ബംഗളൂരുവിൽ കനത്ത മഴ,വെള്ളക്കെട്ട്; ഒരു മരണം
text_fieldsഹൊരമാവിലെ സായ് ലേഔട്ടിൽനിന്ന് ജനങ്ങളെ മാറ്റുന്നു
ബംഗളൂരു: തിങ്കളാഴ്ച പുലർച്ചെ ബംഗളൂരു നഗരത്തിൽ തിമിർത്തുപെയ്ത മഴയിൽ പലയിടങ്ങളിലും വൻ നാശനഷ്ടം. മഹാദേവപുരയിൽ മഴയിൽ മതിൽ തകർന്ന് യുവതി മരിച്ചു. ഐ-സെഡ് എന്ന കമ്പനിയിലെ ശുചീകരണ തൊഴിലാളിയായ മഹാദേവപുര സ്വദേശി ശശികലയാണ് (35) മരിച്ചത്. രാവിലെ ഏഴോടെ ജോലിസ്ഥലത്തേക്ക് പോകവെ ശശികലയുടെ ദേഹത്തേക്ക് മതില് ഇടിഞ്ഞു വീഴുകയായിരുന്നു.
പുലർച്ചെ പെയ്ത മഴയില്‍ കുതിര്‍ന്ന് നില്‍ക്കുകയായിരുന്ന മതില് പെട്ടെന്ന് തകര്‍ന്ന് വീഴുകയായിരുന്നു. യുവതിക്ക് രണ്ടു മക്കളുണ്ട്. മൺസൂണിന് മുന്നോടിയായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി വൈകീട്ടും രാത്രിയുമായി തുടരുന്ന മഴ തിങ്കളാഴ്ച പുലർച്ചെ ശക്തമാവുകയായിരുന്നു.
ബംഗളൂരു ഹൊരമാവിലെ സായ് ലേഔട്ടിൽ വെള്ളം കയറിയപ്പോൾ
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബംഗളൂരു നഗരത്തിൽ ഏകദേശം 103 മില്ലിമീറ്റർ മഴ ലഭിച്ചു. ഞായറാഴ്ച രാത്രി 10നും തിങ്കളാഴ്ച രാവിലെ ആറിനുമിടയിൽ 66 മില്ലിമീറ്റർ മഴ ലഭിച്ചതായി ബി.ബി.എം.പി അറിയിച്ചു. കെങ്കേരിയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്; 132 മില്ലിമീറ്റർ. കുറവ് ഗൊട്ടിഗരെയിലും; 32 മില്ലിമീറ്റർ. വരുംദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ശാന്തിനഗറിലെ ചിൽഡ്രൻസ് പാർക്കിൽ വെള്ളം കയറിയപ്പോൾ
നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലും വെള്ളം കയറിയതോടെ ഗതാഗതം സ്തംഭിച്ചു. പലയിടത്തും വീടുകളിൽ വെള്ളം കയറിയതോടെ ജനജീവിതം ദുസ്സഹമായി. അഴുക്കും ചളിയും വെള്ളക്കെട്ടിനൊപ്പം വീടുകളിലെത്തി. വെള്ളക്കെട്ടിന് പുറമെ, മരങ്ങൾ കടപുഴകിയതോടെ മിക്ക റോഡുകളിലും തിങ്കളാഴ്ച രാവിലെ ഗതാഗതം നിലച്ചു.
സായി ലേഔട്ട്, കോറമംഗല, ഈജിപുര, ചാമരാജ് പേട്ട്, ശിവാജി നഗർ, നാഗ്വാര, ബക്ഷി ഗാർഡൻ, ജയ്ഭീം നഗർ, ജോളി മൊഹല്ല, സുധാമ നഗർ, ശാന്തി നഗർ, മാന്യത ടെക് പാർക്ക്, മാറത്തഹള്ളി, ചിന്നപ്പനഹള്ളി, പാണത്തൂർ, ഇബ്ലൂർ ജങ്ഷൻ, കെങ്കേരി, മൈസൂർ റോഡ്, ബൈര സാന്ദ്ര, എച്ച്.ബി.ആർ ലേഔട്ട്, കെംപഗൗഡ റോഡ്, കാമരാജ് നഗർ, ബൊമ്മനഹള്ളി, എച്ച്.എസ്.ആർ ലേഔട്ട്, ബന്നാർഘട്ട റോഡ്, യെലച്ചനഹള്ളി, മടിവാള, അഗാര, ബെലന്തൂർ, യെലഹങ്ക, രാജാജി നഗർ, ദാസറഹള്ളി, കെ.ജി ഹള്ളി, മെദരഹള്ളി, വിദ്യാനഗർ, കോനപ്പന അഗ്രഹാര തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വെള്ളം കയറി.
മഹാദേവ പുര സോണിലെ ഹൊരമാവിലെ സായി ലേഔട്ട് മുഴുവൻ വെള്ളത്തിലായി. ഇവിടെനിന്ന് രക്ഷാപ്രവർത്തകർ ബോട്ടുകളിലും ട്രാക്ടറുകളിലും എക്സ്കവേറ്ററുകളിലുമായി കുടുംബങ്ങളെ മാറ്റി. കെട്ടിടങ്ങളുടെ പാർക്കിങ് ഏരിയയിലടക്കം വെള്ളം കയറിയതോടെ നിരവധി വാഹനങ്ങളും വെള്ളത്തിൽ മുങ്ങി.
കഴിഞ്ഞ ദിവസം പെയ്ത മഴയിൽ കോറമംഗലയിൽ കെട്ടിടത്തിന്റെ പാർക്കിങ് ഏരിയയിൽ വെള്ളം കയറിയപ്പോൾ
നഗരമധ്യത്തിൽനിന്ന് ഇലക്ട്രോണിക് സിറ്റി മേഖലയിലേക്കുള്ള പ്രധാന ജങ്ഷനായ സിൽക്ക് ബോർഡ് ജങ്ഷൻ പൂർണമായും വെള്ളത്തിൽ മുങ്ങി. കെങ്കേരിയിൽ വൃഷഭവതി നദി കരകവിഞ്ഞൊഴുകി. യെലഹങ്ക മേഖലയിലെ എല്ലാ തടാകങ്ങളും നിറഞ്ഞൊഴുകി.
27 ഇടങ്ങളിൽ മരം കടപുഴകിയതായാണ് ബി.ബി.എം.പി റിപ്പോർട്ട്. 41 ഇടങ്ങളിൽ മരക്കൊമ്പുകൾ മുറിഞ്ഞുവീണു. ഇവ മുറിച്ചുമാറ്റാൻ ബി.ബി.എം.പി 30 സംഘങ്ങളെ നിയോഗിച്ചു.
ഹെൽപ് ലൈൻ
ബംഗളൂരു: മഴക്കെടുതിയിൽ പെടുന്നവർക്ക് സഹായത്തിനായി ബി.ബി.എം.പിക്ക് കീഴിൽ ഓരോ സോണിലും കൺട്രോൾ റൂമുകൾ തുറന്നു. സഹായം ആവശ്യമുള്ളവർ 1533 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ബി.ബി.എം.പി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

