ഉഡുപ്പി ശ്രീകൃഷ്ണ മഠത്തിന് രണ്ടു കോടിയുടെ സുവർണ ഭഗവദ് ഗീത
text_fieldsസ്വർണ ഭഗവദ് ഗീത
മംഗളൂരു: ലോക ഗീത പര്യായ ആഘോഷ വേളയിൽ ഡൽഹിയിൽനിന്നുള്ള ഭക്തൻ ഉഡുപ്പിയിലെ ശ്രീകൃഷ്ണ മഠത്തിന് സ്വർണ ഷീറ്റുകളിൽ കൊത്തിയെടുത്ത ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന ഭഗവദ്ഗീത സമ്മാനമായി നൽകി. ലക്ഷ്മിനാരായണൻ എന്നയാളാണ് സുവർണ ഭഗവദ്ഗീത സമർപ്പിച്ചത്, പുത്തിഗെ മഠ പാരമ്പര്യവുമായി ബന്ധപ്പെട്ട പരിപാടികളുടെ ഭാഗമായി ചരിത്രപ്രസിദ്ധമായ ശ്രീകൃഷ്ണ മഠത്തിൽ ഇത് സമർപ്പിച്ചു. ഈ ഗീതയെ അസാധാരണമാക്കുന്നത് അതിന്റെ മൂല്യം മാത്രമല്ല, നിർമാണവും കൂടിയാണെന്ന് മഠം അധികൃതർ പറഞ്ഞു. ഭഗവദ്ഗീതയുടെ പതിനെട്ട് അധ്യായങ്ങളിലായി എഴുനൂറ് ശ്ലോകങ്ങളും സ്വർണം പൂശിയ പേജുകളിൽ കൊത്തിവെച്ചിട്ടുണ്ട്. സ്വർണ ഷീറ്റുകളുടെ ഈട് നിലനിർത്തുന്നതിനൊപ്പം ശ്ലോകങ്ങളുടെ വ്യക്തത ഉറപ്പാക്കുന്നതിനാണ് ഗ്രന്ഥം രൂപകൽപന ചെയ്തിരിക്കുന്നത്.
സമർപ്പണത്തിന്റെ സ്മരണക്കായി കൃഷ്ണ മഠത്തിനുള്ളിലെ ഗീതാ മന്ദിറിൽ സ്ഥാപിക്കുന്നതിനുമുമ്പ് ക്ഷേത്രത്തിന് ചുറ്റുമുള്ള രഥവീഥിയിലൂടെ ഘോഷയാത്ര സംഘടിപ്പിച്ചു. പുത്തിഗെ മഠത്തിലെ മുതിർന്ന, ജൂനിയർ വൈദികർ ഘോഷയാത്രയിൽ പങ്കെടുത്തു. കൃഷ്ണ മഠത്തിലെ മ്യൂസിയത്തിൽ സ്വർണ ഭഗവദ്ഗീതക്ക് പ്രത്യേക പ്രദർശന സ്ഥലം ഒരുക്കിയിട്ടുണ്ട്. സ്വർണ താളുകൾക്ക് കേടുപാടുകൾ സംഭവിക്കാതെയും മോഷണം പോവാതെയും കാക്കാൻ ബുള്ളറ്റ് പ്രൂഫും കാലാവസ്ഥാ നിയന്ത്രണവുമുള്ള ഉയർന്ന സുരക്ഷാ ഗ്ലാസ് വലയത്തിലാണ് ഗ്രന്ഥം. ഭക്തർക്ക് പുസ്തകം സുരക്ഷിതമായി കാണാനും സംരക്ഷണത്തിൽ വിട്ടുവീഴ്ച ചെയ്യാതെ ഉപയോഗിക്കാനും കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

