പെൺകുട്ടിയെ കൊന്ന് സ്യൂട്ട്കേസിലടക്കും മുമ്പ് കൂട്ടബലാത്സംഗത്തിനിരയാക്കി; പ്രതികൾ അറസ്റ്റിൽ
text_fieldsആഷിഖ്
ബംഗളൂരു: സിറ്റി ജില്ലയിലെ ആനേക്കൽ താലൂക്കിൽ പഴയ ചന്ദപൂർ റെയിൽവേ പാലത്തിന് സമീപം സ്യൂട്ട്കേസിൽ നിന്ന് അജ്ഞാത പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സൂര്യനഗർ പൊലീസ് അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ കണ്ടെത്തി.
പ്രതികൾ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിൽ നിറച്ച് റെയിൽവേ ട്രാക്കിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. ബിഹാർ സ്വദേശികളായ ആഷിക് കുമാർ (22), മുകേഷ് രാജ്ബൻഷി (35), ഇന്ദുദേവി (32), രാജാറാം കുമാർ (18), പിന്റു കുമാർ (18), പ്രായപൂർത്തിയാവാത്ത രണ്ടു പേർ എന്നിവരെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മാസം 20നാണ് പ്രതികൾ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.മുഖ്യപ്രതി ആഷിക് കുമാർ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയാണ്. കാച്ചനായകനഹള്ളിയിലാണ് താമസം.
മേയ് 13ന് ആഷിക് കുമാർ ബംഗളൂരുവിൽ നിന്ന് ബിഹാറിലേക്ക് പോയിരുന്നു.15 ന് ഇയാൾ പെൺകുട്ടിയെ കൂട്ടി ബിഹാറിൽ നിന്ന് ബംഗളൂരുവിലേക്ക് വന്നു. ഇരുവരും 18 ന് ബംഗളൂരുവിൽ എത്തി. പെൺകുട്ടിയുമായി അയാൾ ബംഗളൂരു നഗരത്തിൽ ചുറ്റിക്കറങ്ങി. പ്രതി പെൺകുട്ടിയെ അന്ന് രാത്രി ബന്ധുവായ മുകേഷിന്റെ വീട്ടിലേക്ക് കൊണ്ടുപോയി.
അടുത്ത ദിവസം പെൺകുട്ടി ലൈംഗിക ബന്ധത്തിൽ സഹകരിക്കാത്തതിനെത്തുടർന്ന് വഴക്കിട്ടു. ബിയർ കുപ്പി ഉപയോഗിച്ച് പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലും പിന്നീട് വടികൊണ്ടും ആക്രമിച്ച് ബലാത്സംഗം ചെയ്തു. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആഷിക് മറ്റു പ്രതികളെ വിവരമറിയിച്ചു.
തുടർന്ന് പ്രതികൾ പെൺകുട്ടിയുടെ മൃതദേഹം സ്യൂട്ട്കേസിൽ നിറച്ച് ഒരു കാബിൽ കയറ്റി പഴയ ചന്ദപൂർ റെയിൽവേ പാലത്തിന് സമീപം എത്തി. സ്യൂട്ട്കേസ് റെയിൽവേ ട്രാക്കിലേക്ക് വലിച്ചെറിഞ്ഞ് അവർ രക്ഷപ്പെട്ടു. ഓടുന്ന ട്രെയിനിൽ നിന്ന് എറിഞ്ഞതായി വരുത്തിത്തീർക്കാനായിരുന്നു ശ്രമം. പിന്നീട് ഏഴ് പ്രതികളും ബിഹാറിലേക്ക് രക്ഷപ്പെട്ടു.
പെൺകുട്ടിയുടെ മൃതദേഹം സ്യൂട്ട്കേസിൽ കണ്ടെത്തിയ കേസിൽ സൂര്യനഗർ പൊലീസ് സ്റ്റേഷൻ പോക്സോ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയിരുന്നു. പ്രതികളുടെ നീക്കങ്ങൾ സി.സി.ടി.വി കാമറകളിൽ പതിഞ്ഞതാണ് അന്വേഷണത്തിന് വഴിത്തിരിവായത്.
മൃതദേഹം സ്യൂട്ട്കേസിൽ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ സി.സി.ടി.വി കാമറകളിൽ പതിഞ്ഞിരുന്നു. സൂര്യനഗർ പൊലീസ് കേസ് അന്വേഷണം തുടരുകയാണ്. മരിച്ച പെൺകുട്ടിയുടെ പിതാവ് ബിഹാറിൽ തട്ടിക്കൊണ്ടുപോകൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.