ഗൗരി ലങ്കേഷ് വധക്കേസ്; പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി
text_fieldsബി.ജെ.പി നേതാവ് പ്രതാപ് സിംഹ ഗൗരി വധക്കേസ് പ്രതി കെ.ടി. നവീൻ കുമാറിനെ സന്ദർശിച്ചപ്പോൾ
ബംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ (55) വെടിവെച്ചുകൊന്ന കേസിൽ പ്രതി എൻ. മോഹൻ നായകിന് ജാമ്യം അനുവദിച്ചതിനെതിരായ ഹരജി സുപ്രീംകോടതി തള്ളി. ഗൗരി ലങ്കേഷിന്റെ സഹോദരിയും സംവിധായകയുമായ കവിത ലങ്കേഷും കർണാടക സർക്കാറും സമർപ്പിച്ച പ്രത്യേക വിടുതൽ ഹരജിയാണ് ജസ്റ്റിസ് ബേല എം. ത്രിവേദി, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങുന്ന ബെഞ്ച് തള്ളിയത്. പ്രതി വിചാരണയുമായി സഹകരിക്കുന്നുണ്ടെന്നും കേസ് മാറ്റിവെക്കാൻ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. 2018 ജൂലൈ 18 മുതൽ മോഹൻനായക് കസ്റ്റഡിയിൽ കഴിയുകയാണ്. കോടതി കേസിന്റെ വിചാരണ ത്വരിതപ്പെടുത്തണമെന്നും എല്ലാ കക്ഷികളും വിചാരണയോട് സഹകരിക്കണമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടിയ ബെഞ്ച്, ഇത്തരമൊരു സാഹചര്യത്തിൽ ഹൈകോടതി ഉത്തരവിൽ തങ്ങൾ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കി.
അതേസമയം, പ്രതി വിചാരണയോട് സഹകരിക്കാതിരിക്കുകയോ അനാവശ്യമായി കേസ് മാറ്റിവെക്കാൻ ആവശ്യപ്പെടുകയോ ചെയ്താൽ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ഹരജിക്കാർക്ക് അപ്പീൽ നൽകാമെന്നും അത്തരമൊരു ഹരജി ലഭിച്ചാൽ നിയമപ്രകാരം അതു പരിശോധിക്കുമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. മോഹൻ നായകിന് ജാമ്യം അനുവദിച്ച 2023 ഡിസംബർ ഏഴിലെ കർണാടക ഹൈകോടതി ഉത്തരവിനെതിരെയാണ് കർണാടക സർക്കാറും ഗൗരിയുടെ സഹോദരി കവിതയും സുപ്രീംകോടതിയെ സമീപിച്ചത്. കേസിൽ മറ്റു മൂന്നു പ്രതികൾക്ക് ജൂലൈ 16ന് കർണാടക ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു. അമിത് ദിഗ്വേകർ, കെ.ടി. നവീൻ കുമാർ, എച്ച്.എൽ. സുരേഷ് എന്നിവർക്കാണ് ജാമ്യം. കേസ് വിചാരണ നീളുന്നത് ചൂണ്ടിക്കാട്ടി പ്രതികൾ സമർപ്പിച്ച ജാമ്യ ഹരജിയിൽ ഹൈകോടതിയുടെ കലബുറഗി ബെഞ്ചിലെ ജസ്റ്റിസ് വിശ്വജിത്ത് ഷെട്ടിയാണ് ജാമ്യം അനുവദിച്ചത്.
വിചാരണക്ക് ഹാജരാവുന്നതിൽ വീഴ്ചവരുത്തരുതെന്ന ഉപാധിയോടെയാണ് ജാമ്യം. 2017 സെപ്റ്റംബർ അഞ്ചിന് രാത്രി എട്ടോടെ ബംഗളൂരു ആർ.ആർ നഗറിലെ വീട്ടുമുറ്റത്താണ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ട് ഹിന്ദുത്വ തീവ്രവാദികൾ ഗൗരിയെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. കൊലയാളികൾക്ക് താമസിക്കാൻ വാടക വീടും ഉപയോഗിക്കാൻ സിം കാർഡും സംഘടിപ്പിച്ചു നൽകിയത് മോഹൻ നായകാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിൽ ആകെ 18 പ്രതികൾ അറസ്റ്റിലായിരുന്നു. 2002 ജൂലൈ നാലിന് വിചാരണ ആരംഭിച്ച കേസിൽ 527 സാക്ഷികളിൽ 130 പേരെ മാത്രമാണ് ഇതുവരെ വിസ്തരിച്ചത്. ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന തീവ്ര ഹിന്ദുത്വ സംഘടനയായ സനാതൻ സൻസ്തയുമായി ബന്ധമുള്ളവരാണ് മോഹൻനായക് അടക്കമുള്ള പ്രതികൾ. ജാമ്യത്തിൽ കഴിയുന്ന മണ്ഡ്യ സ്വദേശി കെ.ടി. നവീൻ കുമാറിനെ മുൻ മൈസൂരു- കുടക് എം.പിയും ബി.ജെ.പി നേതാവുമായ പ്രതാപ് സിംഹ സന്ദർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

