അധികൃതർ കർമപഥത്തിലെന്ന് ആഭ്യന്തരമന്ത്രി; വിമർശന ശരവുമായി പ്രതിപക്ഷം
text_fieldsവെള്ളക്കെട്ടിലായ ഹൊരമാവ് സായി ലേഔട്ടിന്റെ ദൃശ്യം
ബംഗളൂരു: തുടർച്ചയായി പെയ്യുന്ന കനത്ത മഴ ബംഗളൂരുവിൽ വൻ കെടുതികൾ വിതക്കുമ്പോൾ സാധ്യമാവുന്ന പരിഹാര ശ്രമങ്ങളിൽ വ്യാപൃതമാണ് ഭരണ സംവിധാനങ്ങൾ. അതേസമയം, കെടുതിക്കിടയിലും പ്രതിപക്ഷം രൂക്ഷവിമർശനവുമായി സർക്കാറിനെതിരെ രംഗത്തെത്തി.
പൗരപ്രശ്നങ്ങളും നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളും കോൺഗ്രസ് സർക്കാർ അവഗണിക്കുകയാണെന്ന് കർണാടക ബി.ജെ.പി ജനറൽ സെക്രട്ടറി വി. സുനിൽ കുമാർ കുറ്റപ്പെടുത്തി. ഒരു ആഴ്ച മുമ്പ് കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പ്രവചിച്ചിരുന്നെങ്കിലും മൺസൂണുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യം നേരിടാൻ ഒരു ശ്രമവും നടത്തിയില്ലെന്നും നഗരത്തിലെ മഴക്കെടുതിക്ക് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് നേരിട്ട് ഉത്തരവാദി എന്നും ബി.ജെ.പി വക്താവ് അശ്വത് നാരായൺ ഗൗഡ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
കനത്ത മഴയിൽ സിൽക്ക് ബോർഡ് മേഖലയിൽ വെള്ളം കയറിയപ്പോൾ വീട്ടുസാധനങ്ങൾ മാറ്റുന്ന കുടുംബം
മഴക്കാലത്ത് ഐ.ടി തലസ്ഥാനം നേരിടുന്ന ദുരിതങ്ങൾ പുതിയതല്ലെന്നും ദീർഘകാല പരിഹാരത്തിലൂടെ അവ പരിഹരിക്കാൻ സർക്കാർ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ടെന്നും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ പ്രതികരിച്ചു. ‘‘ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ഞാൻ നിരന്തരം ബന്ധപ്പെട്ടിട്ടുണ്ട്, സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വെല്ലുവിളികളെ നേരിടുന്നതിനും ദുരിതാശ്വാസം ഉറപ്പാക്കുന്നതിനും 24 മണിക്കൂറും പ്രവർത്തിക്കുന്നു.
ബി.ബി.എം.പി വാർ റൂമും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളും നേരിട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും. ഇന്ന് നമ്മൾ നേരിടുന്ന പ്രശ്നങ്ങൾ പുതിയതല്ല. വർഷങ്ങളായി, സർക്കാറുകളിലും ഭരണകൂടങ്ങളിലും അവ അവഗണിക്കപ്പെട്ടു. അവ പരിഹരിക്കാൻ ഞങ്ങൾ പ്രവർത്തിക്കുന്നു എന്നതാണ് ഇപ്പോഴുള്ള ഒരേയൊരു വ്യത്യാസം.
താൽക്കാലിക പരിഹാരങ്ങളല്ല, മറിച്ച്, ദീർഘകാല, സുസ്ഥിര പരിഹാരങ്ങാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരു ജനതക്കൊപ്പം നിൽക്കുമെന്ന് ശിവകുമാർ ആവർത്തിച്ചു. ‘‘എന്റെ സഹ ബംഗളൂരുവുകാരോട് - ഞാൻ നിങ്ങളിൽ ഒരാളാണ്.
നിങ്ങളുടെ ആശങ്കകൾ ഞാൻ മനസ്സിലാക്കുന്നു, നിങ്ങളുടെ നിരാശ ഞാൻ പങ്കിടുന്നു, അവ പരിഹരിക്കുന്നതിനുള്ള എന്റെ പ്രതിബദ്ധത ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. ഞാൻ നിങ്ങളോടൊപ്പമുണ്ട്’’ - ഉപമുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

