എച്ച്.എ.എൽ വിമാനത്താവളം: വാണിജ്യ സർവിസുകൾ പുനരാരംഭിക്കാൻ നീക്കം
text_fieldsഎച്ച്.എ.എൽ വിമാനത്താവളം
ബംഗളൂരു: ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എൽ) വിമാനത്താവളത്തിൽനിന്ന് വാണിജ്യവിമാന സർവിസുകൾ പുനരാരംഭിക്കാൻ നീക്കം. വിഷയം ചർച്ച ചെയ്യാൻ വ്യാഴാഴ്ച ഡൽഹിയിൽ ഉന്നതതല യോഗംചേർന്നു. ബംഗളൂരു നഗരത്തിൽനിന്ന് ഏറെ അകലെയായി സമീപ ജില്ലയായ ചിക്കബല്ലാപുരയിലെ ദേവനഹള്ളിയിൽ സ്ഥിതിചെയ്യുന്ന കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രാതിരക്ക് വർധിച്ചതോടെയാണ് നഗരമധ്യത്തിൽതന്നെയുള്ള എച്ച്.എ.എൽ വിമാനത്താവളത്തിലെ വാണിജ്യ വിമാന സർവിസ് സംബന്ധിച്ച് പുനഃപരിശോധനക്കൊരുങ്ങുന്നത്.
2008വരെ ബംഗളൂരു നഗരത്തിന്റെ പ്രധാന വ്യോമയാത്ര സംവിധാനം എച്ച്.എ.എൽ വിമാനത്താവളമായിരുന്നു. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം ദേവനഹള്ളിയിൽ തുറന്നതോടെ വാണിജ്യ സർവിസുകൾ മുഴുവൻ അങ്ങോട്ടേക്ക് മാറ്റി. പിന്നീട്, മിലിട്ടറി വിമാന സർവിസുകളും വി.വി.ഐ.പികളുടെ യാത്ര സർവിസുകളും സ്വകാര്യ ചാർട്ടർ വിമാന സർവിസും മാത്രമാക്കി എച്ച്.എ.എൽ വിമാനത്താവളത്തെ പരിമിതപ്പെടുത്തി. അതേസമയം, കെംപഗൗഡ വിമാനത്താവളത്തിലേക്കുള്ള യാത്രക്ക് രണ്ടു മണിക്കൂറോളമെടുക്കുമെന്നതിനാൽ ഇത് യാത്രക്കാരെ പ്രയാസപ്പെടുത്തുന്നുണ്ട്. ഹെബ്ബാളിലെ കുപ്രസിദ്ധമായ ഗതാഗതക്കുരുക്കും വിമാനത്താവള യാത്രക്കാർക്ക് പലപ്പോഴും പ്രയാസം സൃഷ്ടിക്കുന്നു.
കെംപഗൗഡ വിമാനത്താവളത്തിലേക്കുള്ള മെട്രോപാത ഇതുവരെ പ്രവൃത്തി പൂർത്തിയാക്കിയിട്ടുമില്ല. അതേസമയം, നഗര കേന്ദ്രത്തിനോടടുത്ത് സ്ഥിതി ചെയ്യുന്ന എച്ച്.എ.എൽ വിമാനത്താവളം ബംഗളൂരു നിവാസികളെ സംബന്ധിച്ചും ബിസിനസ് യാത്രികരെ സംബന്ധിച്ചും ഏറെ ഉപകാരപ്രദമാവുമെന്നാണ് കണക്കുകൂട്ടൽ. എച്ച്.എ.എൽ വിമാനത്താവളം വാണിജ്യ വിമാന സർവിസുകൾക്കായി തുറക്കുന്നതിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കും (എ.എ.ഐ) ബാംഗ്ലൂർ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡിനും (ബിയാൽ) താൽപര്യമുണ്ടെന്ന് ബംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യ പറഞ്ഞു. എന്നാൽ, സർവിസ് കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ബിയാലും തമ്മിലെ അഭിപ്രായ വ്യത്യാസമാണ് തീരുമാനം വൈകിപ്പിക്കുന്നത്.
