ചിക്കമഗളൂരുവിൽ കനത്തമഴ; ഒരു മരണം
text_fieldsചിക്കമഗളൂരുവിൽ അപകടത്തിൽപെട്ട കാർ
ബംഗളൂരു: ചിക്കമഗളൂരുവിൽ കനത്ത മഴയും കാറ്റും നാശനഷ്ടം വിതച്ചു. തുംഗ, ഭദ്ര, ഹേമാവതി നദികൾ നിറഞ്ഞൊഴുകുകയാണ്. റോഡുകളിൽ വെള്ളക്കെട്ടുയർന്നും വീടുകളിൽ വെള്ളം കയറിയും ജനജീവിതം ദുസ്സഹമായി. ചിക്കമഗളൂരുവിലെ കൊപ്പ ജയപുരയിൽ ഓട്ടോക്ക് മുകളിൽ മരം വീണ് ഡ്രൈവറായ രത്നാകർ (38) മരിച്ചു.
കനത്തമഴയെ തുടർന്ന് വെള്ളക്കെട്ടുയർന്ന ചിക്കമഗളൂരുവിലെ മുദിഗരെ ചക്കമക്കി വില്ലേജിൽ വിനോദയാത്ര സംഘം സഞ്ചരിച്ച കാർ തോട്ടിലേക്ക് മറിഞ്ഞു. കനത്ത കാറ്റിലും വെള്ളക്കെട്ടിലും റോഡിൽനിന്ന് നിയന്ത്രണംവിട്ട് കാർ തെന്നി തോട്ടിലേക്ക് വീഴുകയായിരുന്നു.
സാമൂഹിക പ്രവർത്തകനായ ആരിഫിന്റെ നേതൃത്വത്തിൽ നടത്തിയ രക്ഷാ പ്രവർത്തനത്തിൽ കാർ പുറത്തെടുത്തു. കാറിലുണ്ടായിരുന്ന യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി. ബനകൽ പൊലീസ് കേസെടുത്തു.
ചിക്കമഗളൂരുവിൽ കനത്ത കാറ്റിൽ മരങ്ങൾ വീണ് വൈദ്യുതി ലൈനുകൾ തകരാറിലായതോടെ നിരവധി വില്ലേജുകളിൽ വൈദ്യുതി നിലച്ചു. ഞായറാഴ്ച മാത്രം 35 വൈദ്യുതിത്തൂണുകൾ നിലംപൊത്തി. മേഖലയിൽ കഴിഞ്ഞ ബുധനാഴ്ച മുതൽ തുടർച്ചയായി മഴ ലഭിച്ചുവരുകയാണ്.
ചിക്കമഗളൂരുവിനെയും ദക്ഷിണ കന്നടയെയും ബന്ധിപ്പിക്കുന്ന പ്രധാന ചുരം പാതയായ ചർമാടി ചുരത്തിൽ ശനിയാഴ്ച വൈകീട്ടും ഞായറാഴ്ച രാവിലെയുമായി 206 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. ചുരത്തിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

