ആർ.കെ. നാരായണന്റെ വീട് ഇനി ടൂറിസ്റ്റ് കേന്ദ്രം
text_fieldsബംഗളൂരു: മാൽഗുഡി ഡെയ്സ് അടക്കമുള്ള രചനകളിലൂടെ സാഹിത്യാസ്വാദകരുടെ മനം കവർന്ന എഴുത്തുകാരൻ ആർ.കെ. നാരായണന്റെ വീട് ടൂറിസ്റ്റ് കേന്ദ്രമായി സംസ്ഥാന സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
മൈസൂരു വിവേകാനന്ദ റോഡ് യാദവഗിരിയിലാണ് ആർ.കെ. നാരായണന്റെ വീട്. രാസിപുരം കൃഷ്ണ സ്വാമി അയ്യര് നാരായണ സ്വാമി എന്ന ആർ.കെ. നാരായണൻ 1950 മുതൽ 1990 വരെ സാഹിത്യ മേഖലയിൽ സജീവമായിരുന്നു. ഇദ്ദേഹത്തിന്റെ വ്യക്തിപര ശേഖരങ്ങളും പുസ്തകങ്ങളും മ്യൂസിയത്തിൽ പ്രദർശനത്തിന് വെക്കുകയും 2016ൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുകയും ചെയ്തു. 2011ൽ അദ്ദേഹത്തിന്റെ കുടുംബം വീട് പൊളിച്ചുനീക്കി ബഹുനില ആഢംബര അപ്പാർട്ട്മെന്റ് നിർമിക്കാൻ പദ്ധതിയിട്ടിരുന്നു. സൺ ഷേഡും സീലിങ്ങും പൊളിച്ചു.
തുടർന്ന് എഴുത്തുകാരന്റെ ആരാധകരും ആക്റ്റിവിസ്റ്റുകളും ഈ നീക്കത്തെ ചെറുക്കുകയും വീട് സംരക്ഷിക്കുന്നതിനായി കാമ്പയിൻ നടത്തുകയും ചെയ്തു. പൊതുജനങ്ങളുടെ നിർബന്ധത്തിന് വഴങ്ങി മൈസൂരു സിറ്റി കോർപറേഷൻ (എം.സി.സി), പുരാവസ്തു വകുപ്പ്, മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി (മുഡ), കർണാടക അർബൻ ആൻഡ് റൂറൽ പ്ലാൻ ആക്ട് പ്രകാരം ലഭിച്ച 2.40 കോടി ഉപയോഗിച്ച് മ്യൂസിയം നിർമിച്ചു. 10,800 ചതുരശ്ര മീറ്ററിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്.
ആർ.കെ. നാരായണന്റെ പേരക്കുട്ടികളായ ഭുവനേശ്വരി, ശ്രീനിവാസ് എന്നിവരിൽനിന്ന് 2011ൽ വസ്തു വാങ്ങുകയും 35 ലക്ഷം രൂപ ചെലവഴിച്ച് നവീകരിക്കുകയും ചെയ്തു.കർണാടക ടൂറിസം പോളിസിയുടെ ഭാഗമായി സംസ്ഥാന സർക്കാർ 1,275 ടൂറിസ്റ്റ് കേന്ദ്രങ്ങൾ വിവിധ ജില്ലകളിൽ ആരംഭിച്ചു. ഇവയിൽ 13 എണ്ണം മൈസൂരുവിലാണ്. ഇവയിലൊന്നാണ് ആർ.കെ. നാരായണന്റെ വീട്.
വിശദമായ പ്രോജക്ട് റിപ്പോർട്ട്, ചെലവ്, സ്ഥലത്തിന്റെ മാപ്പ് എന്നിവ തയാറാക്കാൻ സർക്കാർ ഉദ്യോഗസ്ഥരോട് നിർദേശിച്ചിട്ടുണ്ട്. സാങ്കേതിക വിലയിരുത്തൽ നടത്തിയശേഷം ടെൻഡർ നടപടികൾക്കായി നൽകും. 1948 ലാണ് ആർ.കെ. നാരായണൻ വീട് പണിതത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

