എഴുത്ത് സൂക്ഷ്മതയുടെ കല -ജി.ആർ. ഇന്ദുഗോപൻ
text_fieldsദൂരവാണി നഗർ കേരള സമാജത്തിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച
സാഹിത്യ സമ്മേളനത്തിൽ എഴുത്തുകാരൻ ജി.ആർ. ഇന്ദുഗോപൻ സംസാരിക്കുന്നു
ബംഗളൂരു: സൂക്ഷ്മതയുടെ കലയാണ് എഴുത്തെന്ന് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജി.ആർ. ഇന്ദുഗോപൻ പറഞ്ഞു. ദൂരവാണി നഗർ കേരള സമാജത്തിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ സാഹിത്യ സമ്മേളനത്തിൽ ‘ആവിഷ്കാരത്തിന്റെ പ്രേരകങ്ങളും പ്രചോദനങ്ങളും’ എന്ന വിഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഥ എഴുതാനുള്ള ആശയം കിട്ടിയാൽ അതിന് ചുറ്റുമുള്ള ജ്വാല നഷ്ടപ്പെടാതെ കത്തിപ്പടരാൻ ഉതകുന്ന കഥാപാത്രങ്ങളെയും സങ്കട- സംഘർഷങ്ങളെയും എഴുത്തുകാരൻതന്നെ തേടിപ്പിടിക്കണം. ഓരോ എഴുത്തുകാരും സ്വീകരിക്കുന്നത് വ്യത്യസ്ത വഴികളായിരിക്കുമെന്നും എഴുത്ത് ശ്രദ്ധേയമാകുന്നത് സ്വീകരിക്കുന്ന വഴി അനുസരിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മരിക്കാതിരിക്കാനാണ് എഴുതുന്നതെന്നും എഴുതാനുള്ള പ്രേരണയുടെ വഴികൾ അജ്ഞാതമാണെന്നും തുടർന്ന് സംസാരിച്ച പ്രശസ്ത കവി വീരാൻകുട്ടി പറഞ്ഞു. പലപ്പോഴും എഴുത്ത് നമ്മുടെ ഉള്ളിൽനിന്ന് ആകസ്മികമായി ഒരു മിന്നൽ പോലെ വന്നുചേരുന്നതാണ്. ഏറക്കുറെ അജ്ഞാതമാണ് അതിന്റെ പിറവിരഹസ്യം. ഒരുപക്ഷേ, എല്ലാ എഴുത്തുകാരുടെയും എഴുതിയില്ലെങ്കിൽ മരിച്ചുപോകുന്ന മട്ടിലുള്ള ഒരു ആത്മപ്രേരണയാണ് ഒരാളെ എഴുത്തിന്റെ വഴിയിൽ അലയാൻ അർഹനാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.സമാജം പ്രസിഡന്റ് മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു.
സാഹിത്യ വിഭാഗം സബ് കമ്മിറ്റി അംഗം രേഖ പി. മേനോൻ, കൺവീനർ സി. കുഞ്ഞപ്പൻ എന്നിവർ യഥാക്രമം ജി.ആർ. ഇന്ദു ഗോപനെയും വിരാൻകുട്ടി മാഷിനെയും പരിചയപ്പെടുത്തി. ട്രഷറർ എം.കെ. ചന്ദ്രൻ, ജോയന്റ് സെക്രട്ടറി പി.സി. ജോണി എന്നിവർ മുഖ്യാതിഥികൾക്ക് പൂച്ചെണ്ട് നൽകി സ്വീകരിച്ചു. സാഹിത്യ വിഭാഗം ചെയർമാൻ കെ. ചന്ദ്രശേഖരൻ നായർ ചർച്ച ഉദ്ഘാടനം ചെയ്തു. തുടർന്ന് ടി.എ. കലിസ്റ്റസ്, വി.കെ. സുരേന്ദ്രൻ, കെ.ആർ. കിഷോർ രഞ്ജിത്ത്, ഡോ. പി. രാജൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ അവതാരകനായി. മേധ എസ്. നായർ, സ്മിത മോഹൻ, രേഖ പി. മേനോൻ, തങ്കമ്മ സുകുമാരൻ, സൗദ റഹ്മാൻ, രതി സുരേഷ് എന്നിവർ കവിതകൾ ആലപിച്ചു. വൈസ് പ്രസിഡന്റ് എം.പി. വിജയൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

