ജി.ബി.എ ‘വാർഡ് വൺ’ കാമ്പയിൻ ആരംഭിക്കും: മന്ത്രി
text_fieldsകൃഷ്ണ ബൈരെ ഗൗഡ
ബംഗളൂരു: പൗരന്മാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ശുചിത്വം മെച്ചപ്പെടുത്തുന്നതിനുമായി നവംബർ ഒന്നു മുതൽ അഞ്ച് നഗര കോർപറേഷനുകളിലുമായി ഒരു മാസം നീണ്ടുനിൽക്കുന്ന ‘വാർഡ് വൺ’ കാമ്പയിൻ ജി.ബി.എ ആരംഭിക്കുമെന്ന് മന്ത്രി കൃഷ്ണ ബൈരെ ഗൗഡ ബുധനാഴ്ച പറഞ്ഞു. കാമ്പയിൻ മുഖേന അഞ്ച് നഗര കോർപറേഷനുകളിലെ ഓരോ ഡിവിഷനിൽ നിന്നും ഒരു വാർഡ് തെരഞ്ഞെടുക്കുകയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഒരുമിച്ച് വാര്‍ഡിലെ പ്രശ്നങ്ങൾ മനസിലാക്കുകയും പരിഹാരത്തിനായി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജി.ബി.എയുടെ അധികാരപരിധിയിലുടനീളമുള്ള ശുചിത്വ, നാഗരിക വികസന പ്രവർത്തനങ്ങളെക്കുറിച്ചുള്ള യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡുകളുടെ അവസ്ഥ മെച്ചപ്പെടുത്തുക, ജങ്ഷനുകൾ നന്നാക്കുക, പൊതു ഇടങ്ങൾ വൃത്തിയാക്കുക, അടിഞ്ഞുകൂടിയ മാലിന്യങ്ങളും അവശിഷ്ടങ്ങളും നീക്കം ചെയ്യുക, നടപ്പാതകൾ, സ്ലാബുകൾ എന്നിവ നന്നാക്കൽ, മാൻഹോൾ കവറുകൾ സ്ഥാപിക്കൽ, തെരുവുവിളക്കുകൾ പുനഃസ്ഥാപിക്കൽ, ഉണങ്ങിയതോ അപകടകരമോ ആയ മരക്കൊമ്പുകൾ നീക്കം ചെയ്യൽ എന്നിവയാണ് കാമ്പയിനിന്റെ ലക്ഷ്യം.
ബെസ്കോമിന്റെ കീഴിലുള്ള വൈദ്യുത തൂണുകളും റിങ് മെയിൻ യൂനിറ്റുകളും (ആർ.എം.യു) നന്നാക്കുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്യുക, ജലചോർച്ച തടയുക, കേടായ ജലവിതരണ പൈപ്പ്ലൈനുകൾ നന്നാക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുന്നത് ഉൾപ്പെടെ വിവിധ വകുപ്പുകളുടെ ഏകോപനം ആവശ്യമുള്ള അടിസ്ഥാന സൗകര്യ പ്രശ്നങ്ങളും സംരംഭത്തിലൂടെ പരിഹരിക്കും. നവംബർ അവസാനത്തോടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പുരോഗതി നിരീക്ഷിക്കുന്നതിനും സമയ ബന്ധിതമായി കാര്യങ്ങള്‍ നടക്കുന്നുണ്ടോ എന്നിവ നിരീക്ഷിക്കുന്നതിനുമായി അഞ്ച് നഗര കോർപറേഷനുകളിലുടനീളമുള്ള ഡിവിഷൻ തലത്തിൽ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന കമ്മിറ്റികൾ രൂപീകരിക്കും. ഈ പ്രവർത്തനത്തിന്റെ ഭാഗമായി, ശുചിത്വ, അടിസ്ഥാന സൗകര്യ പോരായ്മകൾ തിരിച്ചറിയുന്നതിനായി വാർഡ് തല ഉദ്യോഗസ്ഥർ ഒരു ചെക്ക്ലിസ്റ്റ് ഉപയോഗിച്ച് ഗ്രൗണ്ട് സർവേ നടത്തും.
അസി. എൻജിനീയർമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, മാർഷലുകൾ എന്നിവർ റോഡുകളും പൊതു ഇടങ്ങളും പരിശോധിക്കുകയും പൂര്‍ത്തിയാകാത്ത ജോലികൾ രേഖപ്പെടുത്തുകയും പ്രശ്നം പരിഹരിക്കുന്നതിന് ഉത്തരവാദിത്തമുള്ള വകുപ്പുകളെ തിരിച്ചറിയുകയും ചെയ്യും. ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് ഒരു കർമ്മപദ്ധതി പിന്നീട് തയ്യാറാക്കി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

