വോട്ടര്‍മാരുടെ വിവരം ചോര്‍ത്തല്‍; രണ്ട് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു അന്വേഷണം തുടരും
text_fieldsrepresentational image
ബംഗളൂരു: ബംഗളൂരുവില്‍ വോട്ടര്‍മാരുടെ വിവരങ്ങള്‍ സ്വകാര്യ ഏജന്‍സി ചോര്‍ത്തിയ സംഭവത്തില്‍ സസ്പെന്‍ഷനിലായ രണ്ട് ഉദ്യോഗസ്ഥരെ സര്‍വിസില്‍ തിരിച്ചെടുത്തു.
ബംഗളൂരു അര്‍ബന്‍ ഡെപ്യൂട്ടി കമീഷണറായിരുന്ന കെ. ശ്രീനിവാസ്, ബി.ബി.എം.പി. അഡ്മിനിസ്ട്രേറ്റിവ് വിഭാഗം കമീഷണര്‍ എസ്. രംഗപ്പ എന്നിവരാണിവർ. കെ. ശ്രീനിവാസിന് രാജീവ് ഗാന്ധി ഹൗസിങ് കോര്പറേഷന് ലിമിറ്റഡ് എം.ഡിയായും രംഗപ്പയെ സ്റ്റേറ്റ് മിനറല്‍സ് കോര്പറേഷന് ലിമിറ്റഡിലെ എക്സിക്യൂട്ടിവ് ഡയറക്ടറുമായാണ് പുതിയ നിയമനം.
എന്നാൽ ഇവര്‍ക്കെതിരെയുള്ള അന്വേഷണം തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ മറവില്‍ ‘ഷിലുമെ ഫൗണ്ടേഷന്’ എന്ന സ്വകാര്യ ഏജന്‍സി ബംഗളൂരുവിലെ വിവിധ മണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയത് വൻ വിവാദമായിരുന്നു.
സംഭവത്തിൽ അന്വേഷണം തുടരുകയാണ്. ഏജന്‍സിക്ക് നഗരത്തില്‍ തെരഞ്ഞെടുപ്പ് ബോധവത്കരണം നടത്താന്‍ അനുമതി നല്‍കിയതില്‍ ബി.ബി.എം.പിക്ക് പിഴവുസംഭവിച്ചുവെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇതുവരെ ഒമ്പതുപേര്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്.
സ്വകാര്യസ്ഥാപനം ബൂത്ത് ലെവൽ ഓഫിസർമാരെ പോലെ ജീവനക്കാരെ നിയമിച്ച് വീടുകൾ കയറിയിറങ്ങി വോട്ടർമാരുടെ വിവരങ്ങൾ ചോർത്തുകയും ഇത് സർക്കാർ ആപ്പിനുപകരം സ്ഥാപനത്തിന്റെതന്നെ ആപ്പിൽ സൂക്ഷിക്കുകയുമായിരുന്നു.