സ്വർണനദി ബോട്ടപകടം: മൂന്നുപേർ അറസ്റ്റിൽ; സർവീസ് അനധികൃതമെന്ന് കണ്ടെത്തി
text_fieldsഅറസ്റ്റിലായവർ
മംഗളൂരു: കോട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ കോടിബെൻഗ്രെക്ക് സമീപം സ്വർണനദിയിൽ വിനോദയാത്ര സംഘം കയറിയ ബോട്ട് മറിഞ്ഞ് മൂന്നുപേർ മരിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി. ഉഡുപ്പി ബ്രഹ്മവാർ താലൂക്കിൽ കോടി ഗ്രാമത്തിലെ കോടിബെംഗ്രെ സ്വദേശികളായ സുഹാസ് ശ്രേയൻ (23), സുഫിയാൻ (20), വാസു മേന്ദൻ (52) എന്നിവരാണ് അറസ്റ്റിലായത്. ബോട്ട് യാത്രക്കാരായ കെ. ശങ്കരപ്പ (27), പി.സിന്ധു (23), എം.ദീഷ (26) എന്നിവരാണ് കഴിഞ്ഞ മാസം 26നുണ്ടായ അപകടത്തിൽ മുങ്ങിമരിച്ചത്.
അശ്രദ്ധമായ ഡ്രൈവിങ്ങാണ് അപകടത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മൈസൂരു സ്വദേശി ഗുരുപാസാദിനെയുടെ (34) പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പരാതിക്കാരനെയും മറ്റ് 28 പേരെയും പ്രതിയായ സുഹാസ് ശ്രേയൻ രണ്ട് വ്യത്യസ്ത ബോട്ടുകളിലായി യാത്രക്കയച്ചു.
ഒരു ബോട്ടിൽ 14 യാത്രക്കാരും മറ്റൊന്നിൽ 15 പേരുമാണ് ഉണ്ടായിരുന്നത്. രാവിലെ 11.15ഓടെ, ബ്രഹ്മവർ താലൂക്കിലെ കോടിബെൻഗ്രെ ഗ്രാമത്തിലെ അലിവെബാഗിലുവിനടുത്ത് ‘ദി വേവ് റൈഡർ’എന്ന ബോട്ടിൽ പരാതിക്കാരനും മറ്റുള്ളവരും യാത്ര ചെയ്യുന്നതിനിടെ ബോട്ട് ഡ്രൈവർമാരായ സുഫിയാനും വാസുവും അശ്രദ്ധമായി ഓടിച്ചെന്ന് പരാതിയിൽ പറഞ്ഞു. ബോട്ട് ഇടതുവശത്തേക്ക് പെട്ടെന്ന് തിരിച്ചതിനാൽ ബാലൻസ് നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ഇതേതുടർന്ന് ബോട്ടിലുണ്ടായിരുന്ന 14 യാത്രക്കാരും നദിയിൽ വീണു. മൂന്നുപേർ മുങ്ങിമരിച്ചു. ബാക്കിയുള്ളവർ രക്ഷപ്പെട്ടു.
ബോട്ട് സർവിസിന് ടൂറിസം വകുപ്പിൽനിന്ന് അനുമതി വാങ്ങിയിട്ടില്ലെന്നും ടൂറിസ്റ്റ് ബോട്ടിങ് പ്രവർത്തനങ്ങൾക്ക് അനുയോജ്യമാണെന്ന് പ്രഖ്യാപിക്കുന്ന സർട്ടിഫിക്കറ്റും ബോട്ടിന് ഇല്ലെന്നും പൊലീസ് കണ്ടെത്തി. ബോട്ട് വിനോദസഞ്ചാര ആവശ്യങ്ങൾക്ക് അനുയോജ്യമല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. യാത്രക്കാർക്കുള്ള ലൈഫ് ജാക്കറ്റുകൾ ഉൾപ്പെടെയുള്ള സുരക്ഷാനടപടികളും പാലിച്ചിട്ടില്ല.
സംഭവം കോട്ട പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ മാൽപെ പൊലീസിന് ലഭിച്ച പരാതി കോട്ട പൊലീസിന് കൈമാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

