സംസ്ഥാനത്ത് കോവിഡ് പൊസിറ്റിവ് കേസുകളിൽ നേരിയ വർധന; രോഗലക്ഷണങ്ങളുള്ളവർ കോവിഡ് ടെസ്റ്റിന് വിധേയരാകണമെന്ന് ആരോഗ്യ മന്ത്രി
text_fieldsമുഖ്യമന്ത്രിയും മകനും മാസ്ക് ധരിച്ച് പൊതു ചടങ്ങിൽ പങ്കെടുത്തപ്പോൾ
ബംഗളൂരു: കർണാടകയിൽ കോവിഡ് ലക്ഷണങ്ങളുള്ളവർ പരിശോധനക്ക് വിധേയമാകണമെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് പൊസിറ്റിവ് കേസുകളിൽ നേരിയ വർധന രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് നിർദേശം. നിലവിൽ കർണാടകയിൽ 35 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 32 പേരും ബംഗളൂരുവിലാണെന്ന് മന്ത്രി പറഞ്ഞു. എന്നാൽ ആശങ്കപ്പെടേണ്ടതില്ലെന്നും അസുഖബാധിതർ പരിഭ്രാന്തരാവേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ശ്വാസതടസ്സം നേരിടുന്നവർ, ഹൃദയസംബന്ധമായ ബുദ്ധിമുട്ട് അനുഭവപ്പെടുന്നവർ തുടങ്ങിയവർ നിർബന്ധമായും പരിശോധന നടത്തണം. വെള്ളിയാഴ്ച കോവിഡ് സാങ്കേതിക ഉപദേശക സമിതി യോഗം ചേർന്നതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ മന്ത്രിയുടെ നിർദേശം. അതേസമയം, മൈസൂരു നഗരത്തിലെ ഹിങ്കലിൽ ശനിയാഴ്ച ഇന്ദിര കാന്റീൻ ഉദ്ഘാടന ചടങ്ങിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും മകൻ ഡോ. യതീന്ദ്ര സിദ്ധരാമയ്യ എം.എൽ.സിയും മാസ്ക് ധരിച്ചാണ് വേദിയിലെത്തിയത്. ബംഗളൂരുവിലും ബെളഗാവിയിലും കോവിഡ് 19 കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുൻകരുതലെന്ന നിലയിൽ മുഖ്യമന്ത്രി മാസ്ക് ധരിച്ചത്. വീണ്ടും മാസ്ക് കാലം വരുന്നെന്ന സൂചനയായി പലരും ഇതിനെ സമൂഹ മാധ്യമങ്ങളിൽ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

