യാത്രക്കാരിയുടെ ലഗേജിൽനിന്ന് സ്വർണാഭരണങ്ങൾ കവർന്നു; അദാനി വിമാനത്താവള കയറ്റിറക്ക് തൊഴിലാളികൾ അറസ്റ്റിൽ
text_fieldsമംഗളൂരു: അദാനി രാജ്യാന്തര വിമാനത്താവളത്തിൽ ഞെട്ടിക്കുന്ന ആഭ്യന്തര കവർച്ച. യാത്രക്കാരിയുടെ ചെക്ക്-ഇൻ ലഗേജിൽനിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ചതിന് എയർ ഇന്ത്യ എസ്.എ.ടി.എസിലെ നാല് കയറ്റിറക്ക് ജീവനക്കാരും കൊള്ളമുതൽ വാങ്ങിയ ആളും അറസ്റ്റിലായി. ജീവനക്കാരായ മംഗളൂരു താലൂക്കിലെ കാണ്ഡവാര സ്വദേശി നിതിൻ, മൂഡുപേരാർ സ്വദേശികളായ സദാനന്ദ, രാജേഷ്, ബാജ്പെ സ്വദേശി പ്രവീൺ ഫെർണാണ്ടസ്, മോഷ്ടിച്ച സ്വർണം വാങ്ങിയ മൂടുപേരാറിലെ രവിരാജ് എന്നിവരാണ് അറസ്റ്റിലായത്.
കാണാതായ സ്വർണത്തിന്റെ പ്രധാന ഭാഗം പൊലീസ് കണ്ടെടുത്തു, അന്വേഷണം തുടരുകയാണ്.
ആഗസ്റ്റ് 30ന് രാവിലെ ബംഗളൂരുവിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മംഗളൂരുവിൽ ഇറങ്ങിയ യാത്രക്കാരി കൺവെയർ ബെൽറ്റിൽനിന്ന് തന്റെ ലഗേജ് പുറത്തെടുത്തപ്പോൾ നാലരലക്ഷം രൂപ വിലമതിക്കുന്ന 56 ഗ്രാം സ്വർണാഭരണം നഷ്ടപ്പെട്ടതായി കണ്ടെത്തി. യാത്രക്കാരി ഉടൻ വിവരം ബാജ്പെ പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) സെക്ഷൻ 303(2) പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ചോദ്യം ചെയ്യലിൽ യാത്രക്കാരിയുടെ ലഗേജ് കൈകാര്യം ചെയ്യുന്നതിനിടെ സ്വർണം മോഷ്ടിച്ചതായി നാലുപേരും സമ്മതിച്ചുവെന്ന് സിറ്റി പൊലീസ് കമീഷണർ അറിയിച്ചു. മോഷ്ടിച്ച ആഭരണങ്ങൾ മൂടുപേരാറിൽനിന്നുള്ള രവിരാജ് എന്ന വ്യക്തിക്ക് വിറ്റതായും മൊഴി നൽകി. മോഷ്ടിച്ച ആഭരണങ്ങളിൽനിന്ന് ഏകദേശം 50 ഗ്രാം പൊലീസ് കണ്ടെടുത്തു, ഇതിന് ഏകദേശം അഞ്ച് ലക്ഷം രൂപ വിലവരും.
ഈ വർഷം ആദ്യം സമാനമായ മറ്റൊരു കേസിൽ ഇതേ സംഘം ഉൾപ്പെട്ടിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമീഷണർ വാർത്താക്കുറിപ്പിൽ അറിയിച്ചു. ജനുവരിയിൽ, മനോഹർ ഷെട്ടി എന്ന യാത്രക്കാരന്റെ ലഗേജിൽനിന്ന് അവർ രണ്ട് ലക്ഷം രൂപ മോഷ്ടിച്ചതായി റിപ്പോർട്ടുണ്ട്.
ബാജ്പെ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ആ കേസ് അന്വേഷണത്തിലാണ്. പ്രതികൾ ഒമ്പത് വർഷമായി എയർ ഇന്ത്യ എസ്.എ.ടി.എസിൽ ജോലി ചെയ്യുന്നവരാണെന്ന് പറയുന്നു. സ്വർണം, പണം തുടങ്ങിയ ഉയർന്ന മൂല്യമുള്ള വസ്തുക്കൾ അടങ്ങിയ ലഗേജുകൾ പ്രതികൾ മനഃപൂർവം ലക്ഷ്യംവെച്ചതായി പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നതായി കമീഷണർ ചൂണ്ടിക്കാട്ടി.
പല കേസുകളിലും ദുർബലമായ ലോക്കുകളോ എളുപ്പത്തിൽ ഊഹിക്കാവുന്ന പാസ്വേഡ് കോമ്പിനേഷനുകളോ ഉപയോഗിച്ച് ബാഗുകൾ തുറക്കാൻ അവർക്ക് കഴിഞ്ഞു. യാത്ര ചെയ്യുമ്പോൾ കൂടുതൽ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ ഇപ്പോൾ യാത്രക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വർണം, പണം, മറ്റ് വിലകൂടിയ വസ്തുക്കൾ എന്നിവ ചെക്ക് ചെയ്ത ബാഗുകളിൽ വെക്കുന്നത് ഒഴിവാക്കാൻ യാത്രക്കാരോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

