എച്ച്.ഡി. തിമ്മയ്യ കോൺഗ്രസിലേക്ക്
text_fieldsഎച്ച്.ഡി. തിമ്മയ്യ
ബംഗളൂരു: ചിക്കമകളൂരുവിൽ ബി.ജെ.പിയെ ഞെട്ടിച്ച് പാർട്ടി വിട്ട ജില്ല കൺവീനർ എച്ച്.ഡി. തിമ്മയ്യ കോൺഗ്രസിൽ ചേരാനൊരുങ്ങുന്നു. കോൺഗ്രസ് ടിക്കറ്റിൽ ചിക്കമകളൂരു മണ്ഡലത്തിൽനിന്ന് മത്സരിക്കാനുള്ള ആഗ്രഹം തിമ്മയ്യ പ്രകടിപ്പിച്ചുകഴിഞ്ഞു. ബി.ജെ.പി ജനറൽ സെക്രട്ടറി സി.ടി. രവിയുടെ അടുത്ത അനുയായി കൂടിയായ തിമ്മയ്യ നിയമസഭ ടിക്കറ്റുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ബി.ജെ.പി വിടുന്നത്. 18 വർഷം ചിക്കമകളൂരുവിൽ ബി.ജെ.പിക്കുവേണ്ടി പ്രവർത്തിച്ച തിമ്മയ്യയുടെ രാജി സി.ടി. രവിക്ക് വൻ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. ചിക്കമകളൂരു മുനിസിപ്പൽ കൗൺസിൽ മുൻ പ്രസിഡന്റ് കൂടിയാണ്.
ചിക്കമഗളൂരു മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയാവാനുള്ള ആഗ്രഹം തിമ്മയ്യ നേതാക്കളെ അറിയിച്ചിരുന്നു. എന്നാൽ, പാർട്ടിയിൽനിന്ന് അനുകൂല മറുപടി ലഭിക്കാതായതോടെ രാജിക്കത്ത് നൽകി.‘തികഞ്ഞ ഉത്തരവാദിത്തത്തോടെ പാർട്ടി ഏൽപിച്ച വിവിധ ചുമതലകൾ 2007 മുതൽ ഞാൻ നിർവഹിച്ചു പോരുന്നുണ്ട്. ഈയിടെയായി പാർട്ടിയിലെ സംഭവവികാസങ്ങൾ അസ്വസ്ഥനാക്കുന്നു. ആയതിനാൽ ജില്ല കൺവീനർ പദവിയും പാർട്ടി പ്രാഥമിക അംഗത്വവും ഒഴിയുന്നു. ഇത്രയും കാലം സഹകരണവും സഹായവും നൽകിയ ഭാരവാഹികൾ, ബോർഡ് ചെയർമാന്മാർ, അംഗങ്ങൾ, നേതാക്കൾ, സർവോപരി എന്നെ സ്നേഹിക്കുന്ന പ്രവർത്തകർ എല്ലാവർക്കും നന്ദി’ -രാജിക്കത്തിൽ പറയുന്നു.
കോൺഗ്രസിൽ ചേരുന്നതിനു മുന്നോടിയായി തിമ്മയ്യ കഴിഞ്ഞ ദിവസം ചിക്കമകളൂരുവിലെ ഹോട്ടലിൽ അനുയായികൾക്കൊപ്പം യോഗം ചേർന്നു. ലിംഗായത്ത് നേതാവുകൂടിയായ അദ്ദേഹത്തിന് പിന്തുണയുമായി ലിംഗായത്ത് പ്രാദേശിക നേതാക്കളും പ്രവർത്തകരുമായി ബി.ജെ.പിയിൽനിന്നുള്ള 500ലേറെ പേർ പങ്കെടുത്തു. ഞായറാഴ്ച നടക്കുന്ന ചടങ്ങിൽ തിമ്മയ്യ കോൺഗ്രസിൽ ചേരുമെന്നാണ് വിവരം. കോൺഗ്രസിൽ ചേരുന്നതിന് ഒരു നിബന്ധനയും വെച്ചിട്ടില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ആദ്യമായാണ് കോൺഗ്രസ് സർവേ നടത്തി നിയമസഭ തെരഞ്ഞെടുപ്പിനുള്ള ടിക്കറ്റ് നൽകാനൊരുങ്ങുന്നത്. ആരു ടിക്കറ്റ് നൽകിയാലും ഞാൻ അവർക്കൊപ്പം നിൽക്കുമെന്നും തിമ്മയ്യ നിലപാട് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

