18 ബി.ജെ.പി എം.എൽ.എമാരുടെ സസ്പെൻഷൻ പിൻവലിക്കാൻ ഗവർണറുടെ നിർദേശം
text_fieldsബംഗളൂരു: കർണാടക നിയമസഭയിലെ 18 ബി.ജെ.പി അംഗങ്ങളുടെ സസ്പെൻഷൻ പിൻവലിക്കാനുള്ള അപേക്ഷ അനുകൂലമായി പരിഗണിക്കണമെന്നും ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും നിർദേശിച്ച് ഗവർണർ താവർചന്ദ് ഗെലോട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്കും നിയമസഭ സ്പീക്കർ യു.ടി. ഖാദറിനും കത്തെഴുതി. സംസ്ഥാനത്തെ ജനാധിപത്യ മൂല്യങ്ങളുടെ അടിസ്ഥാന തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും സസ്പെൻഡ് ചെയ്യപ്പെട്ട എം.എൽ.എമാർക്ക് ജനപ്രതിനിധികൾ എന്ന നിലയിൽ അവരുടെ ഉത്തരവാദിത്തങ്ങൾ പുനരാരംഭിക്കാൻ പ്രാപ്തമാക്കുന്നതിനും വേണ്ടി അത്തരമൊരു തീരുമാനം എടുക്കണമെന്ന് ഗവർണർ മുഖ്യമന്ത്രിക്കും സ്പീക്കർക്കും അയച്ച വെവ്വേറെ കത്തുകളിൽ പറഞ്ഞു.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര, പ്രതിപക്ഷ നേതാവ് ആർ. അശോക എന്നിവരുടെ നേതൃത്വത്തിലുള്ള ബി.ജെ.പി പ്രതിനിധി സംഘം തിങ്കളാഴ്ച രാജ്ഭവനിൽ ഗവർണറെ കണ്ട് സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം സമർപ്പിച്ചിരുന്നു. സസ്പെൻഷൻ ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് അവർ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. സസ്പെൻഷൻ പുനഃപരിശോധിക്കാൻ സ്പീക്കറോട് നിർദേശിക്കണമെന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ എന്ന നിലയിൽ എം.എൽ.എമാരെ അവരുടെ കടമകൾ നിറവേറ്റാൻ അനുവദിക്കണമെന്നും അവർ ഗവർണറോട് ആവശ്യപ്പെട്ടു.
പ്രധാന പ്രതിപക്ഷ പാർട്ടിയിൽപെട്ട 18 എം.എൽ.എമാരുടെ മേൽ ചുമത്തിയ സസ്പെൻഷൻ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിലെയും കൗൺസിലിലെയും ബി.ജെ.പി നിയമസഭാ കക്ഷി നേതാക്കൾ സമർപ്പിച്ച നിവേദനം ഗവർണർ മുഖ്യമന്ത്രിക്കും സ്പീക്കർക്കുമുള്ള കത്തുകളിൽ ഉദ്ധരിച്ചു. കത്തിന്മേൽ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ ശ്രദ്ധയിൽപെടുത്താനും ഗവർണർ നിർദേശിച്ചു.
മാർച്ച് 21ന് നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസമായിരുന്നു സസ്പെൻഷനിലേക്ക് നയിച്ച സംഭവം. പൊതുകരാറുകളിൽ മുസ്ലിംകൾക്ക് നാല് ശതമാനം സംവരണം ഏർപ്പെടുത്തുന്നതിനെ എതിർക്കുകയും സഹകരണ മന്ത്രി കെ.എൻ. രാജണ്ണ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന ‘ഹണി ട്രാപ്പ്’ ശ്രമത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുകയും ചെയ്ത ബി.ജെ.പി എം.എൽ.എമാർ സഭക്കുള്ളിൽ വൻ പ്രതിഷേധം നടത്തി. ചില അംഗങ്ങൾ സ്പീക്കറുടെ വേദിയിലേക്ക് കയറി അദ്ദേഹത്തിന്റെ കസേര വളഞ്ഞു. മറ്റുള്ളവർ സഭയുടെ നടുത്തളത്തിൽനിന്ന് ബില്ലുകൾ എറിഞ്ഞു. തുടർന്ന്, അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി 18 ബി.ജെ.പി എം.എൽ.എമാരെ നിയമസഭ സ്പീക്കർ യു.ടി. ഖാദർ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്യുകയായിരുന്നു. നിയമസഭയിൽനിന്ന് പോകാൻ വിസമ്മതിച്ചതിനെതുടർന്ന് മാർഷലുകൾ അവരെ ബലമായി പുറത്താക്കി.
ബി.ജെ.പി ചീഫ് വിപ്പ് ദൊഡ്ഡന ഗൗഡ പാട്ടീൽ, മുൻ ഉപമുഖ്യമന്ത്രി സി.എൻ. അശ്വത് നാരായൺ, എസ്.ആർ. വിശ്വനാഥ്, ബി.എ. ബസവരാജു, എം.ആർ. പാട്ടീൽ, ചന്നബസപ്പ, ബി. സുരേഷ് ഗൗഡ, ഉമാനാഥ് കോട്യൻ, ശരണു സലാഗർ, ഡോ. ശൈലേന്ദ്ര ബെൽദാലെ, സി.കെ. രാമമൂർത്തി, യശ്പാൽ ചന്ദ്, ഭരത്, ഹരത്രി സുവർണ, ബി.പി. ഹർതിഷ്, ബി.പി. ലമണി, മുനിരത്ന, ബസവരാജ് എന്നിവരാണ് സസ്പെൻഡ് ചെയ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

