ഇജിപ്പുര മേൽപാലം ജൂലൈയിൽ പൂർത്തിയാക്കണം; കരാറുകാരന് ജി.ബി.എ ചീഫ് കമീഷണറുടെ നിർദേശം
text_fieldsഇജിപ്പുര മേൽപാലം പ്രവൃത്തി ജി.ബി.എ ചീഫ് കമീഷണർ എം. മഹേശ്വര റാവു പരിശോധിക്കുന്നു
ബംഗളൂരു: നിർമാണം തുടങ്ങി ഒമ്പത് വർഷമായിട്ടും ലക്ഷ്യത്തിലെത്താത്ത നഗരത്തിലെ ഇജിപ്പുര മേൽപാലം പ്രവൃത്തി പുരോഗതി ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (ജിബിഎ) ചീഫ് കമ്മീഷണർ എം. മഹേശ്വര റാവു പരിശോധിച്ചു . ജുലൈ അവസാനത്തോടെ നിർമാണം പൂർത്തിയാക്കാൻ അദ്ദേഹം കരാറുകാരന് നിർദേശം നൽകി. 15 ദിവസത്തിനുള്ളിൽ പൈലിങ് പൂർത്തിയാക്കാനും കൂടുതൽ യന്ത്രങ്ങളും മനുഷ്യശക്തിയും വിന്യസിക്കാനും 24 മണിക്കൂറും ജോലികൾ ഏറ്റെടുക്കാനും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. റാമ്പ് ജോലികൾ ഉടൻ പൂർത്തിയാക്കാനും അദ്ദേഹം ഉത്തരവിട്ടു. പോർട്ടൽ ഫ്രെയിം നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനായി പ്രതിദിനം കുറഞ്ഞത് 40 തൊഴിലാളികളെയെങ്കിലും നിയോഗിക്കണം.പരിശോധനക്കിടെ തൊഴിലാളികളുടെ കുറവാണ് നിർമാണം മന്ദഗതിയിലാകാൻ പ്രധാന കാരണമെന്ന് റാവു വിലയിരുത്തി. ബന്ധപ്പെട്ട എൻജിനീയർമാരും ഉദ്യോഗസ്ഥരും പദ്ധതിയുടെ പുരോഗതി ദിവസേന നിരീക്ഷിച്ച് കാലതാമസം ഒഴിവാക്കണം.
കോറമംഗല 100 ഫീറ്റ് റോഡിനെയും ഇന്നർ റിങ് റോഡിനെയും ബന്ധിപ്പിക്കുന്ന ഈ മേൽപാലത്തിന് ഏകദേശം രണ്ടര കിലോമീറ്റർ നീളമുണ്ട്. സോണി വേൾഡ് ജംഗ്ഷൻ, ഇജിപുര, കേന്ദ്രീയ സിൽക്ക് ബോർഡ് ഭാഗങ്ങളിലേക്കുള്ള ഗതാഗത സമ്മർദ്ദം കുറക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. 2017-ലാണ് പദ്ധതി ആരംഭിച്ചത്. എന്നാൽ കരാറുകാരനുമായുണ്ടായ തർക്കം, സാമ്പത്തിക പ്രതിസന്ധി, കോവിഡ് മഹാമാരി, ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച പ്രശ്‌നങ്ങൾ എന്നിവ കാരണം നിർമാണം ഇക്കഴിഞ്ഞ കാലയളവിൽ പലപ്പോഴായി തടസ്സപ്പെട്ടു. ആദ്യ കരാറുകാരൻ പദ്ധതി പൂർത്തിയാക്കാൻ കഴിയാതിരുന്നതിനാൽ കരാർ റദ്ദാക്കുകയും പിന്നീട് പുതിയ കരാറുകാരനെ നിയമിച്ച് നിർമ്മാണം പുനരാരംഭിക്കുകയും ചെയ്യുകയായിരുന്നു.
നിലവിൽ തൂണുകൾ, ഗർഡർ സ്ഥാപിക്കൽ, പോർട്ടൽ ഫ്രെയിം, ഡെക്ക് സ്ലാബ് എന്നിവയുടെ നിർമ്മാണമാണ് വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുന്നത്. പ്രധാന ഘടനയുടെ നിർമാണം പൂർത്തിയാവുന്ന ഘട്ടത്തിലാണെങ്കിലും ചില നിർണായക ഭാഗങ്ങളിൽ തൊഴിലാളികളുടെ കുറവ് കാരണം പ്രവൃത്തികൾ പ്രതീക്ഷിച്ചതിലും മന്ദഗതിയിലാണ്. കൂടുതൽ തൊഴിലാളികളെ വിന്യസിച്ചാൽ ജോലികൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. പദ്ധതി പൂർത്തിയായാൽ കോറമംഗല, ഇജിപുര, ദെംലൂർ, ഇന്നർ റിംഗ് റോഡ്, ഓൾഡ് എയർപോർട്ട് റോഡ്, സർജാപൂർ റോഡ് എന്നിവിടങ്ങളിലേക്കുള്ള യാത്ര കൂടുതൽ സുഗമമാകും. ബംഗളൂരുവിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിലൊന്നായ സോണി വേൾഡ് സിഗ്നലിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ.
ബംഗളൂരുവിലെ ഐടി കമ്പനികളിലേക്ക് ദിവസേന യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ജീവനക്കാർക്കും ഈ മേൽപാലം വലിയ ആശ്വാസമാവും. യാത്രാസമയത്തിനൊപ്പം ഇന്ധന ഉപഭോഗവും മലിനീകരണവും കുറയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന പദ്ധതി വേഗത്തിൽ പൂർത്തിയാക്കണമെന്ന ആവശ്യം പ്രദേശവാസികളും യാത്രക്കാരും നിരന്തരം ഉന്നയിച്ചുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

