പദ്ധതിക്ക് മികച്ച പ്രതികരണം; ഗൃഹ ആരോഗ്യ പദ്ധതി വിപുലീകരിക്കാൻ സർക്കാർ
text_fieldsബംഗളൂരു: ആരോഗ്യ സംരംഭങ്ങൾ ജനങ്ങളുടെ വീട്ടുപടിക്കൽ എത്തിക്കുന്നതിന് സംസ്ഥാന സർക്കാർ ഒക്ടോബറിൽ മൈസൂരു ജില്ലയിൽ ആരംഭിച്ച ഗൃഹ ആരോഗ്യ പദ്ധതിക്ക് മികച്ച പ്രതികരണം. രണ്ട് മാസത്തിനിടയില്‍ രോഗനിർണയം നടത്തിയ മിക്ക ആളുകളിലും രക്തസമ്മർദം, പ്രമേഹം എന്നിവ കണ്ടെത്തി.
മൈസൂരു നഗരം ഒഴികെയുള്ള സ്ഥലങ്ങളില്‍ ഡോക്ടർമാർ, നഴ്സുമാര്‍, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ നഗര പ്രദേശങ്ങളിലെയും ഗ്രാമപ്രദേശങ്ങളിലെയും വീടുകൾ സന്ദർശിച്ചാണ് പരിശോധന നടത്തിയത്.
30 വയസ്സും അതിൽ കൂടുതലുമുള്ള 8,16,089 പേരുടെ 14 പകര്‍ച്ചവ്യാധിയല്ലാത്ത രോഗങ്ങൾ നിർണയിക്കുക എന്നതാണ് ലക്ഷ്യം. പരിശോധന നടത്തിയ 1,89,144 പേർക്ക് ബി.പി ഉണ്ടെന്നും 25,925 പേർ പ്രമേഹബാധിതരാണെന്നും കണ്ടെത്തി. 68,144 പേരില്‍ ക്രോണിക് കിഡ്നി ഡിസീസ് പരിശോധിച്ചതില്‍ 168 പേർ അസുഖ ബാധിതരാണെന്ന് കണ്ടെത്തി. 20,144 പേരെ പരിശോധിച്ചതില്‍ 85 പേർക്ക് നോൺ-ആൽക്കഹോൾ ഫാറ്റി ലിവർ ഡിസീസ് രോഗം സ്ഥിരീകരിച്ചു. 96 പേർക്ക് ക്രോണിക് ഒബ്സ്ട്രക്റ്റിവ് പൾമണറി ഡിസീസ് അസുഖം സ്ഥിരീകരിച്ചു.
14 പേരില്‍ ഒബ്സ്റ്റട്രിക് സ്ലീപ് അപ്നിയ കണ്ടെത്തി. 285 പേര്‍ക്ക് മാനസിക രോഗം, 40 പേര്‍ക്ക് നാഡീവൈകല്യം, 286 പേര്‍ക്ക് വിളര്‍ച്ച, എട്ടുപേര്‍ക്ക് കാന്‍സര്‍, ആറുപേര്‍ക്ക് സ്തനാര്‍ബുദം, 15 പേര്‍ക്ക് സെർവിക്കൽ അർബുദം എന്നിവ സ്ഥിരീകരിച്ചു.
പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് മെഡിക്കൽ ഓഫിസർമാർക്കും ആശ പ്രവർത്തകർക്കും രോഗനിർണയരീതികളെക്കുറിച്ച് പരിശീലനവും ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും നൽകിയിരുന്നു. സംശയിക്കപ്പെടുന്ന കേസുകൾ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ പരിശോധനക്ക് വിധേയമാക്കും.
ആവശ്യമെങ്കിൽ ചികിത്സക്കായി ശിപാർശ ചെയ്യുമെന്നും മൈസൂരു ജില്ല നോഡൽ ഓഫിസർ ഡോ. ഡി.ജി. നാഗരാജ് പറഞ്ഞു. വരുംദിവസങ്ങളിൽ ഗൃഹ ആരോഗ്യ പദ്ധതി മൈസൂരു നഗരത്തിലേക്കും വ്യാപിപ്പിക്കും. പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് സൗജന്യ ചികിത്സയും മരുന്നും ലഭിക്കും. ആദ്യ ഘട്ടത്തിൽ ഗുണഭോക്താക്കൾക്ക് ആയുഷ്മാൻ ഭാരത് ആരോഗ്യ കർണാടക (എ.ബി.എ.ആര്.കെ) സ്കീം കാർഡ് നൽകും.
അതിലൂടെ അവർക്ക് അഞ്ചു ലക്ഷം രൂപ വരെ സൗജന്യ ആരോഗ്യ സേവനങ്ങൾ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

