രാജ്യം റെക്കോഡ് നിക്ഷേപത്തെ ആകർഷിക്കുന്നു -മോദി
text_fields‘ഇൻവെസ്റ്റ് കർണാടക’ ആഗോള നിക്ഷേപക സംഗമത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗഹ് ലോട്ട്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ എന്നിവർ തിരിതെളിക്കുന്നു
ബംഗളൂരു: കർണാടക സർക്കാറിന് കീഴിലെ 'ഇൻവെസ്റ്റ് കർണാടക 2022' ആഗോള നിക്ഷേപക സംഗമത്തിന് ബംഗളൂരുവിൽ തുടക്കം. ബുധനാഴ്ച ബംഗളൂരു പാലസിൽ ആരംഭിച്ച മൂന്നുദിവസത്തെ സംഗമം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. യുദ്ധത്തിനും കോവിഡിനുമപ്പുറം ലോകം ഇന്ത്യയെ ശ്രദ്ധിക്കുകയാണെന്നും രാജ്യം റെക്കോഡ് നിക്ഷേപങ്ങളെ ആകർഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത് സാമ്പത്തിക അസ്ഥിരതയുടെ കാലമാണ്. എന്നാൽ, നമ്മുടെ സാമ്പത്തിക അടിത്തറ ശക്തമാണ്. ആഗോളാടിസ്ഥാനത്തിൽ വിതരണശൃംഖലകൾ തകരാറിലായിട്ടും ഇന്ത്യ ആവശ്യമായ മരുന്നുകളും വാക്സിനുകളും വിതരണം ചെയ്തെന്നും മോദി ചൂണ്ടിക്കാട്ടി.
പ്രദർശന നഗരിയിൽ കരകൗശല ഉൽപന്നങ്ങളുമായി ഭട്കലിൽനിന്നുള്ള മലയാളി ദമ്പതികളായ സെബിൻ മാത്യു, സിനി മാത്യു എന്നിവർ
ഇന്ത്യയിൽ നിക്ഷേപം നടത്തുക എന്നാൽ ജനാധിപത്യത്തിൽ നിക്ഷേപം നടത്തുക എന്നാണ്. നല്ല ലോകത്തിനും നല്ല പ്രപഞ്ചത്തിനുമായുള്ള നിക്ഷേപമാണത്. കർണാടകയിൽ വിദേശ നിക്ഷേപം വർധിച്ചു. കർണാടകയിൽ എല്ലാ മേഖലകളിലും പുതിയ അധ്യായം തുറക്കുകയാണെന്നും മോദി പറഞ്ഞു. കർണാടക ഗവർണർ താവർ ചന്ദ് ഗഹ്ലോട്ട്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, പ്രൾഹാദ് ജോഷി, പിയൂഷ് ഗോയൽ, രാജീവ് ചന്ദ്രശേഖർ, കർണാടക വ്യവസായ മന്ത്രി മുരുകേഷ് നിറാനി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ആഗോള നിക്ഷേപക സംഗമ നഗരിയിൽ ഒരുക്കിയ പ്രദർശനത്തിൽ കർണാടകയിലെ വിവിധ മേഖലകളിലെ ചെറുകിട സംരംഭകരും പങ്കെടുത്തു. സർക്കാറിന്റെ വിവിധ സ്കീമുകൾ ഉപയോഗപ്പെടുത്തി സംരംഭങ്ങൾ ചെയ്യുന്ന മലയാളികളടക്കമുള്ളവർ ഉൽപന്നങ്ങളുമായി പ്രദർശനത്തിനെത്തി.
ആദ്യദിനം 7.6 ലക്ഷംകോടിയുടെ നിക്ഷേപ കരാർ
ആഗോള നിക്ഷേപക സംഗമത്തിന്റെ ആദ്യ ദിനത്തിൽ ഒപ്പിട്ടത് 7.6 ലക്ഷം കോടിയുടെ നിക്ഷേപ കരാർ. പ്രതീക്ഷിച്ചതിലും മികച്ച തുടക്കമാണ് ലഭിച്ചതെന്ന് വ്യവസായ മന്ത്രി മുരുകേഷ് നിറാനി പറഞ്ഞു. അദാനി, ജിൻഡാൽ, സ്റ്റെർലൈറ്റ് പവർ അടക്കമുള്ള വൻകിട കമ്പനികളാണ് കരാറിലേർപ്പെട്ടത്.
അടുത്ത ഏഴുവർഷത്തിനുള്ളിൽ കർണാടകയിൽ വിവിധ മേഖലകളിലായി ഒരുലക്ഷം കോടി രൂപ നിക്ഷേപിക്കാൻ അദാനി ഗ്രൂപ് തീരുമാനിച്ചതായി അദാനി പോർട്സ് ആൻഡ് സെസ് സി.ഇ.ഒ ഗൗതം അദാനി പറഞ്ഞു. കർണാടകയിൽ ഇതുവരെ 20,000 കോടിയുടെ നിക്ഷേപം നടത്തിക്കഴിഞ്ഞു.
സിമന്റ്, വൈദ്യുതി, പൈപ് ഗ്യാസ്, ഭക്ഷ്യ എണ്ണ, ഗതാഗതം, ചരക്കുനീക്കം, ഡിജിറ്റൽ മേഖലകളിലായാണ് നിക്ഷേപം നടത്തുക. എല്ലാ മേഖലകളിലെയും നിക്ഷേപം കണക്കിലെടുത്താൽ ഏകദേശം ഒരുലക്ഷം കോടി രൂപ വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. കർണാടകയിലെ ഊർജ പുനരുപയോഗവുമായി ബന്ധപ്പെട്ട് കൂടുതൽ നിക്ഷേപം നടത്തും.
സംസ്ഥാനത്ത് ഏഴു ദശലക്ഷം ടൺ നിർമാണശേഷിയുള്ള നാലു സിമന്റ് ഫാക്ടറികൾ സ്ഥാപിച്ചുകഴിഞ്ഞു. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം മുഖം മിനുക്കലിലാണ്. വിമാനത്താവളം വികസിപ്പിക്കും. തീരദേശ മേഖലയായ മംഗളൂരുവിൽ അദാനി വിൽമറിന്റെ സാന്നിധ്യം വർധിപ്പിച്ചുവരുകയാണെന്നും സി.ഇ.ഒ പറഞ്ഞു. സ്റ്റീൽ, ഗ്രീൻ എനർജി, സിമന്റ്, പെയിന്റ് തുടങ്ങി വിവിധ മേഖലകളിലായി ഒരുലക്ഷം കോടിയുടെ നിക്ഷേപമാണ് ജെ.എസ്.ഡബ്ല്യൂ ഗ്രൂപ് ലക്ഷ്യമിടുന്നതെന്ന് ജെ.എസ്.ഡബ്ല്യൂ ഗ്രൂപ് ചെയർമാൻ സജ്ജൻ ജിൻഡാൽ അറിയിച്ചു. വിജയനഗറിലെ സ്റ്റീൽ പ്ലാന്റിനായി നിലവിൽ ഒരുലക്ഷം കോടി രൂപ നിക്ഷേപം നടത്തിയതായും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

