വിദ്വേഷ പ്രസംഗം; ആർ.എസ്.എസ് നേതാവ് പ്രഭാകർ ഭട്ടിനെ ചോദ്യം ചെയ്തു
text_fieldsമംഗളൂരു: വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ മുതിർന്ന ആർ.എസ്.എസ് നേതാവ് ഡോ. കല്ലഡ്ക പ്രഭാകർ ഭട്ടിനെ പുത്തൂർ റൂറൽ പൊലീസ് ചോദ്യം ചെയ്തു. ഒക്ടോബർ 20ന് പുത്തൂർ താലൂക്കിലെ ഉപ്പലിഗെയിൽ നടന്ന ദീപോത്സവ പരിപാടിയിലാണ് ഭട്ട് വിദ്വേഷപ്രസംഗം നടത്തിയത്.
‘ഹിന്ദു സ്ത്രീകൾ മൂന്നാമത് ഗർഭം ധരിച്ചാൽ പട്ടിയെപ്പോലെ പെറ്റുകൂട്ടുന്നോ എന്ന് നമ്മൾ പരിഭവം പ്രകടിപ്പിക്കുന്നു. അപ്പുറത്തെ വീട്ടിലെ സ്ത്രീ ഏഴാമതും പ്രസവിക്കുമ്പോൾ നമ്മൾ, അത് അള്ളാ നൽകുന്നത് എന്ന് പറയുന്നു. ഉള്ളാളിൽ എങ്ങനെയാണ് ഖാദർ (കർണാടക നിയമസഭ സ്പീക്കർ അഡ്വ. യു.ടി. ഖാദർ) ജയിക്കുന്നത്? അവിടെ മുസ്‌ലിംകളാണ് നമ്മെക്കാൾ കൂടുതൽ.......’’എന്ന് പറഞ്ഞ ഭട്ട് ഹിന്ദു സ്ത്രീകൾ കൂടുതൽ പ്രസവിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തിരുന്നു.
സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന അഡ്വ. ഈശ്വരി പദ്മുഞ്ച് സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ഭട്ടിന്റെ പ്രസംഗത്തിൽ മതവിദ്വേഷം വളർത്തുന്ന പ്രഖ്യാപനങ്ങൾ, സ്ത്രീകളെ അപമാനിക്കുന്ന പരാമർശങ്ങൾ, നിലവിലുള്ള പൊതു സമാധാനത്തെ തകർക്കാൻ സാധ്യതയുള്ള കാര്യങ്ങൾ എന്നിവ ഉൾപ്പെട്ടിട്ടുണ്ടെന്ന് പദ്മുഞ്ച് പരാതിയിൽ വാദിച്ചു.
പരാതിയുടെ അടിസ്ഥാനത്തിൽ, ഒക്ടോബർ 25ന് പുത്തൂർ റൂറൽ പൊലീസ് പ്രഭാകർ ഭട്ടിനെയും പരിപാടിയുടെ സംഘാടകരെയും പ്രതി ചേർത്ത് കേസ് എടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

