പഴപ്രേമികൾക്ക് ആഘോഷമായി ലാല്‍ബാഗില്‍ മുന്തിരി-തണ്ണിമത്തന് മേള
text_fieldsലാൽബാഗിൽ നടക്കുന്ന മുന്തിരി- തണ്ണിമത്തൻ മേളയിൽനിന്ന്
ബംഗളൂരു: ഹോർട്ടികൾച്ചറൽ പ്രൊഡ്യൂസേഴ്സ് കോഓപറേറ്റിവ് മാർക്കറ്റിങ് ആൻഡ് പ്രോസസിങ് സൊസൈറ്റി (ഹോപ്കോംസ്) സംഘടിപ്പിക്കുന്ന വാർഷിക ‘മുന്തിരി, തണ്ണിമത്തൻ മേള’ ലാൽബാഗിലുള്ള ഹോപ്കോംസ് പ്രധാന വിപണന കേന്ദ്രത്തിൽ ആരംഭിച്ചു. ചിക്പേട്ട് എം.എല്‍.എ ഉദയ് ഗരുഡാചര് മേള ഉദ്ഘാടനം ചെയ്തു. ഉപഭോക്താക്കള്‍ക്ക് കൗതുകമായി വിവിധയിനം മുന്തിരികളും തണ്ണിമത്തനും മേളയില്‍ ലഭ്യമാണ്. സിഗ്ന ഗോള്‍ഡ്, യെല്ലോ തണ്ണിമത്തന്, തണ്ണിമത്തന് നെയിം സേക്ക്,വൈഡ് തണ്ണിമത്തന്, കിരണ്‍ തണ്ണിമത്തന് തുടങ്ങി നാല് തരത്തിലുള്ള തണ്ണിമത്തനും ഗ്രേപ് ടി.എസ്, ഗ്രേപ് ഓസ്ട്രേലിയ റെഡ് ഗ്ലോബ്, ഗ്രേപ് കൃഷ്ണ ശാരദ സൂപ്പര്‍, ഗ്രേപ് ഫ്രൂട്ട്, ഗ്രേപ് ടി.ജി, ബാംഗ്ലൂര്‍ ബ്ലൂ, ഗ്രേപ്സ് (പ്ലംസ്), ഗോള്‍ഡന്‍ ഗ്രേപ്സ്, സോണിക എന്നീ 10 ഇനം മുന്തിരിയും ഇത്തവണ വിൽപനക്കുണ്ട്.
കര്‍ഷകര്‍ നേരിട്ടാണ് വിപണനം നടത്തുന്നത് എന്നതാണ് മേളയുടെ മുഖ്യ ആകര്‍ഷണം. മേള സാമ്പത്തികമായി മെച്ചം നല്‍കുന്നുവെന്നും തങ്ങള്‍ തണ്ണിമത്തന്, പപ്പായ തുടങ്ങിയവ മാത്രമാണ് കൃഷി ചെയ്യുന്നത് എന്നും കര്‍ഷകനായ ബസവരാജ് ബി.എം പറഞ്ഞു. കച്ചവടം നല്ല രീതിയില്‍ നടക്കുന്നുവെന്നും 10 ശതമാനം വിലക്കുറവിലാണ് സാധനങ്ങള്‍ വില്‍ക്കുന്നത് എന്നും കച്ചവടക്കാരനും മാണ്ഡ്യ സ്വദേശിയുമായ ഗിരിശങ്കര്‍ പറയുന്നു. രാസവസ്തുക്കള്‍ ചേര്‍ക്കാത്ത ജ്യൂസ് നിർമാണത്തിനും കര്‍ഷകരില്‍ നിന്നും നേരിട്ട് വാങ്ങുന്ന മുന്തിരി ഉപയോഗിക്കുന്നു. ഇത്തരം ജ്യൂസുകള്‍ ലാല്‍ ബാഗിനുള്ളില്‍ ലഭ്യമാണ്. കൂടാതെ സോണിക, ഗോള്‍ഡന്‍ മുന്തിരി എന്നിവ ഉണക്കി വില്‍ക്കുകയും ചെയ്യുമെന്നും കച്ചവടക്കാര്‍ പറയുന്നു.
ബെളഗാവിയില്നിന്നാണ് ഇത്തവണ മുന്തിരി എത്തിയിരിക്കുന്നത്. കോലാര്‍, ചിക്കബല്ലാപുര, ബാഗല് കോട്ട, ബിജാപൂര്‍ എന്നിവിടങ്ങളില്‍ നിന്നും മുന്തിരി വിപണിയില്‍ എത്താറുണ്ടെന്ന് ഹോപ്കോംസ് ഓഫിസര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.അപ്പാര്‍ട്ട്മെന്റുകളിലെ താമസക്കാര്‍ക്ക് കര്‍ഷകരില്‍നിന്ന് സാധനങ്ങള്‍ നേരിട്ട് ഓര്‍ഡര്‍ ചെയ്യുന്നതിനായി ഹോപ്കോംസ് ബംഗളൂരുവിലെ അപ്പാർട്ട്മെന്റ് ഫെഡറേഷനുമായി (ബി.എഫ്.ഐ) സഹകരിച്ച് വാട്സ്ആപ് ഗ്രൂപ് ഉടന്‍ ഉണ്ടാക്കുമെന്ന് ജനറല്‍ മാനേജര്‍ ജയപ്രകാശ് പറഞ്ഞു. ഇന്ത്യയില്‍ പഴം, പച്ചക്കറി എന്നിവക്കായി നിലവിലുള്ള ഏക അസോസിയേഷനാണ് ഹോപ്കോംസ്. ഗുണനിലവാരമുള്ള പഴവും പച്ചക്കറിയും വിപണിയില്‍ എത്തിക്കുന്നതില്‍ അതീവ ശ്രദ്ധരായതിനാല് 1959 മുതല്‍ ഉപഭോക്താക്കളുടെ പിന്തുണ തങ്ങള്‍ക്ക് ലഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാവിലെ 10 മുതല്‍ രാത്രി എട്ട് വരെയാണ് മേള. 20 ദിവസത്തോളം മേള തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

