ഭീമൻ ആകാശ ബലൂൺ ബിദറിൽ കണ്ടെത്തി
text_fieldsബിദർ ഹുംനാബാദ് ജൽസംഗി വില്ലേജിൽ കാലാവസ്ഥ നിരീക്ഷണ ബലൂണിന്റെ ഭാഗം പതിച്ചപ്പോൾ
ബംഗളൂരു: കാലാവസ്ഥാ സാഹചര്യങ്ങൾ സംബന്ധിച്ച നിരീക്ഷണത്തിനായി ഹൈദരാബാദിൽനിന്ന് വിക്ഷേപിച്ച ഭീമൻ ആകാശ ബലൂൺ ബിദറിലെ ഗ്രാമത്തിൽ വീണു. ശനിയാഴ്ച രാവിലെ ആറോടെ ഹുംനാബാദ് ജൽസംഗി വില്ലേജിലാണ് സംഭവം. ഹൈദരാബാദിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് (ടി.ഐ.എഫ്.ആർ) വെള്ളിയാഴ്ച രാത്രിയാണ് നിരീക്ഷണ ഉപകരണങ്ങൾ അടക്കമുള്ള ബലൂൺ ആകാശത്തേക്ക് വിക്ഷേപിച്ചത്.
ഹൈദരാബാദിൽനിന്ന് എയർ ബലൂണിനെ പിന്തുടർന്ന് ടി.ഐ.എഫ്.ആർ കേന്ദ്രത്തിലെ അധികൃതർ ജൽസംഗി ഗ്രാമത്തിലെത്തി. എയർ ബലൂൺ ഇറങ്ങിയസ്ഥലത്ത് പൊലീസ് ഉദ്യോഗസ്ഥരുമെത്തി. ഗ്രാമവാസികളുടെ ആശങ്ക ദുരീകരിക്കാൻ ബലൂണിനെക്കുറിച്ച് ബോധവത്കരണം നടത്തി. കേന്ദ്ര സർക്കാറിന്റെ ഗവേഷണ ഉപഗ്രഹ പരീക്ഷണ ഉപകരണത്തിന്റെ ഭാഗമായ ബലൂൺ, നിലത്തേക്ക് പതിക്കും മുമ്പ് ആറ് മുതൽ ഏഴ് മണിക്കൂർവരെ കാലാവസ്ഥാ പഠനം നടത്തിയിരുന്നു. കാലാവസ്ഥാ ഗവേഷണത്തിനായാണ് ബലൂൺ വിക്ഷേപിച്ചതെന്നും ബലൂൺ കണ്ടെത്തിയ ആളുകളോട് അതിന് കേടുപാടുകൾ വരുത്തരുതെന്നും ആവശ്യപ്പെട്ട് ഇംഗ്ലീഷ്, കന്നട, മറാത്തി ഭാഷകളിൽ ഒരു കുറിപ്പും ഇതിനൊപ്പമുണ്ടായിരുന്നു. ബലൂൺ കണ്ടെത്തിയ ആളുകൾക്ക് എയർ ബലൂൺ ലാൻഡിങ് കേന്ദ്രത്തിൽ വിവരമറിയിക്കുന്നതിനുള്ള ഫോൺ നമ്പറുകളും കുറിപ്പിൽ നൽകിയിട്ടുണ്ട്.പ്രദേശത്തെ കാലാവസ്ഥയെക്കുറിച്ച് പഠിക്കുന്നതിനായി വർഷത്തിൽ രണ്ടുതവണ ഇത്തരം എയർ ബലൂണുകൾ വിക്ഷേപിക്കാറുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

