എച്ച്.ഡി. ദേവഗൗഡക്ക് 92ാം പിറന്നാൾ
text_fieldsജെ.ഡി-എസ് ആസ്ഥാനമായ ജെ.പി ഭവനിൽ ഞായറാഴ്ച പ്രവർത്തകർക്കൊപ്പം കേക്ക് മുറിച്ച്
ദേവഗൗഡ ജന്മദിനം ആഘോഷിക്കുന്നു
ബംഗളൂരു: മുൻ പ്രധാനമന്ത്രിയും ജെ.ഡി-എസ് അധ്യക്ഷനും രാജ്യസഭ എം.പിയുമായ എച്ച്.ഡി. ദേവഗൗഡക്ക് 92 വയസ്സ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരടക്കമുള്ള നേതാക്കൾ ദേവഗൗഡക്ക് പിറന്നാൾ ആശംസ നേർന്നു. രാഷ്ട്രതന്ത്രജ്ഞതയോടുള്ള ദേവഗൗഡയുടെ സമീപനത്തെയും പൊതുസേവനത്തോടുള്ള അഭിനിവേശത്തെയും പ്രധാനമന്ത്രി പുകഴ്ത്തി. ദേവഗൗഡയുടെ വിവേകവും ഉൾക്കാഴ്ചയും പല സന്ദർഭങ്ങളിലും നിർണായകമായെന്ന് സൂചിപ്പിച്ച മോദി, ദേവഗൗഡക്ക് ആരോഗ്യപ്രദമായ ദീർഘ ജീവിതം നേർന്നു.
മുമ്പ്, താൻ ജെ.ഡി-എസിൽ പ്രവർത്തിച്ചിരുന്ന കാലത്ത് ദേവഗൗഡക്കൊപ്പമുള്ള ചിത്രം എക്സിൽ പങ്കുവെച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ, കർണാടകക്കും രാജ്യത്തിനും അതുല്യമായ സംഭാവന നൽകിയ മുതിർന്ന രാഷ്ട്രതന്ത്രജ്ഞനാണെന്ന് പറഞ്ഞു. ആരോഗ്യത്തോടെയും ദീർഘായുസ്സോടെയും അദ്ദേഹത്തിന് ഇനിയും ജനങ്ങളെ സേവിക്കാൻ കഴിയട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു. കർണാടക പ്രതിപക്ഷ നേതാവ് ആർ. അശോകയും ബി.ജെ.പി നേതാക്കളും ഞായറാഴ്ച ബംഗളൂരു പത്മനാഭ നഗറിൽ ദേവഗൗഡയുടെ വസതിയിൽ അദ്ദേഹത്തെ സന്ദർശിച്ചു.
തന്റെ പിതാവ് തന്റെ ശക്തിയും ധൈര്യവും പ്രചോദനവുമാണെന്ന് ദേവഗൗഡയുടെ മകനും കേന്ദ്രമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. അദ്ദേഹത്തിന്റെ പോരാട്ട പാത, നേട്ടങ്ങൾ, പൊതുസേവനത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നിവ എന്നെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. തന്റെ ജീവിതം മുഴുവൻ രാഷ്ട്രസേവനത്തിനായി സമർപ്പിച്ച ഈ മഹാനായ നേതാവിന്റെ മകനായി ജനിക്കാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ് -കുമാരസ്വാമി പറഞ്ഞു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, മുതിർന്ന ബി.ജെ.പി നേതാവ് ബി.എസ്. യദിയൂരപ്പ, കർണാടക ബി.ജെ.പി അധ്യക്ഷൻ ബി.വൈ.
വിജയേന്ദ്ര തുടങ്ങിയവരും ഗൗഡക്ക് ജന്മദിനാശംസകൾ നേർന്നു. 1933 മേയ് 18നാണ് മൈസൂരു ഹോളേനരസിപുര താലൂക്കിലെ ഹരദനഹള്ളി ഗ്രാമത്തിൽ കർഷക കുടുംബത്തിൽ ഗൗഡ ജനിച്ചത്. 1996 ജൂൺ മുതൽ 1997 ഏപ്രിൽ വരെ പ്രധാനമന്ത്രി പദം അലങ്കരിച്ച ദേവഗൗഡ, രാജ്യത്തിന്റെ 11ാം പ്രധാനമന്ത്രിയാണ്. 1994 മുതൽ 1996 വരെ അദ്ദേഹം കർണാടകയുടെ പതിനാലാമത്തെ മുഖ്യമന്ത്രി കൂടിയായിരുന്നു.
92 വയസ്സിലെത്തി നിൽക്കുമ്പോഴും കർണാടക രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും അദ്ദേഹം സജീവമാണ്. കഴിഞ്ഞ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിലും പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പുകളിലും അദ്ദേഹം ജെ.ഡി-എസ് പ്രചാരണം നയിച്ചിരുന്നു. ഞായറാഴ്ച ജെ.ഡി-എസ് ആസ്ഥാനമായ ബംഗളൂരുവിലെ ജെ.പി ഭവനിൽ പ്രവർത്തകർക്കൊപ്പം കേക്ക് മുറിച്ച് ദേവഗൗഡ ജന്മദിനം ആഘോഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

