കാലി കശാപ്പിന്റെ പഴയ രംഗങ്ങൾ ഉപയോഗിച്ച് വിദ്വേഷ പ്രചാരണം
text_fieldsമംഗളൂരു: ഉത്തര കന്നട ജില്ലയിലെ ഭട്കൽ മഗ്ദൂം കോളനിയിൽ ‘‘കന്നുകാലി കശാപ്പ് നടന്നു’’ എന്ന അവകാശവാദത്തോടെ പഴയ ദൃശ്യങ്ങൾ ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം. വിഡിയോയും ഫോട്ടോകളും വൈറലായതോടെ സമീപകാല ബന്ധമില്ലെന്ന വിശദീകരണവുമായി അധികൃതർ രംഗത്ത് വന്നു. സമീപകാല ഭട്കൽ സംഭവങ്ങളുമായി ബന്ധമില്ലെന്ന് നഗരസഭ വ്യക്തമാക്കി. കന്നുകാലികളുടെ അസ്ഥികൂടങ്ങൾ, രക്തക്കറകൾ എന്നിവ ദൃശ്യങ്ങൾ കാണിച്ചിരുന്നു. ഇത് നഗരത്തിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. എന്നാൽ, പൊലീസും നഗരസഭ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയപ്പോൾ അത്തരം അവശിഷ്ടങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് അവർ സ്ഥിരീകരിച്ചു.
‘‘പ്രചരിക്കുന്ന വിഡിയോകളും ചിത്രങ്ങളും പുതിയതല്ല. പരിശോധനയിൽ കന്നുകാലികളുടെ അസ്ഥികളോ മാംസ അവശിഷ്ടങ്ങളോ കണ്ടെത്തിയില്ല. മഗ്ദൂം കോളനിയിൽ കന്നുകാലികളുടെ അസ്ഥികൂടങ്ങൾ ഉണ്ടെന്ന് ഞങ്ങൾക്ക് വിവരം ലഭിച്ചു. പക്ഷേ, ഉദ്യോഗസ്ഥർ എത്തിയപ്പോഴേക്കും അവിടെ ഒന്നും ഉണ്ടായിരുന്നില്ല. വൈറൽ ചിത്രങ്ങളിൽ മഴവെള്ളം കെട്ടിക്കിടക്കുന്നത് കാണാം. പക്ഷേ, ഭട്കലിൽ കഴിഞ്ഞ മൂന്ന് നാല് ദിവസമായി മഴ ലഭിച്ചിട്ടില്ല. ഇത് ചിത്രങ്ങൾ പഴയതാണെന്ന് വ്യക്തമാക്കുന്നു” -നഗരസഭ ചീഫ് ഓഫിസർ വെങ്കിടേഷ് നവുദ വിശദീകരിച്ചു,
മഗ്ദൂം കോളനിയിൽ വിഡിയോകൾ വൈറലായതിന് തൊട്ടുപിന്നാലെ, സംഘ്പരിവാർ സംഘടനകളുടെ പ്രവർത്തകർ രോഷം പ്രകടിപ്പിച്ചു. വൻതോതിലുള്ള കന്നുകാലി കശാപ്പ് നടന്നതായും ഭരണകൂടം നിഷ്ക്രിയത്വം കാണിച്ചതായും ആരോപിച്ചു. എന്നാൽ, പല നാട്ടുകാരും ദൃശ്യങ്ങളുടെ ആധികാരികതയെ സംശയിച്ചു. ഭട്കലിൽ സമാധാനപരമായ അന്തരീക്ഷമാണ്. പഴയ മത്സ്യ മാർക്കറ്റ് പ്രശ്നത്തിന്റെ പേരിൽ അസ്വസ്ഥത സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനുശേഷം ഇപ്പോൾ ഭയം പ്രചരിപ്പിക്കുന്നതിനായി പഴയ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നു.
ആളുകൾ ജാഗ്രത പാലിക്കുകയും അത്തരം പ്രചാരണങ്ങൾക്ക് ഇരയാകാതിരിക്കുകയും വേണമെന്ന് സമാധാന കാംക്ഷികൾ പറഞ്ഞു. വൈറലായ വിഡിയോകളുടെയും ഫോട്ടോകളുടെയും ഉത്ഭവം പരിശോധിച്ചുവരുകയാണെന്ന് പൊലീസ് പറഞ്ഞു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും. സമൂഹ മാധ്യമങ്ങളിൽ കാണുന്നതെല്ലാം പരിശോധിച്ചുറപ്പിക്കാതെ പൗരന്മാർ വിശ്വസിക്കരുതെന്ന് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

