ചീഫ് സെക്രട്ടറിയുടെ ഇരട്ടി വേതനവും സൗകര്യങ്ങളുമായി ഗ്യാരണ്ടി അതോറിറ്റി ചെയർമാൻ
text_fieldsരേവണ്ണ
ബംഗളൂരു: കർണാടക ഗ്യാരണ്ടി സ്‌കീംസ് ഇംപ്ലിമെന്റേഷൻ അതോറിറ്റി ചെയർമാൻ എച്ച്എം രേവണ്ണക്ക് പ്രതിമാസം 5.98 ലക്ഷം രൂപ ശമ്പളം ലഭിക്കുന്നുണ്ടെന്ന് സർക്കാർ വെളിപ്പെടുത്തി. സംസ്ഥാനത്തിന്റെ ഭരണത്തലവനായ ചീഫ് സെക്രട്ടറിയുടെ സ്ഥിര ശമ്പളം പ്രതിമാസം 2.25 ലക്ഷം രൂപയാണ്. വിവിധ ആനുകൂല്യങ്ങൾ ഉൾപ്പെടെ മൊത്തം ശമ്പളം മൂന്ന് ലക്ഷം കവിയുന്നേയുള്ളൂ. ഫെബ്രുവരിയിൽ മാത്രം രേവണ്ണയുടെ ഓഫീസിലെ 12 ജീവനക്കാർക്കായി സർക്കാർ 6.51 ലക്ഷം രൂപ ചെലവഴിച്ചുവെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു.
കാബിനറ്റ് റാങ്കുള്ള രേവണ്ണയുമായി ബന്ധപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു. വിവിധ സർക്കാർ സ്ഥാപനങ്ങളിലെ എല്ലാ ചെയർപേഴ്‌സൺമാർക്കും നൽകുന്ന ഏകീകൃത വേതനമാണ് നൽകുന്നത്. അതിനാൽ, ഇത് ഗ്യാരണ്ടി ഇംപ്ലിമെന്റേഷൻ അതോറിറ്റിയുടെ ചെയർമാൻ സ്ഥാനത്തിനായി സൃഷ്ടിച്ച ഒരു പ്രത്യേക വ്യവസ്ഥയോ ഗ്രാന്റോ അല്ല. 2024 ജനുവരിയിൽ രൂപവത്കരിച്ച അതോറിറ്റിയുടെ ചുമതല കോൺഗ്രസ് സർക്കാരിന്റെ അഞ്ച് പ്രധാന 'ഗ്യാരണ്ടി' പദ്ധതികളുടെ നടത്തിപ്പിന് മേൽനോട്ടം വഹിക്കുക എന്നതാണ്. 2026-27 ൽ അഞ്ച് പദ്ധതികൾക്കായി സർക്കാർ 51,286 കോടി രൂപ അനുവദിച്ചു. 2023 മുതൽ സർക്കാർ അവക്കായി 1.21 ലക്ഷം കോടിയിലധികം രൂപ ചെലവഴിച്ചു.
അതോറിറ്റിയിൽ അഞ്ച് വൈസ് ചെയർപേഴ്‌സൺമാരുണ്ട്. ഓരോരുത്തർക്കും സഹമന്ത്രിയുടേതാണ് പദവി. എസ്.ആർ. പാട്ടീൽ, സൂരജ് ഹെഗ്‌ഡെ, പുഷ്പ അമർനാഥ്, എസ്.ആർ. മെഹ്‌റോസ് ഖാൻ, ദിനേശ് ഗൂളിഗൗഡ എന്നിവർ ഓരോരുത്തർക്കും പ്രതിമാസം 4.43 ലക്ഷം രൂപ ശമ്പളം ലഭിക്കുന്നു. അവരുടെ ഓഫീസുകളിൽ 49 ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായി ഫെബ്രുവരിയിൽ 20.63 ലക്ഷം രൂപ ചെലവഴിച്ചു. സംസ്ഥാന കമ്മിറ്റിക്ക് പുറമേ സർക്കാരിന് ജില്ലാതല, താലൂക്ക് തല പാനലുകളും ഉണ്ട്. ജില്ലാ കമ്മിറ്റി ചെയർപേഴ്‌സണിന്റെ ശമ്പളം 40,000 രൂപയും വൈസ് ചെയർപേഴ്‌സണുടേത് 10,000 രൂപയുമാണ്. താലൂക്ക് ചെയർപേഴ്‌സന്റെ ശമ്പളം 25,000 രൂപയും ബംഗളൂരുവിലെ കമ്മിറ്റിയുടെ തലവന് 40,000 രൂപയുമാണ് ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

