എൻ.എച്ച് 169 വീതി കൂട്ടൽ: അന്വേഷിക്കാൻ സർക്കാറിന് നിർദേശം
text_fieldsപ്രതീകാത്മക ചിത്രം
ബംഗളൂരു: പരിസ്ഥിതിലോല മേഖലയായ സോമേശ്വര വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന ദേശീയപാത 169 വീതി കൂട്ടുന്നത് നിയമം ലംഘിച്ചെന്ന പരാതിയിൽ അന്വേഷണം നടത്താൻ പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന മന്ത്രാലയം കർണാടക സർക്കാറിന് നിർദേശം നൽകി.
ശിവമൊഗ്ഗ ആസ്ഥാനമായ എൻ.ജി.ഒ ഗ്രീൻ ലൈവ്സ് നൽകിയ പരാതിയിലാണ് നടപടി. ഹൈവേ വീതികൂട്ടുന്നിടത്ത് വൈൽഡ് ലൈഫ് സാങ്ച്വറിയോ പരിസ്ഥിതിലോല മേഖലയോ ഇല്ലെന്ന് നാഷനൽ ഹൈവേ അതോറിറ്റി വനംവകുപ്പിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നാണ് ഗ്രീൻ ലൈവ്സ് പരാതിയിൽ പറയുന്നത്. പരിസ്ഥിതിലോല മേഖല വിജ്ഞാപനമനുസരിച്ച് ദേശീയപാതയുടെ നാല് കിലോമീറ്റർ ദൂരം വന്യജീവി സങ്കേതത്തിനകത്താണ്. പരിസ്ഥിതി ലോല മേഖല മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതിയില്ലാതെയാണ് ദേശീയപാത അതോറിറ്റി പ്രവൃത്തികൾ ആരംഭിച്ചത്. ഫെബ്രുവരിയിൽ ശിവമൊഗ്ഗ ഫോറസ്റ്റ് ഡെപ്യൂട്ടി കൺസർവേറ്റർ (ഡി.സി.എഫ്) നടത്തിയ സ്ഥലപരിശോധനയിൽ 15.98 കിലോമീറ്ററിനും 26.68 കിലോമീറ്റിനും ഇടയിൽ വന-വനേതര പ്രദേശങ്ങൾ ഉൾപ്പെട്ടിട്ടുള്ളതായി കണ്ടെത്തിയിരുന്നു.
26.7 കിലോമീറ്റർ മുതൽ 30.75 കിലോമീറ്റർ വരെ ടാറിങ് മാത്രമേ നടത്തുന്നുള്ളൂ എന്നാണ് ഡി.സി.എഫ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, ഇവിടെ ആയിരക്കണക്കിന് ലോഡ് മണ്ണ് നീക്കിയതായി ‘മുമ്പും പിമ്പും’ എടുത്ത ഫോട്ടോഗ്രാഫുകൾ വ്യക്തമാക്കുന്നു.
ദേശീയപാത അതോറിറ്റിയുടെ റോഡ് വീതി കൂട്ടാനുള്ള പദ്ധതി തള്ളണമെന്നാണ് എൻ.ജി.ഒ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. അതേസമയം, നിയമപ്രകാരമുള്ള നടപടികളേ സ്വീകരിച്ചിട്ടുള്ളൂ എന്നാണ് കദ്രീമുഖ് വൈൽഡ് ലൈഫ് ഡിവിഷൻ ഡി.സി.എഫ് ശിവറാം ബാബു പറയുന്നത്.റീജനൽ കമീഷണർ നേതൃത്വം നൽകുന്ന മോണിറ്ററിങ് കമ്മിറ്റിയാണ് തീരുമാനങ്ങളെടുത്തതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

