കൊടും കുറ്റവാളി ഹേമന്ത് പൂജാരി വിദേശത്ത് അറസ്റ്റിൽ
text_fieldsമംഗളൂരു: ഇന്റർപോളും ഇന്ത്യയുടെ ബാഹ്യ രഹസ്യാന്വേഷണ ഏജൻസിയായ റിസർച്ച് ആൻഡ് അനാലിസിസ് വിംഗും (റോ) സംയുക്തമായി നടത്തിയ ഓപറേഷനിൽ ഉഡുപ്പിയിലെ അധോലോക കുറ്റവാളി ഹേമന്ത് പൂജാരിയെ വിദേശത്ത് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.
മലേഷ്യയിലോ മ്യാൻമറിലോ അറസ്റ്റ് നടന്നതായാണ് വിവരം. ഉഡുപ്പി ബിസിനസുകാരനായ ഡേവിഡ് ഡിസൂസയുടെ കൊലപാതകം, കർണാടകയിലും മഹാരാഷ്ട്രയിലും നടന്ന നിരവധി കൊലപാതക കേസുകൾ, ആക്രമണങ്ങൾ, പിടിച്ചുപറിയുമായി ബന്ധപ്പെട്ട ഭീഷണികൾ എന്നിവയുൾപ്പെടെ 25ലധികം ഗുരുതരമായ ക്രിമിനൽ കേസുകളിൽ പൂജാരി പ്രതിയായിരുന്നു. മേഖലയിലെ ഏറ്റവും കൂടുതൽ തിരയുന്ന കുറ്റവാളികളിൽ ഒരാളാണ്.
മഹാരാഷ്ട്രയിലാണ് ജനിച്ചതെങ്കിലും പൂജാരിയുടെ മാതാപിതാക്കൾ ഉഡുപ്പി ജില്ലയിലെ എർമലിൽനിന്നുള്ളവരാണ്. ഉഡുപ്പിയിലാണ് കുടുംബ വേരുകൾ. മുംബൈയിൽ, പൂജാരി തുടക്കത്തിൽ അധോലോക നായകൻ ഛോട്ടാ രാജന്റെ സംഘത്തിലെ അംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നു.
തുടർന്ന് വെടിവെപ്പുകാരനും കൊള്ളക്കാരനുമായി. 1999ൽ മുംബൈയിലെ ഖാർ പ്രദേശത്ത് ബിൽഡർ ഷൗക്കത്ത് സർക്കാരിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് കുപ്രസിദ്ധനായത്. പിന്നീട് അദ്ദേഹം ഛോട്ടാ രാജന്റെ അടുത്ത വൃത്തത്തിൽ ചേർന്നു.
2002-ൽ പൂജാരി ഛോട്ടാ രാജൻ സംഘത്തിൽനിന്ന് വേർപിരിഞ്ഞ് കർണാടകയിലും മഹാരാഷ്ട്രയിലും പ്രവർത്തിക്കുന്ന സ്വന്തം ക്രിമിനൽ ശൃംഖല സ്ഥാപിച്ചു. 2001 ഡിസംബർ 21-ന് മുംബൈയിലെ ഹോട്ടൽ ബിസിനസുകാരനായ രത്നാകർ ഷെട്ടിയുടെ കൊലപാതകം; 2001 ഏപ്രിൽ നാലിന് ഹോട്ടൽ ഉടമ മുഹമ്മദ് ഷാഫി, 2001 മേയ് നാലിന് ഹോട്ടൽ ഉടമ ജയ ഷെട്ടി, ബോംബ് സ്ഫോടനക്കേസിലെ പ്രതി അക്ബർ ഖാൻ, പൂക്കച്ചവടക്കാരനായ സുനിൽ സോഹൻസ് എന്നിവയുൾപ്പെടെ നിരവധി ഉന്നതരുടെ കൊലപാതകങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നു.

