ഗൃഹലക്ഷ്മി പദ്ധതി; മരിച്ച ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് 80 കോടി
text_fieldsഗുളിഗൗഡ, രേവണ്ണ
ബംഗളൂരു: സംസ്ഥാന സർക്കാറിന്റെ അഭിമാന പദ്ധതികളിലൊന്നായ ‘ഗൃഹലക്ഷ്മി’നിർവഹണത്തിൽ ഗുരുതര വീഴ്ച. മരിച്ച ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 80 കോടി രൂപ അയച്ചതായി കണ്ടെത്തി. ഈ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഗാരന്റി സ്കീംസ് ഇംപ്ലിമെന്റേഷൻ അതോറിറ്റി വൈസ് ചെയർമാൻ ദിനേശ് ഗൂളിഗൗഡ എം.എൽ.സി മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനും നിവേദനം നൽകി.
വീഴ്ച അന്വേഷിച്ച് നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. അന്ത്യോദയ, ബി.പി.എൽ, എ.പി.എൽ റേഷൻ കാർഡുകളിലെ ഗൃഹനാഥകൾക്ക് പ്രതിമാസം 2000 രൂപ പെൻഷൻ നൽകുന്ന പദ്ധതിയാണ് ഗൃഹലക്ഷ്മി.
നിലവിൽ ഇതിൽ 1,24,12,543 ഗുണഭോക്താക്കളുണ്ട്. സംസ്ഥാന സർക്കാർ ഇതുവരെ ഈ പദ്ധതിക്കായി 57,300 കോടിയിലധികം രൂപ ചെലവഴിച്ചു. മരിച്ചവരെ തിരിച്ചറിയുന്നതിനും അവരുടെ പേരിൽ കൂടുതൽ പണമടക്കലുകൾ തടയുന്നതിനും ഗുണഭോക്തൃ രേഖകൾ ഇടക്കിടെ പരിശോധിക്കേണ്ടതുണ്ടെന്ന് ഗുളിഗൗഡ പറഞ്ഞു. പെൻഷൻ നിയമങ്ങൾക്ക് സമാന്തരമായി ഗൃഹലക്ഷ്മി പദ്ധതി പ്രകാരം അർഹരായ ഗുണഭോക്താക്കൾ ഇടക്കിടെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.
മരിച്ച ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് സംസ്ഥാന ഖജനാവിൽനിന്ന് കോടിക്കണക്കിന് രൂപ ഇപ്പോഴും ക്രെഡിറ്റ് ചെയ്യുന്നുണ്ടെന്ന് സംസ്ഥാന ഗാരന്റി ഇംപ്ലിമെന്റേഷൻ കമ്മിറ്റി ചെയർമാൻ എച്ച്.എം. രേവണ്ണ പറഞ്ഞു.
റായ്ച്ചൂർ ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗാരന്റി മേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആകെ 1,44,056 വനിത ഗുണഭോക്താക്കൾ ഇതിനകം മരിച്ചുവെന്ന് രേവണ്ണ പറഞ്ഞു. ഇതിൽ 68,776 ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ അവരുടെ മരണശേഷവും ഇടപാട് തുടർന്നു. മരിച്ച ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് 79,75,66,000 രൂപഅയച്ചതായും അവരുടെ മരണശേഷം അവരുടെ പേരിൽ 2,000 രൂപ വീതമുള്ള 3,98,783 ഗഡുക്കൾ അനുവദിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

