കലബുറഗി ഡി.സിക്കെതിരായ വിദ്വേഷ പരാമർശം; ബി.ജെ.പി എം.എൽ.സി രവികുമാർ മാപ്പു പറയണമെന്ന് കോടതി
text_fieldsബംഗളൂരു: കലബുറഗി ഡെപ്യൂട്ടി കമീഷണർ ഫൗസിയ തരന്നമിനെതിരെ വിദ്വേഷ പ്രസ്താവന നടത്തിയ ബി.ജെ.പി എം.എൽ.സിയും നിയമ നിർമാണ കൗൺസിൽ പ്രതിപക്ഷ ചീഫ് വിപ്പുമായ എൻ. രവികുമാർ മാപ്പു പറയണമെന്ന് കർണാടക ഹൈകോടതി. തനിക്കെതിരെ കലബുറഗി സ്റ്റേഷൻ ബസാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രവികുമാർ സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി നിർദേശം.
ഡെപ്യൂട്ടി കമീഷണർക്കെതിരെ അത്തരം പ്രസ്താവന നടത്താൻ പാടില്ലായിരുന്നെന്നും ജസ്റ്റിസ് സൂരജ് ഗോവിന്ദരാജ് അധ്യക്ഷനായ അവധിക്കാല ബെഞ്ച് ചൂണ്ടിക്കാട്ടി. രവികുമാർ മാപ്പു പറയുകയും ഡെപ്യൂട്ടി കമീഷണർ അത് സ്വീകരിക്കുകയും ചെയ്താൽ അക്കാര്യം സത്യവാങ്മൂലത്തിൽ കോടതിയെ അറിയിക്കണമെന്നും നിർദേശിച്ചു. മന്ത്രി പ്രിയാങ്ക് ഖാർഗെ രാജിവെക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മേയ് 24ന് ബി.ജെ.പി സംഘടിപ്പിച്ച ‘കലബുറഗി ചലോ’ റാലിയിൽ സംസാരിക്കവെയാണ് ബി.ജെ.പി നേതാവ് രവികുമാർ ഡെപ്യൂട്ടി കമീഷണർ ഫൗസിയ തരന്നമിനെതിരെ അപക്വവും വർഗീയപരവുമായ പരാമർശം നടത്തിയത്.
ജില്ല ഡെപ്യൂട്ടി കമീഷണർ പാകിസ്താനിൽനിന്ന് വന്നയാളെ പോലെയാണ് പെരുമാറുന്നതെന്നായിരുന്നു വിവാദ പ്രസ്താവന. തുടർന്ന് കലബുറഗി ശരണ സിരസാഗി സ്വദേശി ദത്താത്രേയ ഇൽകലാഗി നൽകിയ പരാതി പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇതിനെതിരെ രവികുമാർ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. രവികുമാർ അന്വേഷണവുമായി സഹകരിച്ചാൽ അറസ്റ്റ് ഉണ്ടാകില്ലെന്ന് കർണാടക സർക്കാറിനുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അന്വേഷണവുമായി സഹകരിക്കാനും ഡെപ്യൂട്ടി കമീഷണറോട് മാപ്പ് പറയാനും കോടതി നിർദേശിച്ചു.
മധ്യപ്രദേശിലെ മന്ത്രിക്ക് എന്താണ് സംഭവിച്ചതെന്നും സുപ്രീംകോടതി എന്താണ് നടപടി സ്വീകരിച്ചതെന്നും നിങ്ങൾ കണ്ടതാണെന്ന് കോടതി വാക്കാൽ പരാമർശവും നടത്തി. ‘നിങ്ങൾക്കുമാത്രം ഒരു പ്രത്യേകതയുമില്ല. നിങ്ങൾ അത്തരം പ്രസ്താവന നടത്തരുതായിരുന്നു.’ - കോടതി പറഞ്ഞു. രവികുമാർ മാപ്പു പറഞ്ഞതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചപ്പോൾ, ഇത്തരം പ്രസ്താവന നടത്തുകയും പിന്നീട് മാപ്പുപറയുകയും പതിവാണെന്നും നിങ്ങൾ മാപ്പു പറഞ്ഞത്, മറുവശത്തുള്ളയാൾ അംഗീകരിക്കണമെന്നും അതിനുശേഷം മാത്രം നിങ്ങളുടെ ഹരജിയിൽ നടപടിയുള്ളൂവെന്നും കോടതി വ്യക്തമാക്കി. വിവാദ പ്രസ്താവനയടങ്ങുന്ന പ്രസംഗത്തിന്റെ മുഴുവൻ വിഡിയോ ദൃശ്യവും ജൂൺ 19നകം ഹാജരാക്കണമെന്ന് സർക്കാറിനോട് കോടതി നിർദേശിച്ചു. കലബുറഗി ഡെപ്യൂട്ടി കമീഷണർ ഫൗസിയ തരന്നമിനെതിരായ വിദ്വേഷ-വർഗീയ പരാമർശത്തിനെതിരെ കർണാടകയിലെ ഐ.എ.എസ് ഓഫിസേഴ്സ് അസോസിയേഷൻ രംഗത്തെത്തിയിരുന്നു.
മികച്ച തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ പേരിൽ രാഷ്ട്രപതിയുടെ അവാർഡ് നേടിയ ഐ.എ.എസ് ഉദ്യോഗസ്ഥയാണ് ഫൗസിയ തരന്നം. ഫൗസിയ തരന്നമിന് സമ്പൂർണ പിന്തുണ അറിയിച്ച അസോസിയേഷൻ, വിഷയത്തിൽ എം.എൽ.സി എൻ. രവികുമാർ നിരുപാധികം മാപ്പ് പറയണമെന്നും ഐ.എ.എസ് ഉദ്യോഗസ്ഥയുടെ പദവിയെ താറടിച്ചു കാണിക്കാൻ മനപ്പൂർവം നടത്തിയ ശ്രമത്തിനെതിരെ കർശന വകുപ്പുകൾ ചേർത്ത് നിയമനടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

