‘ഗൃഹലക്ഷ്മി’ പദ്ധതി; എല്ലാ മാസവും 20നുള്ളിൽ പണം കൈമാറും
text_fieldsബംഗളൂരു: കോൺഗ്രസ് സർക്കാറിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ ‘ഗൃഹലക്ഷ്മി’ പദ്ധതിയിലെ ഗുണഭോക്താക്കൾക്കുള്ള പണം കിട്ടാനുള്ള കാലതാമസം ഒഴിവാക്കുമെന്ന് വനിത-ശിശു വികസന മന്ത്രി ലക്ഷ്മി ഹെബ്ബാൽക്കർ പറഞ്ഞു. എല്ലാ മാസവും 15നും 20നും ഇടയിൽ പണം ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിൽ എത്താനുള്ള നടപടി സ്വീകരിക്കും. ഇക്കാര്യത്തിൽ ധനമന്ത്രാലയത്തിന്റെ ഉറപ്പുലഭിച്ചതായും അവർ പറഞ്ഞു. കുടുംബനാഥകളായ വനിതകൾക്ക് മാസന്തോറും 2000 രൂപ ധനസഹായം നൽകുന്നതാണ് ‘ഗൃഹലക്ഷ്മി ’ പദ്ധതി.
എന്നാൽ, 20 ലക്ഷത്തിലധികം വനിതകൾക്ക് ആദ്യ ഗഡുപോലും ലഭിച്ചിട്ടില്ല. ആഗസ്റ്റ് 30നാണ് പദ്ധതി തുടങ്ങിയത്. എന്നാൽ, പണം കൈമാറുന്നതുമായി ബന്ധപ്പെട്ട് നിരവധി തടസ്സങ്ങളാണ് സർക്കാർ അഭിമുഖീകരിക്കുന്നത്. സാങ്കേതിക തടസ്സം മൂലമാണ് പണം ലഭിക്കുന്നതിൽ കാലതാമസമുണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു. പദ്ധതിക്കായി സർക്കാർ 1.10 കോടി രൂപ അനുവദിച്ചുകഴിഞ്ഞു. എന്നാൽ, ഗുണഭോക്താക്കളുടെ കെ.വൈ.സി വിവരങ്ങളുമായി ബന്ധപ്പെട്ടതും സാങ്കേതിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതുമായ തടസ്സങ്ങൾ മൂലമാണ് വനിതകളുടെ അക്കൗണ്ടുകളിൽ തുക വരാതിരിക്കുന്നത്. ആദ്യ ഗഡു കിട്ടാത്തവർക്ക് രണ്ടു ഗഡുവും ഒരുമിച്ചു കിട്ടുമെന്നും പ്രശ്നങ്ങൾ പരിഹരിക്കാൻ ബാങ്ക് അധികൃതരുമായടക്കം യോഗങ്ങൾ നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കുടുംബനാഥകളായ അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ സഹായം നൽകുന്ന സംസ്ഥാന സർക്കാറിന്റെ ‘ഗൃഹലക്ഷ്മി’ പദ്ധതിയിൽ സംസ്ഥാനത്തെ പകുതിയിലധികം വനിതകളും അംഗങ്ങളാണ്. സമ്പന്നവീടുകളിലെ ഗൃഹനാഥകൾക്ക് ഈ സാമ്പത്തിക ആനുകൂല്യം അനുവദിക്കില്ല. ആദായ നികുതിയും ജി.എസ്.ടിയും ഫയൽ ചെയ്യുന്ന കുടുംബത്തിലെ ഗൃഹനാഥകൾക്ക് അർഹതയില്ല. ആനുകൂല്യത്തിനായി തെറ്റായ വിവരങ്ങൾ നൽകിയാൽ കർശന നടപടിയെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.