കനത്ത മഴ; വടക്കൻ കർണാടക മേഖലയിൽ പ്രളയക്കെടുതി
text_fieldsബംഗളൂരു: വടക്കൻ കർണാടകയിലെ ജില്ലകളിൽ കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴ പ്രളയക്കെടുതി തീർത്തു. വിജയപുര, ബെളഗാവി, കലബുറഗി ജില്ലകളിലാണ് നാശനഷ്ടം കൂടുതൽ. നദികൾ കരകവിഞ്ഞൊഴുകിയതോടെ നിരവധി ഗ്രാമങ്ങൾ വെള്ളക്കെട്ടിലമർന്നു. ഇതോടെ ജനജീവിതം ദുസ്സഹമായി. അയൽ സംസ്ഥാനമായ മഹാരാഷ്ട്രയിലും കനത്ത മഴ തുടരുന്നതിനാൽ കൃഷ്ണ, ഭീമാ നദീതടങ്ങളിൽ പ്രളയസാഹചര്യമാണുള്ളത്.
ഭീമാനദി കരകവിഞ്ഞൊഴുകിയതോടെ വിജയപുര ജില്ലയിലെ ദേവനഗാവ്, തവറകേഡ്, ബ്യാദഗിഹാൽ, കുമാസഗി, ഷെംബേവാദ്, കട്ലേവാദ്, ഷിറസിഗി തുടങ്ങിയ ഗ്രാമങ്ങൾ മുഴുവൻ വെള്ളത്തിൽ മുങ്ങി. വീടുകളിലും പരിസരങ്ങളിലും വെള്ളം കയറുകയും കുടുംബങ്ങളെ അടിയന്തരമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തു. തവറകേഡ്, കുമാസഗി, താരാപൂർ എന്നീ ഗ്രാമങ്ങളിൽ രക്ഷാകേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. അൽമേൽ താലൂക്കിലെ കുമാസഗി ഗ്രാമത്തിൽ 30-ലധികം വീടുകൾ പൂർണമായി മുങ്ങിയിട്ടുണ്ട്. ഭക്ഷ്യധാന്യങ്ങളും വീട്ടുപകരണങ്ങളും ഒഴുക്കിൽ നഷ്ടപ്പെട്ടു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കുടുംബങ്ങളെ മാറ്റിയിരിക്കുകയാണ്. തവറകേഡിൽ ഭീമാനദി വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ എട്ടുപേരെ സിൻദാഗി അഗ്നിശമനസേന രക്ഷപ്പെടുത്തി.
ബെളഗാവിയിൽ ബൈലഹോംഗൽ താലൂക്കിലും ജനജീവിതം ദുരിതമയമായി. ഹുദേദ് ബാവി, ഹാരളയ കോളനി എന്നിവിടങ്ങളിൽ വെള്ളം വീടുകളിലേക്ക് കയറി. ഗ്രാമപ്രദേശങ്ങളിലും സ്ഥിതി വഷളാണ്. ബൈലവാഡ ഗ്രാമത്തിന് സമീപം അരുവി കരകവിഞ്ഞതിനാൽ നേസർജി-ബൈലഹോംഗൽ റോഡ് തടസ്സപ്പെട്ടു. അതുപോലെ ഹോസൂരിന് സമീപം ഒഴുകിയെത്തിയ വെള്ളം ബൈലഹോംഗൽ-മുനാവള്ളി പ്രധാനപാത തടഞ്ഞു. വാഹനങ്ങൾ കുടുങ്ങി, യാത്രക്കാർ വഴിതിരിച്ചാണ് ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നത്. കൃഷിയിടങ്ങൾ വെള്ളത്തിലായതിലായതോടെ വിളനാശ ഭീഷണിയിലാണ് കർഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

