റീന്‍, സെക്യൂരിറ്റി മുറി, പൊലീസ് ഔട്ട്‌പോസ്റ്റ്, മറ്റ് സൗകര്യങ്ങൾ എന്നിവ ഹൈടെക് മാർക്കറ്റിൽ ഉണ്ടായിരിക്കുമെന്ന് മൈസൂർ സെറികൾച്ചർ ജോയന്‍റ് ഡയറക്ടർ ബി.ആർ. പ്രതിഭ അറിയിച്ചു.
നിലവിൽ പ്രതിദിനം ഏകദേശം 2,000 മുതൽ 3,000 കിലോഗ്രാംവരെ കൊക്കൂണുകളുടെ വ്യാപാരം നടക്കുന്നുണ്ട്. ദിവസവും ഏകദേശം 25 മുതൽ 50 വരെ കർഷകരും ഡീലർമാരും ലേലത്തിൽ പങ്കെടുക്കുന്നു. മിക്ക ഡീലർമാരും കൊല്ലെഗൽ, മലവള്ളി, മാണ്ഡ്യ എന്നിവിടങ്ങളിൽനിന്നുള്ളവരാണ്.
ഡീലർമാർ കൂടുതലുണ്ടെങ്കിൽ മാത്രമേ ബിസിനസ് വേഗത്തിൽ നടക്കൂ. പുതിയ സജ്ജീകരണം മുഖേന പ്രതിദിനം 10 മുതൽ 12 ടൺ വരെ കൊക്കൂണുകൾ വ്യാപാരം ചെയ്യാൻ സാധിക്കും. കൊക്കൂൺ മാർക്കറ്റിൽ സർക്കാർ ഇ-ബിഡ്ഡിങ്, ഇ-ട്രാൻസാക്ഷൻ, ഇ-പേമെന്‍റ് സംവിധാനങ്ങൾ ഉണ്ട്. ഇവ തടസ്സമില്ലാതെ നിരക്ക് നിശ്ചയിക്കും.
ഉച്ചയോടെ വിപണനം പൂർത്തിയായാൽ കർഷകർക്ക് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം ലഭിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മൈസൂരു ജില്ലയിൽ മാത്രം 2,500ൽ അധികം ആളുകളാണ് സെറികൾച്ചറിൽ ഏർപ്പെട്ടിരിക്കുന്നത്. ഏകദേശം 3,000 മുതൽ 4,000 ഹെക്ടർ വരെ സ്ഥലത്ത് മൾബറി കൃഷി ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

