മെട്രോ നിരക്ക് വർധനയിൽ സർക്കാർ ഇടപെടില്ല -ഡി.കെ
text_fields1. മെട്രോ റെയിൽവേ സംബന്ധിച്ച് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ചർച്ച നടത്തുന്നു. 2. ബംഗളൂരു വികസന അതോറിറ്റി ചെയർമാൻ എൻ.എ. ഹാരിസ് എം.എൽ.എ സമീപം
ബംഗളൂരു: മെട്രോ നിരക്ക് വർധന സംബന്ധിച്ച് ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് തീരുമാനമെടുക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചക്കുശേഷം ബി.എം.ആർ.സി.എൽ ഓഫിസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെട്രോ നിരക്ക് വർധന സംബന്ധിച്ച് ഒരു കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
കോർപറേഷൻ അതിൽ തീരുമാനവും കൈക്കൊണ്ടു. റിപ്പോർട്ടിന്റെ ഉള്ളടക്കത്തിൽ താൻ ഇടപെടില്ല. ബംഗളൂരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി പുതിയ മെട്രോ റൂട്ടുകളിൽ ഡബ്ൾ ഡെക്കർ റോഡുകൾ നിർമിക്കൽ, നഗര സൗന്ദര്യവത്കരണം എന്നിവ ഉൾപ്പെടെ അംഗീകരിച്ചു.എല്ലാ പുതിയ മെട്രോ റൂട്ടുകളിലും ഏകദേശം 40 കിലോമീറ്റർ ദൈർഘ്യത്തിൽ ഡബ്ൾ ഡെക്കർ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാവും. അടുത്ത 30 -40 വർഷം മുന്നിൽകണ്ടാണ് പദ്ധതിയിടുന്നത്. ചെലവുകൾ ബംഗളൂരു നഗരസഭയും (ബി.ബി.എം.പി) നമ്മ മെട്രോയും (ബി.എം.ആർ.സി.എൽ) തുല്യമായി പങ്കിടും. ഡബ്ൾ ഡെക്കർ റെയിൽവേക്കായി 9,800 കോടി രൂപയുടെ അധിക ചെലവ് വരും. രാഗിഗുദ്ദയിലെ പൈലറ്റ് പദ്ധതി വിജയകരമായിരുന്നു. ഭാവിയിലെ മെട്രോ സ്റ്റേഷനുകളിൽ മതിയായ പാർക്കിങ് സൗകര്യം ഉണ്ടാവണമെന്നാണ് കാഴ്ചപ്പാട്. നിലവിൽ ആളുകൾ മെട്രോ ഉപയോഗിക്കുന്നതിനായി റോഡരികുകളിലും സ്വകാര്യ സ്ഥലങ്ങളിലുമാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇത് പരിഹരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. മൂന്നാം ഘട്ട മെട്രോ റൂട്ടുകൾക്ക് ഡബ്ൾ ഡെക്കർ അടിസ്ഥാന സൗകര്യങ്ങൾ നിർബന്ധമാണ്. വർധിച്ചുവരുന്ന ഭൂമി ഏറ്റെടുക്കൽ ചെലവ് കാരണം റോഡ് വീതി കൂട്ടൽ പ്രയാസമാവുന്നുണ്ട്.
ബ്രാൻഡ് ബംഗളൂരു സംരംഭത്തിനുകീഴിൽ നഗര സൗന്ദര്യവത്കരണത്തിൽ ബി.ബി.എം.പിയും ബി.എം.ആർ.സി.എലും സഹകരിക്കണം. മെട്രോ പില്ലറുകൾ പരസ്യങ്ങൾക്കായി ഉപയോഗിക്കും. വരുമാനം രണ്ട് ഏജൻസികളും തുല്യമായി പങ്കിടും.
തുമകുരു -കെ.ആർ പുരം റോഡിലെ ഗതാഗതം സുഗമമാക്കുന്നതിന് ബംഗളൂരു വികസന അതോറിറ്റി, മെട്രോ, ബി.ബി.എം.പി എന്നിവ സംയുക്തമായി ബി.ഡി.എയുടെ ധനസഹായത്തോടെ അടിപ്പാത നിർമിക്കുമെന്ന് ശിവകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

