ഉഷ്ണതരംഗം; കര്‍ണാടകയിലെ 18 ജില്ലകളില്‍ താപനില 40 ഡിഗ്രിക്ക് മുകളില്‍
text_fieldsബംഗളൂരു: ഉഷ്ണതരംഗംമൂലം സംസ്ഥാനത്തെ 18 ജില്ലകളില്‍ താപനില വര്‍ധിച്ചു. കര്‍ണാടകയുടെ വടക്ക്, തെക്ക് പ്രദേശങ്ങളിലും മലനാട്, തീരപ്രദേശങ്ങളിലും താപനില 40 ഡിഗ്രിക്ക് മുകളില്‍ രേഖപ്പെടുത്തി. എട്ടുവര്‍ഷത്തെ കൂടിയ താപനില 42.7 ഡിഗ്രി സെല്‍ഷ്യസ് റായ്ച്ചൂരില്‍ രേഖപ്പെടുത്തി. ബാഗല്‍ക്കോട്ട്, റായ്ച്ചൂര്‍, ബിദര്‍, വിജയപുര എന്നിവിടങ്ങളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നോര്‍ത്ത് കര്‍ണാടകയിലെ 13 ജില്ലകളിലും തുമകുരു, ചിത്ര ദുര്‍ഗ, ശിവമൊഗ്ഗ, ചിക്കമഗളൂരു, ഉത്തര കന്നട എന്നിവിടങ്ങളിലെ കൂടിയ താപനില 40 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 42.7 ഡിഗ്രി സെല്‍ഷ്യസ് വരെയും കുറഞ്ഞ താപനില 16 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 25 ഡിഗ്രി സെല്‍ഷ്യസുമായി രേഖപ്പെടുത്തി. 2017, 2018, 2019 വര്‍ഷങ്ങളില്‍ യഥാക്രമം 40.3 ഡിഗ്രി സെല്‍ഷ്യസ്, 40.4 ഡിഗ്രി സെല്‍ഷ്യസ്, 40.8 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെയാണ് താപനിലയില്‍ വര്‍ധനയുണ്ടായത്. 2020 ല്‍ 37.8 ഡിഗ്രി സെല്‍ഷ്യസ്, 2021 ല്‍ 39.6 ഡിഗ്രി സെല്‍ഷ്യസ്, 2022 ല്‍ 39.3 ഡിഗ്രി സെല്‍ഷ്യസ്, 2023 ല്‍ 40.9, 2024 ല്‍ 42.1 ഡിഗ്രി സെല്‍ഷ്യസുമാണ് താപനില രേഖപ്പെടുത്തിയത്.
മൈസൂരു, ഹസന്, കുടക് എന്നിവിടങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്നും അടുത്ത നാല് ദിവസങ്ങളില്‍ സംസ്ഥാനത്തെ തുമകുരു, വിജയനഗര, ശിവമൊഗ്ഗ, കോലാര്‍, മാണ്ഡ്യ, ദാവൻകരെ, ചിത്രദുര്‍ഗ, ചിക്കമഗളൂരു, ചിക്കബല്ലാപുര, ചാമരാജ് നഗര്‍, ബംഗളൂരു റൂറല്‍, ബംഗളൂരു അര്‍ബന്‍, കൊപ്പാല്‍ , ഗദഗ്, ധാര്‍വാഡ്, ബെളഗാവി, ഉത്തര കന്നട, ഉഡുപ്പി എന്നിവിടങ്ങളില്‍ വരണ്ട കാലാവസ്ഥ തുടരും. ബുധൻ, വ്യാഴം ദിവസങ്ങളില്‍ ഉത്തര കര്‍ണാടകയില്‍ ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ടെന്നും അടുത്ത രണ്ടു ദിവസങ്ങളില്‍ താപനില 36 മുതല്‍ 38 വരെ ഡിഗ്രി കൂടുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വാര്‍ത്തക്കുറിപ്പില്‍ പറയുന്നു.
മാര്‍ച്ച് അവസാനം താപനില 39 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. താപനില വര്‍ധിച്ച സാഹചര്യത്തില്‍ സർക്കാർ ഓഫിസുകളില്‍ ജോലി സമയത്തില്‍ മാറ്റം വരുത്തി. ഉദ്യോഗസ്ഥര്‍ ഫീല്‍ഡ് സന്ദര്‍ശനം രാവിലെയോ വൈകീട്ടോ നടത്താനാണ് നിർദേശം. ഉച്ചക്ക് 12 മുതല്‍ വൈകീട്ട് മൂന്നു വരെ ഉദ്യോഗസ്ഥർ ഫീൽഡ് സന്ദർശനം നടത്തേണ്ടതില്ലെന്നും പുറത്തിറങ്ങുന്ന ജനങ്ങള്‍ മുന്‍കരുതല്‍ എടുക്കണമെന്നും ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു.
സ്കൂളുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ മുന്‍കരുതല്‍ നടപടി സ്വീകരിക്കണം. വിദ്യാര്‍ഥികള്‍ നന്നായി ഭക്ഷണം കഴിക്കുകയും ജലാംശം ശരീരത്തില്‍ നിലനിര്‍ത്തുകയും നിര്‍ജലീകരണം തടയുകയും ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉച്ചക്ക് 12നും മൂന്നിനുമിടയിൽ പുറത്തിറങ്ങാതിരിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക, പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക, പുറത്തിറങ്ങുമ്പോള്‍ സണ്‍ ഗ്ലാസ്, കുട, ചെരിപ്പ് എന്നിവ ധരിക്കുക, തലകറക്കമോ മറ്റ് അസുഖങ്ങളോ തോന്നുകയാണെങ്കില്‍ ഉടന്‍ ഡോക്ടറെ കാണിക്കുക, കഞ്ഞിവെള്ളം, ലസ്സി, നാരങ്ങ വെള്ളം, സംഭാരം എന്നിവ കുടിക്കുക. കൂടാതെ വളര്‍ത്തുമൃഗങ്ങള്‍ക്ക് ധാരാളം വെള്ളം കുടിക്കാന്‍ നല്‍കുകയും തണലുള്ള സ്ഥലങ്ങളില്‍ വളര്‍ത്തുകയും ചെയ്യുക.
കര്‍ഷകര്‍ തൊപ്പിയോ കുടയോ തോര്‍ത്തുമുണ്ടോ കൃഷിസ്ഥലങ്ങളില്‍ ഉപയോഗിക്കുക. യാത്രക്കാര്‍ യാത്രയില്‍ ധാരാളം വെള്ളം, സംഭാരം എന്നിവ കൈയില്‍ കരുതുക എന്നിവ മുന്‍കരുതല്‍ നടപടിയായി ജനങ്ങള്‍ സ്വീകരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

