വിദ്വേഷ പ്രസംഗം: ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്
text_fieldsബി.ജെ.പി എം.എൽ.എ ഹരീഷ് പൂഞ്ച
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ തെക്കരു ഗ്രാമത്തിൽ ഗോപാലകൃഷ്ണ ക്ഷേത്രത്തിലെ ബ്രഹ്മകലശോത്സവത്തിൽ (പ്രതിഷ്ഠാ ചടങ്ങ്) പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് ബി.ജെ.പി എം.എൽ.എ ഹരീഷ് പൂഞ്ചക്കെതിരെ കേസെടുത്തു. മുസ്ലിം സമുദായത്തിനെതിരെ പൂഞ്ച അപമാനകരമായ പരാമർശങ്ങൾ നടത്തിയെന്നും തന്റെ പ്രസംഗത്തിലൂടെ വർഗീയ വിദ്വേഷം വളർത്താൻ ശ്രമിച്ചെന്നും ആരോപിച്ച് എസ്.ബി. ഇബ്രാഹിം നൽകിയ പരാതിയെത്തുടർന്നാണ് നടപടി. പ്രസംഗത്തിന്റെ ഉള്ളടക്കം മതസമൂഹങ്ങൾക്കിടയിൽ ഭിന്നത വിതക്കുകയും മേഖലയിലെ സാമുദായിക ഐക്യം തകർക്കുകയും ചെയ്യുമെന്ന് പരാതിയിൽ പറഞ്ഞു.
ഹരീഷ് പൂഞ്ച വിദ്വേഷ പ്രസംഗം നടത്തുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ വ്യാപക പ്രതിഷേധം ഉയർന്നു. ശനിയാഴ്ച രാത്രി തെക്കരു ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ നടന്ന ബ്രഹ്മകലശോത്സവ ചടങ്ങിന്റെ വേദിയിലാണ് വിവാദ പ്രസംഗം നടത്തിയത്.
വിഡിയോയിൽ എം.എൽ.എ പ്രാദേശിക മുസ്ലിം സമൂഹത്തിനെതിരെ മോഷണവും നാശനഷ്ടങ്ങളും ആരോപിക്കുന്നത് കേൾക്കാം. ‘‘തെക്കരുവിലെ കൺട്രി ബിയറിസ്’’ ക്ഷേത്രത്തിലെ ചടങ്ങിനായി സ്ഥാപിച്ച ട്യൂബ് ലൈറ്റുകൾ തകർത്ത് ഡീസൽ മോഷ്ടിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. ‘‘തെക്കരു ഗ്രാമവാസികൾ എന്തിനാണ് പള്ളികളിലേക്ക് ക്ഷേത്ര ക്ഷണക്കത്ത് അയച്ചത്. അവരും ഞങ്ങളും തമ്മിൽ ഒരു ബന്ധവുമില്ല.
ഈ ക്ഷണക്കത്ത് കാരണമാണ് അവർ ട്യൂബ് ലൈറ്റുകൾ തകർത്തത്..’’ അദ്ദേഹം ആരോപിച്ചു. അദ്ദേഹത്തിന്റെ പരാമർശങ്ങൾക്ക് വിരുദ്ധമായി ക്ഷണക്കത്ത് ലഭിച്ചതിനുശേഷം ക്ഷേത്രാഘോഷത്തിന് അഭിനന്ദന ബാനറുകൾ സ്ഥാപിച്ചുകൊണ്ട് പ്രാദേശിക മുസ്ലിംകൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പ്രസംഗത്തിനെതിരെ വിവിധ കോണുകളിൽനിന്ന് വിമർശനം ഉയർന്നു. സങ്കീർണ സമയത്ത് സാമുദായിക സംഘർഷം സൃഷ്ടിക്കാൻ എം.എൽ.എ ശ്രമിച്ചുവെന്നാണ് പൊതുവേ ഉയരുന്ന ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

