ബംഗളൂരുവിൽ ഇന്ന് വാഹന ബന്ദ്
text_fieldsബംഗളൂരു: കർണാടക സ്റ്റേറ്റ് പ്രൈവറ്റ് ട്രാൻസ്പോർട്ട് അസോസിയേഷൻ തിങ്കളാഴ്ച ആഹ്വാനം ചെയ്ത വാഹന ബന്ദ് ബംഗളൂരു നഗരത്തിലെ ജനജീവിതത്തെ ബാധിച്ചേക്കും. കർണാടകയിൽ വനിതകൾക്ക് സർക്കാർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന ശക്തി പദ്ധതി സ്വകാര്യ ബസുകളിലേക്കും വ്യാപിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. സമരം പിൻവലിക്കാൻ അസോസിയേഷനുമായി സർക്കാർ നടത്തിയ ചർച്ചകൾ ഫലം കാണാത്ത സാഹചര്യത്തിലാണിത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ചില യൂനിയൻ നേതാക്കൾ പങ്കെടുത്തു.
എന്നാൽ, മറ്റു ചില യൂനിയനുകൾ യോഗം ബഹിഷ്കരിച്ചു. സർക്കാർ ചർച്ചക്ക് തയാറാണെങ്കിലും യൂനിയൻ പിടിവാശിയിലാണെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. അതിനാൽ പൊതുജനങ്ങൾക്ക് യാത്രാതടസ്സങ്ങൾ നേരിടാതിരിക്കാൻ സർക്കാർ മുൻകരുതൽ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. സ്വകാര്യ ബസുകൾ, ഓട്ടോകൾ, ടാക്സി കാറുകൾ, എയർപോർട്ട് ടാക്സി, സ്കൂൾ ബസുകൾ, കോർപറേറ്റ് വാഹനങ്ങൾ എന്നിവയടക്കം 10 ലക്ഷത്തോളം വാഹനങ്ങൾ നിരത്തിൽനിന്ന് വിട്ടുനിൽക്കുമെന്നാണ് വിവരം. 32 സ്വകാര്യ ട്രാൻസ്പോർട്ട് യൂനിയനുകൾ ബന്ദിൽ പങ്കാളികളാവും. നഗരത്തിലെ സ്കൂളുകൾ, ഓഫിസുകൾ, വിമാനത്താവളം അടക്കമുള്ളവയെ ബന്ദ് ബാധിക്കും.
ഉബർ, ഒല എന്നിവയടക്കമുള്ള ഓൺലൈൻ ടാക്സി കാബുകൾ സമരത്തിൽ പങ്കാളികളാവുമെന്ന് അറിയിച്ചിട്ടില്ലെങ്കിലും ഇക്കാര്യത്തിൽ ഡ്രൈവർമാർക്ക് തീരുമാനമെടുക്കാമെന്നാണ് അസോസിയേഷൻ അറിയിച്ചത്. ബംഗളൂരു നഗരത്തിൽ ഒന്നരലക്ഷം ഓട്ടോകളും 45,000ത്തോളം ഓൺലൈൻ കാബുകളും സർവിസ് നടത്തുന്നുണ്ടെന്ന് ഒല, ഉബർ ഡ്രൈവേഴ്സ് ആൻഡ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് തൻവീർ പാഷ പറഞ്ഞു. സ്കൂളുകളിലേക്കും കോളജുകളിലേക്കും കുട്ടികളെ കൊണ്ടുപോവുന്ന 20,000ത്തോളം ബസുകളാണുള്ളത്. ഇവരുടെ യൂനിയനും ബന്ദിനെ പിന്തുണക്കുന്നതിനാൽ വിദ്യാർഥികളുടെ യാത്ര പ്രയാസത്തിലാവും. ഇത് മുൻകൂട്ടിക്കണ്ട് ചില സ്വകാര്യ സ്കൂളുകൾ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അസോസിയേറ്റഡ് മാനേജ്മെന്റ് ഓഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾസിന് കീഴിൽ വരുന്ന സ്കൂളുകൾക്ക് തിങ്കളാഴ്ച അവധിയാണ്. സ്കൂളുകൾക്ക് സർക്കാർ അവധി പ്രഖ്യാപിക്കില്ലെന്ന് മന്ത്രി അറിയിച്ചു. നഗരത്തിലേക്ക് പ്രവേശിക്കുന്ന റോഡുകളിൽ സമരക്കാർ തിങ്കളാഴ്ച രാവിലെ മുതൽ പ്രതിഷേധം സംഘടിപ്പിക്കും. ഉച്ചക്ക് ശേഷം പ്രതിഷേധക്കാർ ഫ്രീഡം പാർക്കിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

