സർക്കാർ ജീവനക്കാർ മാസത്തിലെ എല്ലാ ആദ്യ ശനിയാഴ്ചകളിലും ഖാദി ധരിക്കണം
text_fieldsബംഗളൂരു: തദ്ദേശീയ ഉൽപന്നങ്ങള് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും ഉദ്യോഗസ്ഥരും മാസത്തിലെ എല്ലാ ആദ്യ ശനിയാഴ്ചകളിലും ഖാദി ധരിക്കണം. ചീഫ് സെക്രട്ടറി ശാലിനി രജനീഷിന്റെ അധ്യക്ഷതയിൽ വിവിധ സർക്കാർ വകുപ്പുകൾ, ബോർഡുകൾ, കോർപറേഷനുകൾ, ജീവനക്കാരുടെ സംഘടനകൾ എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
ഖാദി ഉല്പന്നങ്ങളുടെ പ്രചാരണം, ജീവനക്കാരുടെ ക്ഷേമ നടപടികള്‍ എന്നിവയെക്കുറിച്ചും യോഗം ചര്‍ച്ചചെയ്തു. കൂടാതെ കർണാടക സിൽക്ക് ഇൻഡസ്ട്രീസ് കോർപറേഷൻ (കെ.എസ്.ഐ.സി) നിലവിൽ ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് സിൽക്ക് സാരികളും തുണിത്തരങ്ങളും വാങ്ങുന്നതിന് നൽകിവരുന്ന അഞ്ചുശതമാനം പ്രത്യേക കിഴിവ് എല്ലാ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ലഭ്യമാക്കും.
ഏപ്രിൽ 21ന് സംരംഭം ഔദ്യോഗികമായി നടപ്പാക്കും. പൊതുജനങ്ങള്‍ക്കിടിയില്‍ ഖാദി ഉല്പന്നങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കുക, ഖാദി മേഖലക്ക് പിന്തുണ നല്‍കുക എന്നിവയാണ് ലക്ഷ്യം. സർക്കാർ നടത്തുന്ന ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ഔട്ട്ലെറ്റുകളിൽനിന്ന് ഖാദി വസ്ത്രങ്ങൾ വാങ്ങുന്ന ജീവനക്കാർക്ക് നിലവിലുള്ള ഇളവുകൾക്ക് പുറമേ അഞ്ചുശതമാനം അധിക കിഴിവ് നൽകുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പുരുഷന്മാര്ക്ക് ഖാദി ഷര്‍ട്ട്, പാന്റ്സ്, ഓവര്‍കോട്ട് എന്നിവയും സ്ത്രീകള്‍ക്ക് ഖാദി അല്ലെങ്കിൽ ഖാദി സിൽക്ക് സാരികൾ, ചുരിദാര്‍, എന്നിവയും ധരിക്കാം. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സര്‍ക്കാര്‍ ഉടന്‍ പുറപ്പെടുവിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

