കനത്ത മഴ; മുൻകരുതൽ നടപടികൾക്ക് മന്ത്രി ഉത്തരവിട്ടു
text_fieldsബംഗളൂരു: അടുത്ത രണ്ടോ മൂന്നോ ദിവസങ്ങളിൽ നഗരത്തിൽ കനത്ത മഴ പ്രതീക്ഷിക്കുന്നതിനാൽ മഴയുമായി ബന്ധപ്പെട്ട അപകടങ്ങൾ തടയുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ബംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ചീഫ് കമീഷണർ മഹേശ്വര് റാവു, അഞ്ച് മുനിസിപ്പൽ കോർപറേഷനുകളിലെയും കമീഷണർമാർ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി നടത്തിയ വെർച്വൽ മീറ്റിംഗിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർണാടക സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇത് സംബന്ധിച്ച ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ബംഗളൂരുവിന്റെ പടിഞ്ഞാറൻ, വടക്കൻ ഭാഗങ്ങളിൽ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ഗൗഡ പറഞ്ഞു.
അതിനാൽ പ്രഹാരി വാഹന സംഘങ്ങൾ നഗരത്തിലുടനീളം പതിവായി പരിശോധന നടത്തണം. ആവശ്യമുള്ളിടത്തെല്ലാം അടിയന്തര സഹായം നൽകണം. നഗരസഭ അധികാരികളാണ് 24x7 മൊബൈൽ എൻഫോഴ്സ്മെന്റ് യൂനിറ്റുകളായ പ്രഹരി ടീമുകളെ നിയന്ത്രിക്കുന്നത്. മഴക്കാലത്ത് കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും നഗരത്തിന്റെ ഏത് ഭാഗത്തുനിന്നും ലഭിക്കുന്ന പരാതികൾക്കും ഉടനടി മറുപടി നൽകണമെന്നും ഗൗഡ നിർദേശിച്ചു.
വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ അടിഞ്ഞുകൂടിയ വെള്ളം പുറത്തേക്ക് ഒഴുക്കിവിടാൻ പമ്പിങ് ഉപകരണങ്ങളും മോട്ടോറുകളും തയ്യാറാക്കി വക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വീണ മരങ്ങൾ മുറിച്ചുമാറ്റുന്നതിനും മഴയുമായി ബന്ധപ്പെട്ട മറ്റ് അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനും ആവശ്യമായ ആളുകളുടെയുംഎക്സ്കവേറ്ററുകളുടെയും ലഭ്യത മുൻകൂട്ടി ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജി.ബി.എ അധികാരപരിധിയിലുടനീളമുള്ള എൻജിനീയർമാരും ഫയർ ആൻഡ് എമർജൻസി സർവിസസും ഏത് സാഹചര്യത്തെയും നേരിടാൻ പൂർണമായും സജ്ജരായിരിക്കണമെന്നും മന്ത്രി ഗൗഡ ഉദ്യോഗസ്ഥരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

