മോദിക്കുനേരെ മൊബൈൽ ഏറ്
text_fieldsപ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച മൈസൂരുവിൽ നയിച്ച റോഡ്ഷോ
ബംഗളൂരു: മൈസൂരുവിൽ തെരശഞ്ഞടുപ്പ് പ്രചാരണ റോഡ് ഷോക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുനേരെ മൊബൈൽ ഫോൺ ഏറ്. ഞായറാഴ്ച വൈകീട്ട് മഹാരാജ കോളജ് മൈതാനത്തുനിന്ന് ആരംഭിച്ച റോഡ്ഷോക്കിടെയാണ് സംഭവം.
സീറ്റ് നിഷേധിക്കപ്പെട്ട ബി.ജെ.പിയുടെ സിറ്റിങ് എം.എൽ.എമാരായ കെ.എസ്. ഈശ്വരപ്പ, എസ്.എ. രാംദാസ് എന്നിവരും കൂടെയുണ്ടായിരുന്നു. റോഡ്ഷോ ഗൺ ഹൗസ് വഴി ദസറ യാത്ര നീങ്ങുന്ന രാജപാതയിലൂടെ നീങ്ങി. ചിക്കഗഡിയാരയിലെത്തിയപ്പോഴാണ് മോദിക്കു നേരെ പുഷ്പവർഷം നടത്തുന്നതിനിടെ മൊബൈൽ ഫോൺ ആരോ എറിഞ്ഞത്. മോദിക്ക് മുന്നിൽ വാഹനത്തിന്റെ ഡ്രൈവർ കാബിന് മുകളിൽവീണ മൊബൈൽ പിന്നീട് നിലത്തേക്ക് വീണെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് മൈസൂരു നഗരം കനത്ത സുരക്ഷാ വലയത്തിലായിരുന്നു. കേരളത്തിൽ കൊച്ചിയിൽ കഴിഞ്ഞയാഴ്ച നടന പ്രധാനമന്ത്രിയുടെ റോഡ്ഷോയിലും മൊബൈൽ ഏറ് നടന്നിരുന്നു.