ഹാസൻ ജില്ലയിൽ ഹൃദയാഘാതം വർധിക്കുന്നു; അന്വേഷണത്തിന് മന്ത്രിയുടെ ഉത്തരവ്
text_fieldsബംഗളൂരു: ഹാസൻ ജില്ലയിൽ ഹൃദയാഘാത കേസുകളുടെ വർധന സംബന്ധിച്ച് വിദഗ്ധ പഠനം നടത്താൻ ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു ഉത്തരവിട്ടു. ജില്ലയിൽ മാസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 18 ഹൃദയാഘാത മരണങ്ങൾ ആരോഗ്യവകുപ്പ് ഗൗരവമായി എടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഹൃദയാഘാത വർധനയെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്കുലർ സയൻസസ് ആൻഡ് റിസർച്ച് ഡയറക്ടറുടെ നേതൃത്വത്തിൽ വിദഗ്ധരെക്കൊണ്ട് പഠനം നടത്താൻ വകുപ്പ് ഉദ്യോഗസ്ഥരോട് നിർദേശിച്ചിട്ടുണ്ട്. പെട്ടെന്നുള്ള ഹൃദയാഘാതം തടയുന്നതിനായി സംസ്ഥാന സർക്കാർ പുനീത് രാജ്കുമാർ ഹൃദയ ജ്യോതി യോജന നടപ്പാക്കിയിട്ടുണ്ട്.
എന്നാൽ, യുവാക്കൾക്കിടയിൽ അടുത്തിടെ വർധിച്ചുവരുന്ന ഹൃദയാഘാതത്തെക്കുറിച്ച് സമഗ്രമായ ഗവേഷണം ആവശ്യമാണ്. ജീവിതശൈലിയിൽ വരുന്ന മാറ്റങ്ങളും ഭക്ഷണക്രമവും പകർച്ചവ്യാധികളല്ലാത്ത രോഗങ്ങളും ഹൃദ്രോഗത്തിന് കാരണമാകുന്ന ഘടകങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും ഹാസനിലെ കേസുകൾ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നു. ഇതിന് പരിഹാരം കാണുന്നതിന് 10 ദിവസത്തിനുള്ളിൽ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഹൃദയ സംബന്ധമായ അസുഖങ്ങൾ നേരത്തേ കണ്ടെത്തൽ, അവബോധം, പ്രതിരോധ പരിചരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ശക്തമായ പരിപാടി വികസിപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത്തരത്തിൽ ഒന്നിലധികം ഹൃദയാഘാത കേസുകൾ ഉണ്ടാകുന്നതിന് പിന്നിലെ കാരണങ്ങൾ പരിശോധിക്കുന്നതിനായി ജയദേവ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. സി.എൻ. രവീന്ദ്രയുടെ നേതൃത്വത്തിൽ ഒരു വിദഗ്ധ സമിതി രൂപവത്കരിച്ചിട്ടുണ്ട്.
കോവിഡ്-19 വാക്സിനുകളേക്കാൾ പുകവലി, മദ്യപാനം, ഗുട്ട്ക (പുകയില ചവക്കൽ), പൊണ്ണത്തടി, സമ്മർദം തുടങ്ങിയ ജീവിതശൈലി ഘടകങ്ങളാണ് പ്രധാന പ്രേരകഘടകങ്ങളെന്ന് മന്ത്രി പറഞ്ഞു. ഈ കണ്ടെത്തലുകളുടെ ഫലമായി പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളെ ലക്ഷ്യംവെച്ചുകൊണ്ട് ജില്ല തല ഇ.സി.ജി, രക്തസമ്മർദ പരിശോധന ക്യാമ്പുകൾ ആരംഭിക്കാൻ റാവു ആരോഗ്യ വകുപ്പിന് നിർദേശം നൽകി.
സ്കൂളുകൾ, കോളജുകൾ, ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിൽ മെഡിക്കൽ ടെക്നീഷ്യൻമാരെ വിന്യസിക്കേണ്ടതിന്റെയും ബോധവത്കരണ പ്രചാരണങ്ങൾ സംഘടിപ്പിക്കേണ്ടതിന്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ആരോഗ്യ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഒരു ഉന്നതതല ടാസ്ക് ഫോഴ്സിന് കീഴിലാണ് ഈ നിർദേശങ്ങൾ നടപ്പാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

