വടക്കൻ കർണാടകയിലും തീരദേശങ്ങളിലും ഉഷ്ണതരംഗത്തിന് സാധ്യത
text_fieldsബംഗളൂരു: അടുത്ത രണ്ടു ദിവസങ്ങളില്‍ കർണാടകയുടെ തീരപ്രദേശങ്ങളിലും വടക്കൻ കർണാടകയിലും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ റിപ്പോർട്ട്. മാണ്ഡ്യ, മൈസൂരു, ചാമരാജ് നഗര്‍, കുടക്, ഹാസന്, ചിക്കബെല്ലാപുര, തുമകൂരു, രാമനഗര എന്നിവിടങ്ങളില്‍ നേരിയ മഴക്ക് സാധ്യതയുണ്ട്. ആകാശം മേഘാവൃതമായിരിക്കും.
കൂടിയ താപനില 34 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 20 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. കര്‍ണാടകയുടെ മിക്ക പ്രദേശങ്ങളിലും സാധാരണ കാലാവസ്ഥയില്‍ വർധനയുണ്ടാവുമെന്നും ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിലും രാത്രി കാലങ്ങളില്‍ താപനില ഉയരുമെന്നും കലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.തീരദേശങ്ങളില്‍ താമസിക്കുന്നവര്‍ ആയാസകരമായ പ്രവൃത്തികളില്‍ ഏര്‍പ്പെടരുതെന്നും ഉച്ചക്ക് 12നും വൈകീട്ട് മൂന്നിനുമിടയില്‍ പുറത്തിറങ്ങി നടക്കരുതെന്നും മുന്നറിയിപ്പ് നൽകി.
ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുകയും അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യുക, വീട്ടില്‍ ആവശ്യത്തിന് വായുസഞ്ചാരം ഉറപ്പുവരുത്തുക എന്നിവ ശ്രദ്ധിക്കണമെന്നും ബംഗളൂരു കാലാവസ്ഥ നിരീക്ഷണ കേന്ദ്ര ഡയറക്ടര്‍ പൂവിയരശന്‍ പറഞ്ഞു.
വേനല്‍ ചൂടിന് ഇത്തിരി ആശ്വാസമായി ബംഗളൂരു നഗരത്തില്‍ കഴിഞ്ഞദിവസം വേനല്‍ മഴയെത്തിയിരുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ബംഗളൂരുവില്‍ മഴ കുറവാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നുവെങ്കിലും ഇത്തവണ 30 മുതല്‍ 40 വരെ ശതമാനം കൂടുതല്‍ മഴ ലഭിക്കുമെന്നും ‘ലാ നിന’ എന്ന പ്രതിഭാസമാണ് മഴക്ക് കാരണമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി. ഈ പ്രതിഭാസം തണുത്ത കാലാവസ്ഥ പ്രദാനം ചെയ്യുകയും മഴക്ക് കരണമാകുകയും ചെയ്യും.
ശാന്തി നഗര്‍, കോര്പറേഷന് സര്‍ക്ള്‍, റിച്ച് മണ്ട് റോഡ്, കെ.ആര് മാര്‍ക്കറ്റ്, മെജസ്റ്റിക്, ജയനഗര്‍, ബനശങ്കരി, ജെ.പി നഗര്‍ എന്നിവിടങ്ങളിലെല്ലാം കഴിഞ്ഞ ദിവസം മഴ ലഭിച്ചു. കലാവസ്ഥാ വകുപ്പിന്റെ കണക്ക് പ്രകാരം മഹാദേവപുരയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. ചില പ്രദേശങ്ങളില്‍ ചാറ്റല്‍ മഴക്കൊപ്പം കാറ്റുമുണ്ടായിരുന്നു. ആന്തമാന്‍-നികോബാര്‍ ദ്വീപിന് മുകളിലും ബംഗാള്‍ ഉല്ക്കടലിന് മുകളിലും രൂപപ്പെട്ട ചുഴലിക്കാറ്റുകളാണ് മഴക്ക് കാരണമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ബംഗളൂരു മേധാവി സി.എസ് പാട്ടീല്‍ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.