എച്ച്.എ.എൽ വിമാനത്താവളത്തിൽ വാണിജ്യ വിമാന സർവിസ് പുനരാരംഭിച്ചാൽ അതിന്റെ നടത്തിപ്പ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് വേണമെന്നാണ് അവരുടെ ആവശ്യം. എന്നാൽ, തങ്ങളുമായി ഒരു തരത്തിലും മത്സരത്തിലേർപ്പെടാതെയുള്ള സർവിസ് അനുവദിക്കാമെന്ന നിലപാടാണ് ബിയാലിന്റേത്. ഇതോടെ വിഷയത്തിൽ കൂടുതൽ ചർച്ച നടത്തി അഭിപ്രായം സ്വരൂപിക്കണമെന്ന് കേന്ദ്ര വ്യോമയാന സെക്രട്ടറിയും നിർദേശിച്ചു.
ബോയിങ് 747 അടക്കമുള്ള വീതിയുള്ള ചിറകുകളുള്ള വിമാനങ്ങളെയടക്കം ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് 3306 മീറ്റർ നീളമുള്ള എച്ച്.എ.എൽ വിമാനത്താവള റൺവേ. ഏറ്റവുമൊടുവിൽ ഇവിടെ വാണിജ്യ വിമാന സർവിസ് നടത്തിയപ്പോൾ പ്രതിവർഷം ഒരു കോടി യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ടായിരുന്നു. 30 പാർക്കിങ് ബേകൾ, രണ്ട് ഹെലിപാഡുകൾ, മറ്റു അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെല്ലാം ഇപ്പോൾ വാണിജ്യേതര സർവിസുകൾക്കായി ഉപയോഗപ്പെടുത്തുന്നുണ്ട്. എച്ച്.എ.എൽ വിമാനത്താവളത്തിൽനിന്ന് വാണിജ്യ സർവിസുകൾ പുനരാരംഭിക്കാൻ എയർപോർട്ട് അതോറിറ്റി മാസ്റ്റർ പ്ലാൻ തയാറാക്കിയിട്ടുണ്ട്.
ടെർമിനൽ കെട്ടിടത്തിന്റെ നവീകരണവും ഏകദേശം 500 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാവുന്ന തരത്തിൽ മൾട്ടി-ലെവൽ പാർക്കിങ് സൗകര്യം ഒരുക്കുന്നതടക്കമുള്ള പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, ബിയാലുമായുള്ള കരാർ 2063 വരെ നീട്ടി കഴിഞ്ഞ വർഷം 2024 ഏപ്രിലിൽ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എച്ച്.എ.എൽ വിമാനത്താവളത്തിൽ ബിയാലിന് യാത്ര സർവിസുകൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കുന്നത് സംബന്ധിച്ച് ഈ കരാറിൽ വ്യവസ്ഥയില്ല. എന്നാൽ, കേന്ദ്ര സർക്കാറിന്റെയും ബിയാലിന്റെയും സഹകരണത്തോടെ യാത്രാ സർവിസുകൾ പുനരാരംഭിക്കാനാണ് എച്ച്.എ.എല്ലിന്റെ നീക്കം.
ഇതിന്റെ ഭാഗമായാണ് വ്യാഴാഴ്ച ഡൽഹിയിൽ യോഗം നടന്നത്. ഘട്ടംഘട്ടമായി സർവിസുകൾ ആരംഭിക്കാനാണ് ആലോചന. പ്രത്യേകിച്ച് തിരക്ക് കുറഞ്ഞ സമയങ്ങളിൽ തിരഞ്ഞെടുത്ത ഹ്രസ്വ-ദൂര വിമാനങ്ങൾ അനുവദിക്കുന്നതും ഈ നിർദേശത്തിൽ ഉൾപ്പെടുന്നു. രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളിലേക്കുള്ള രാത്രി വൈകിയുള്ള വിമാനങ്ങളും ഹുബ്ബള്ളി പോലുള്ള സ്ഥലങ്ങളിലേക്കുള്ള പ്രാദേശിക കണക്ഷനുകളും നിർദേശത്തിലുണ്ട്. ആവശ്യമായ അനുമതികൾ ലഭിച്ചാൽ ആഴ്ചകൾക്കുള്ളിൽ വിമാന സർവിസുകൾ ആരംഭിക്കാവുന്ന വിധത്തിൽ എച്ച്.എ.എൽ വിമാനത്താവളം സജ്ജമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

