സ്കൂളുകളിൽ വാട്ടർ ടാങ്കിൽ വിഷം കലർത്തിയ സംഭവം; മുൻകരുതലിന് പൊതുമാർഗ നിർദേശവുമായി സർക്കാർ
text_fieldsപ്രതീകാത്മക ചിത്രം
ബംഗളൂരു: ബെളഗാവിയിലും ശിവമൊഗ്ഗയിലും സർക്കാർ സ്കൂളുകളിലെ വാട്ടർ ടാങ്കുകളിൽ ആക്രമികൾ വിഷം കലർത്തിയ സംഭവങ്ങൾ കണക്കിലെടുത്ത് സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് പൊതുമാർഗനിർദേശം പുറത്തിറക്കി. പ്രധാനമായും 25 ഇന നിർദേശങ്ങളാണ് സർക്കുലറിലുള്ളത്.
ക്ലാസ് തുടങ്ങുന്നതിനു മുമ്പ് സ്കൂള്‍ പരിസരം സമഗ്രമായി പരിശോധിക്കുക, കുടിവെള്ളത്തിൽ രാസവസ്തുക്കളുടെ സാന്നിധ്യമുണ്ടോയെന്നും വെള്ളത്തിന് ദുര്‍ഗന്ധമുണ്ടോ എന്നും പരിശോധിക്കുക, ടാങ്ക് പതിവായി വൃത്തിയാക്കുന്നുണ്ടോയെന്നും അവ അടച്ചിടുന്നുണ്ടോ എന്നിവ പരിശോധിക്കുക, സ്കൂൾ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ നിലവാരം, കോമ്പൗണ്ട് മതിൽ, ഗേറ്റ്, കുടിവെള്ള ലഭ്യത, ശൗചാലയ ശുചിത്വം, ഉച്ചഭക്ഷണം നൽകൽ, ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാര പരിശോധന, വിദ്യാർഥികളുടെ ഹാജർ നില, കുട്ടികളുടെ സുരക്ഷ എന്നിവ കാര്യക്ഷമമാക്കുക എന്നിവയാണ് പ്രധാന നിർദേശങ്ങൾ. കാമ്പസില്‍ പ്രാഥമിക സുരക്ഷ കിറ്റ് തയാറാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
ഹെഡ് മാസ്റ്റര്‍ സ്റ്റുഡന്റ്സ് അച്ചീവ്മെന്റ് ട്രാക്കിങ് സിസ്റ്റം (എസ്.എ.ടി.എസ്) പോർട്ടലിൽ ദിവസേനയുള്ള പരിശോധനയുടെ വിവരങ്ങള്‍ നിര്‍ബന്ധമായും ഹെഡ്മാസ്റ്റർ രേഖപ്പെടുത്തണം. പ്രധാനാധ്യാപകൻ എസ്.ഒ.പി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർമാർ, ബന്ധപ്പെട്ട ജില്ല നോഡൽ ഓഫിസർമാർ, പൊതു വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാർ (അഡ്മിനിസ്ട്രേഷൻ/ ഡെവലപ്മെന്റ്), ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർമാർ, ഇ.സി.ഒകൾ, ബി.ആർ.സി.കൾ, ബി.ആർ.പികൾ, സി.ആർ.പികൾ എന്നിവർക്ക് നിർദേശം നൽകിയിട്ടുണ്ട്. തങ്ങളുടെ അധികാരപരിധിയിലുള്ള സ്കൂളുകൾ പതിവായി സന്ദർശിക്കണമെന്നും നിർദേശിച്ചു.
മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ ഹെഡ്മാസ്റ്റർമാർക്കും തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥർക്കും എതിരെ നടപടി സ്വീകരിക്കും. സ്കൂള്‍ പരിസരത്ത് പ്രവേശിക്കുന്ന രക്ഷിതാക്കളല്ലാത്തവര്‍ സന്ദര്‍ശക പുസ്തകത്തില്‍ പേര്, ഫോണ്‍ നമ്പര്‍, സന്ദര്‍ശന ഉദ്ദേശ്യം, ആരെയാണ് കാണേണ്ടത് എന്നീ കാര്യങ്ങള്‍ വ്യക്തമാക്കണം.
2009ലെ വിദ്യാഭ്യാസ അവകാശ നിയമം, 2012ലെ ആർ.ടി.ഇ നിയമങ്ങൾ, കർണാടക സംസ്ഥാന ബാലാവകാശ നയം-2016, വിദ്യാഭ്യാസ വകുപ്പ് ഓഫിസ് പുറപ്പെടുവിച്ച വിവിധ സർക്കുലറുകൾ എന്നിവ പ്രകാരം, കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് സ്കൂൾ തലത്തിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളെക്കുറിച്ച് നിർദേശങ്ങൾ നൽകിയിരുന്നെങ്കിലും കുട്ടികളുടെ സുരക്ഷയിൽ വീഴ്ചയുണ്ടായതായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പുതിയ സർക്കുലർ ഇറക്കിയതെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് കമീഷണർ കെ.വി. ത്രിലോക് ചന്ദ്ര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

