കുക്കരഹള്ളി തടാകം വൃത്തിയാക്കാൻ ഹൈടെക് ബോട്ട്
text_fieldsബംഗളൂരു: ഗോവയിൽനിന്ന് വാങ്ങിയ പ്രത്യേകം രൂപകൽപന ചെയ്ത 3.53 ലക്ഷം രൂപ വിലയുള്ള ബോട്ട് ഉപയോഗിച്ച് കുക്കരഹള്ളി തടാകം വൃത്തിയാക്കുമെന്ന് മൈസൂർ സർവകലാശാല (യു.ഒ.എം). മലിനീകരണവും ദുർഗന്ധവും ജലജീവികൾ ചത്തൊടുങ്ങുന്നതും കണക്കിലെടുത്ത് തടാകം സംരക്ഷിക്കണമെന്ന് മൈസൂരിലെ പൗരസംഘടനകളും പരിസ്ഥിതി സംഘടനകളും സർവകലാശാലയോട് നിരന്തരം ആവശ്യപ്പെട്ടുവരുകയായിരുന്നു. ഇവരുടെ അഭ്യർഥന മുൻനിർത്തി തടാകത്തിന്റെ സംരക്ഷണം ലക്ഷ്യമിട്ട് നിരവധി പദ്ധതികൾ സർവകലാശാല തയാറാക്കിയിട്ടുണ്ട്.
മൈസൂരു പൈതൃകത്തിന്റെ സുപ്രധാന ഭാഗമായ തടാകം കാൽനടയാത്രക്കാർക്കും പ്രകൃതിസ്‌നേഹികൾക്കും ഒരുപോലെ പ്രിയങ്കരമാണ്. മാലിന്യം തടാകത്തിന്റെ ഭംഗിക്ക് മങ്ങലേൽപിച്ചതോടെ ദുർഗന്ധംമൂലം സന്ദർശകർക്ക് നടക്കാൻ കഴിയാത്ത സ്ഥിതിവിശേഷം വന്നു.
മൈസൂർ സർവകലാശാലയുടെ നേതൃത്വത്തിൽ നവീകരണ പ്രവർത്തങ്ങൾ നടത്തിയെങ്കിലും പൂർത്തിയാക്കാൻ സാധിച്ചില്ല. തുടർന്ന് രജിസ്ട്രാർ എം.കെ. സവിതയുടെ നേതൃത്വത്തിൽ ശുചീകരണം നടപ്പാക്കാൻ സർവകലാശാല തീരുമാനിക്കുകയായിരുന്നു.
വരുണ തടാകത്തിലെ ജല കായിക വിനോദങ്ങൾക്കും സംരക്ഷണ സംരംഭങ്ങൾക്കും പേരുകേട്ട ഔട്ട്ബാക്ക് അഡ്വഞ്ചേഴ്സിന്റെ ചീഫ് അബ്ദുൽ അലീമുമായി സവിത ചർച്ച നടത്തി. തുടർന്ന് മൈസൂർ സർവകലാശാല തടാകത്തിലൂടെ സഞ്ചരിക്കാനും മാലിന്യം കാര്യക്ഷമമായി നീക്കം ചെയ്യാനും കഴിവുള്ള ഹൈടെക് ബോട്ട് വാങ്ങാൻ തീരുമാനിക്കുകയായിരുന്നു. ഗോവയിൽനിന്ന് ബുക്ക് ചെയ്ത ബോട്ട് ഏതാനും ദിവസത്തിനുള്ളിൽ മൈസൂരുവിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
പൊങ്ങിക്കിടക്കുന്ന മാലിന്യം ശേഖരിച്ച് തടാകത്തിന് പുറത്തേക്ക് കൊണ്ടുപോകുന്ന രീതിയിലാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്. വിവിധ ശുചീകരണ പ്രവർത്തനങ്ങൾക്ക് അനുസരിച്ച് വേഗം ക്രമീകരിക്കാം. തടാകം വൃത്തിയാക്കുന്നതിന് തന്റെ ടീം പൂർണ പിന്തുണ നൽകുമെന്ന് അലീം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

