10 കോടിയുടെ സ്വർണക്കൊള്ള; കേരളത്തിലും അന്വേഷണം നടത്തും
text_fieldsമൈസൂരു എസ്.പി മല്ലികാർജുൻ ബാലദണ്ടി ഹുൻസൂരിലെ ജ്വല്ലറി ജീവനക്കാരുമായി സംസാരിക്കുന്നു
ബംഗളൂരു: കഴിഞ്ഞ മാസം 28ന് ഹുൻസൂർ ബി.എം ബൈപാസ് റോഡിലെ സ്കൈ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ നടന്ന കവർച്ചക്കേസ് അന്വേഷണം വെള്ളിയാഴ്ച ചുമതലയേറ്റ മൈസൂരു ജില്ല പൊലീസ് സൂപ്രണ്ട് മല്ലികാർജുൻ ബലദണ്ടിയുടെ നേതൃത്വത്തിൽ ഊർജിതമാക്കി. 8.34 കിലോഗ്രാം ഭാരമുള്ളതും 10 കോടി രൂപ വിലമതിക്കുന്നതുമായ 450 ഇനം സ്വർണ, വജ്രാഭരണങ്ങളുമായാണ് അഞ്ചംഗ സായുധ സംഘം കടന്നുകളഞ്ഞത്. സംഭവത്തെത്തുടർന്ന് സ്ഥാപനത്തിന്റെ പങ്കാളികളിലൊരാളായ സിനുദ്ദീൻ ഹുൻസൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നെങ്കിലും അന്വേഷണം മന്ദഗതിയിലായിരുന്നു.
അന്വേഷണ പുരോഗതി എസ്.പി അവലോകനം ചെയ്തു, സി.സി.ടി.വി ക്യാമറകളും കവർച്ചയുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും പരിശോധിച്ചു. കുറ്റവാളികൾ രക്ഷപ്പെട്ട വഴികളിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ സംവിധാനങ്ങളും പരിശോധിച്ചു. അഡീ. എസ്.പി നാഗേഷ്, ഡിവൈ.എസ്.പി രവി, ഹുൻസൂർ ഇൻസ്പെക്ടർ സന്തോഷ് കശ്യപ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഹാസൻ തുടങ്ങിയ സ്ഥലങ്ങളിലായി നാല് പൊലീസ് ഉദ്യോഗസ്ഥരും പൊലീസുകാരും ഉൾപ്പെടുന്ന അഞ്ച് സംഘങ്ങൾ രൂപവത്കരിച്ച് പ്രതികളെ പിടികൂടുന്നതിനായി നിയോഗിച്ചതായി എസ്.പി പറഞ്ഞു.
പ്രതികൾ വാട്സ്ആപ് കാളുകൾ വഴിയാണ് ആശയവിനിമയം നടത്തിയത്. സി.സി.ടി.വി കാമറകളിൽ പതിഞ്ഞ ഫോട്ടോകളുടെ അടിസ്ഥാനത്തിൽ അവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. പ്രതികൾ ഇപ്പോഴും ഒളിവിലാണ്. കുറ്റകൃത്യത്തിന് മൂന്നുദിവസം മുമ്പ് പ്രതികൾ തങ്ങളുടെ ഇരുചക്ര വാഹനങ്ങളിൽ വ്യാജ രജിസ്ട്രേഷൻ നമ്പറുകൾ ഉപയോഗിച്ചിരുന്നുവെന്നും ഹുൻസൂരിലെ ലോഡ്ജിൽ മുറികൾ വാടകക്കെടുത്തിരുന്നുവെന്നും അറിവായിട്ടുണ്ട്. ജ്വല്ലറിയുടെ പ്രവർത്തനം പഠിക്കുന്നതിനും രക്ഷപ്പെടാനുള്ള വഴികൾ കണ്ടെത്തുന്നതിനും ജ്വല്ലറി സ്ഥിതി ചെയ്യുന്ന കെട്ടിടത്തെക്കുറിച്ച് പരിചയപ്പെടുന്നതിനുമായി സംഘം വിശദ പരിശോധന നടത്തിയിരുന്നു.
സംഭവദിവസം ഹനുമാൻ ജയന്തി ആഘോഷങ്ങൾക്കായി ഹരാവെയിലും കുശാൽനഗറിലും ഭൂരിഭാഗം പൊലീസുകാരെയും വിന്യസിച്ച സാഹചര്യം മനസ്സിലാക്കിയ സംഘം പദ്ധതി നടപ്പിലാക്കുകയായിരുന്നു. ജ്വല്ലറിയിൽനിന്ന് ലഭിച്ച വിവരങ്ങളുടെയും മോഷ്ടിച്ച ആഭരണങ്ങളെക്കുറിച്ചുള്ള വിവരങ്ങളുടെയും അടിസ്ഥാനത്തിൽ, സൂചനകൾ ശേഖരിക്കുന്നതിനായി പൊലീസ് സംഘങ്ങൾ ലോഡ്ജുകൾ, പണയ ബ്രോക്കർമാർ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. സാങ്കേതിക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് എസ്.പി പറഞ്ഞു. പിന്നീട്, എസ്.പി ജ്വല്ലറി ഷോപ്പ് മാനേജരുമായി സംസാരിച്ച് സംഭവത്തെക്കുറിച്ചും നഷ്ടപ്പെട്ട ആഭരണങ്ങളെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

