വീട് വിപുലീകരണത്തിനിടെ കണ്ടെത്തിയ സ്വർണം ട്രഷറിയിലേക്ക് മാറ്റി
text_fieldsബംഗളൂരു: ഗഡക് ജില്ലയിൽ വീട് വിപുലീകരണത്തിന് തറയിലെ മണ്ണ് നീക്കുന്നതിനിടെ കണ്ടെത്തിയ സ്വർണം ട്രഷറിയിലേക്ക് മാറ്റിയതായി കേന്ദ്ര പുരാവസ്തു സർവേ ധാർവാഡ് സർക്കിൾ സൂപ്രണ്ടിങ് ആർക്കിയോളജിസ്റ്റ് രമേശ് മുലിമണി പറഞ്ഞു. വാസ്തുവിദ്യ പൈതൃകത്തിന് പേരുകേട്ട ഗ്രാമമായ ലക്കുണ്ടിയിൽ വീടിന്റെ വികസനത്തിന് അടിത്തറയിടുന്നതിനായി കുഴിക്കുന്നതിനിടെ കണ്ടെത്തിയ സ്വർണം നിധിയല്ലെന്നും അദ്ദേഹം നിരീക്ഷിച്ചു
സ്വർണം അടങ്ങിയ ചെമ്പ് പാത്രമാണ് കണ്ടെത്തിയത്. തുടർന്ന് രമേശ് മുലിമണി സ്ഥലം സന്ദർശിച്ചു. കണ്ടെത്തിയ പല ആഭരണങ്ങളും തകർന്നനിലയിലാണ്. വീടിന്റെ അടുക്കള ഭാഗത്ത് നിന്നാണ് ഇവ കണ്ടെത്തിയത്. മുൻകാലങ്ങളിൽ ആളുകൾ ആഭരണങ്ങൾ അടുക്കളയിൽ അടുപ്പിനരികിൽ കുഴിച്ചിട്ടാണ് ഒളിപ്പിച്ചിരുന്നത്. കാരണം അവർക്ക് ഭണ്ഡാരം ഇല്ലായിരുന്നു. ഇപ്പോൾ കണ്ടെത്തിയതും അങ്ങനെയുള്ള ആഭരണങ്ങളാവാമെന്ന് മുലിമാനി പറഞ്ഞു.
മാല, വള, കമ്മലുകൾ എന്നിവയുൾപ്പെടെ വിവിധതരം ആഭരണങ്ങൾ അടങ്ങിയ 470 ഗ്രാം സ്വർണമാണ് ലഭിച്ചത്. എട്ടാം ക്ലാസ് വിദ്യാർഥിയാണ് ചെമ്പ് പാത്രത്തിൽ ആഭരണങ്ങൾ കണ്ടെത്തിയത്. കുട്ടി ഗ്രാമത്തിലെ മുതിർന്ന അംഗങ്ങളോട് സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു. വിവരം ലഭിച്ചയുടനെ വിവിധ വകുപ്പുകളിൽനിന്നുള്ള ഉദ്യോഗസ്ഥരും മൂല്യനിർണയക്കാരും സ്ഥലത്തെത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

