ഹംപി കൂട്ടബലാത്സംഗം, കൊല: പ്രതികളുടെ ചിത്രങ്ങൾ പുറത്തുവിട്ടു
text_fieldsഹംപി അക്രമ കേസിൽ അറസ്റ്റിലായ പ്രതികൾ
ബംഗളൂരു: ഹംപിയിൽ വിദേശ സഞ്ചാരികൾക്കുനേരെ കൊലയും കൂട്ട ബലാത്സംഗവും നടന്ന സംഭവത്തിൽ അറസ്റ്റിലായ മൂന്നു പ്രതികളുടെയും ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. കൊപ്പാൽ ഗംഗാവതി സ്വദേശികളായ ചേതൻസായ്, മല്ലേഷ് ഹാന്ദി എന്നിവരെ സംഭവത്തിനു പിന്നാലെ ഗംഗാവതിയിൽനിന്നും മുന്നാമത്തെയാളെ കഴിഞ്ഞദിവസം ചെന്നൈയിൽനിന്നുമാണ് അറസ്റ്റ് ചെയ്തത്.
മാർച്ച് ആറിനാണ് കേസിന്നാസ്പദമായ സംഭവം. 27കാരിയായ ഇസ്രായേലി വനിതയും 29 കാരിയായ ഹോംസ്റ്റേ ഉടമയുമാണ് കൂട്ട ബലാത്സംഗത്തിനിരയായത്. ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നു പുരുഷ സഞ്ചാരികളെ പ്രതികൾ ആക്രമിക്കുകയും മർദന മേറ്റവരിലൊരാളായ ഒഡിഷ സ്വദേശി ബിബാഷ് നായക് (26) മരണപ്പെടുകയും ചെയ്തിരുന്നു. ഗംഗാവതി റൂറൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആറ് ടീമായാണ് പ്രതികൾക്കായി അന്വേഷണം നടത്തിയിരുന്നത്.
സംഭവത്തെ തുടർന്ന് കർണാടകയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സുരക്ഷ വർധിപ്പിച്ചതായി ആഭ്യന്തര മന്ത്രി ജി. പരമേശ്വര അറിയിച്ചു. ഹംപിയിലടക്കം ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പൊലീസിന്റെ കവാത്തും പരിശോധനയും നടക്കുന്നുണ്ട്. കർണാടക സർക്കാറിനും ടൂറിസം മേഖലക്കും നാണക്കേടുണ്ടാക്കിയ സംഭവം കൂടിയായിരുന്നു ഇത്. ഹംപിയിൽനിന്ന് നിലവിൽ ടൂറിസ്റ്റുകൾ ഒഴിഞ്ഞുപോകുന്നതായാണ് റിപ്പോർട്ട്. ഹോട്ടലുകളിൽ പുതിയ ബുക്കിങ് വരുന്നില്ലെന്നും നിലവിലെ ബുക്കിങ് മിക്കവരും റദ്ദാക്കി മടങ്ങിയതായും ഹോട്ടലുടമകൾ പറഞ്ഞു.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച ചരിത്ര നഗരമാണ് വടക്കൻ കർണാടകയിലെ ഹംപി. ഹംപിയിലെ ഹോംസ്റ്റേ ഉടമയായ യുവതി വിദേശ സഞ്ചാരികളടക്കമുള്ളവർക്കായി ഹംപി സനാപുര തടാകത്തിന് സമീപം ഇരിക്കുകയായിരുന്ന യാത്രാ സംഘത്തോട് കഴിഞ്ഞ വ്യാഴാഴ്ച രാത്രി പതിനൊന്നോടെ മൂന്ന് ബൈക്കുകളിലെത്തിയ ആക്രമികൾ പണം ആവശ്യപ്പെടുകയായിരുന്നു.
വിസമ്മതിച്ചതോടെ ഹോം സ്റ്റേ നടത്തിപ്പുകാരിയുമായി വാഗ്വാദത്തിലേർപ്പെടുകയും ആക്രമിക്കുകയും ചെയ്തു. ബിബാഷിനെ ആക്രമികൾ ക്രൂരമായി മർദിച്ചു കനാലിലേക്ക് തള്ളി. തിരിച്ച് കയറാൻ ശ്രമിച്ചപ്പോൾ വലിയ കല്ലെടുത്ത് എറിഞ്ഞു. ഇതിലേറ്റ പരിക്കിനെതുടർന്ന് ഇയാൾ കനാലിൽ താഴ്ന്നുപോകുകയായിരുന്നു.
ശേഷം ഇസ്രായേലി സ്വദേശിനിയെയും ഹോം സ്റ്റേ ഉടമയെയും ആക്രമികൾ കൂട്ട ബലാത്സംഗത്തിനിരയാക്കി. 14 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് ബിബാഷിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

