അഞ്ചുതവണ തുടർച്ചയായി കുന്ദാപൂർ എം.എൽ.എ; ഹാലഡി ശ്രീനിവാസ് ഷെട്ടി ഇനി മത്സരിക്കാനില്ല
text_fieldsഹാലഡി
ശ്രീനിവാസ്
ഷെട്ടി
ബംഗളൂരു: ഉഡുപ്പി ജില്ലയിലെ കുന്ദാപൂർ മണ്ഡലത്തിൽനിന്ന് 1999 മുതൽ തുടർച്ചയായി അഞ്ചുതവണ എം.എൽ.എയായ ഹാലഡി ശ്രീനിവാസ് ഷെട്ടി ഇനി മത്സരിക്കാനില്ല. തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് തീരുമാനമെന്നും മണ്ഡലത്തിലെ എല്ലാ ജനങ്ങളോടും നന്ദിയുണ്ടെന്നും 71കാരനായ അദ്ദേഹം പറഞ്ഞു. ’99, 2004, 2008, 2018 തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി ടിക്കറ്റിൽ കുന്ദാപൂരിൽനിന്ന് വിജയിച്ചയാളാണ് ഷെട്ടി.
‘കുന്ദാപുര’യിലെ വാജ്പേയി എന്ന് അറിയപ്പെടുന്ന ഷെട്ടി തന്നെ മന്ത്രിയാക്കാത്തതിനെത്തുടർന്ന് 2012ൽ എം.എൽ.എ സ്ഥാനം രാജിവെച്ചിരുന്നു. ബി.ജെ.പിയിൽനിന്നും രാജിവെച്ചിരുന്നു. 2013ൽ സ്വതന്ത്രനായി മത്സരിക്കുകയും ആകെ വോട്ടിന്റെ 57.97 ശതമാനവും (80,563 വോട്ടുകൾ) നേടി തകർപ്പൻ ജയം നേടുകയും ചെയ്തിരുന്നു. ആ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ഔദ്യോഗിക സ്ഥാനാർഥി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കോൺഗ്രസിന്റെ മാൽയാദി ശിവരാമ ഷെട്ടി 39,952 വോട്ടുനേടി രണ്ടാം സ്ഥാനത്തെത്തി. എം.എൽ.എ എന്ന നിലയിൽ സാമൂഹികനീതിക്കായി പ്രവർത്തിച്ചെന്നും ഒപ്പം നിന്ന നേതാക്കൾക്കും പ്രവർത്തകരോടും കടപ്പാടുണ്ടെന്നും ഹാലഡി ശ്രീനിവാസ് ഷെട്ടി പറഞ്ഞു. അതേസമയം, മണ്ഡലത്തിൽ ആരെ മത്സരിപ്പിക്കണമെന്ന് ഷെട്ടി നിർദേശിച്ചിട്ടില്ല. എന്നാൽ, അടുത്ത അനുയായിയും കർണാടക ഫുഡ് ആൻഡ് സിവിൽ സപ്ലൈസ് കോർപറേഷൻ വൈസ് ചെയർപേഴ്സനും അന്തരിച്ച ബി.ജെ.പി നേതാവ് എ.ജി. കൊട്ഗിയുടെ മകനുമായ എ. കിരൺ കുമാർ കൊട്ഗിയെ മത്സരിപ്പിക്കണമെന്ന് അദ്ദേഹം പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടെന്നാണ് അറിയുന്നത്. പ്രായം പരിഗണിച്ചാണ് ഷെട്ടി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് പിൻവാങ്ങുന്നതെന്നും പാർട്ടിയുടെ വഴികാട്ടിയായി തുടർന്നുമുണ്ടാകുമെന്നും ഉഡുപ്പി ജില്ല കമ്മിറ്റി പ്രസിഡന്റ് കുയിലാടി സുരേഷ് നായക് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

