ചെറുത്തുനിൽപിന്‍റെ ആഹ്വാനവേദിയായി ഗൗരി ലങ്കേഷ് അനുസ്മരണദിനം
text_fieldsബംഗളൂരുവിൽ ഗൗരി മെമ്മോറിയൽ ട്രസ്റ്റ് സംഘടിപ്പിച്ച അനുസ്മരണത്തിൽ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ് പ്രഭാഷണം നിർവഹിക്കുന്നു
ബംഗളൂരു: നമുക്കുമുന്നിൽ പോരാട്ടമല്ലാതെ മറ്റു തെരഞ്ഞെടുപ്പില്ലെന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ് പറഞ്ഞു. ഹിന്ദുത്വ തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ ചരമദിനത്തിൽ ബംഗളൂരുവിൽ ഗൗരി മെമ്മോറിയൽ ട്രസ്റ്റ് സംഘടിപ്പിച്ച അനുസ്മരണത്തിൽ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അവർ.
തെരുവിൽനിന്ന് നമ്മൾ പോരാട്ടം ആരംഭിക്കേണ്ടിയിരിക്കുന്നു. എന്നാൽ, തെരുവുകൾ വിഷമയമാണ്. അതിനാൽ അതിനും താഴേക്കിടയിൽനിന്നാണ് നമ്മൾ പ്രതിരോധത്തിന്റെ ശബ്ദമുയർത്തിത്തുടങ്ങേണ്ടതെന്ന് അവർ പറഞ്ഞു. യൂറോപ്പിനെയോ മറ്റു ലോക രാജ്യങ്ങളെയോ വെച്ച് താരതമ്യം ചെയ്യുമ്പോൾ നമുക്ക് യുദ്ധത്തിന്റെ കെടുതി അനുഭവപ്പെടേണ്ടിവന്നിട്ടില്ല.
ഒരു റെയിൽ അപകടത്തിന്റെ പേരിൽ ഒരു മന്ത്രി രാജിവെക്കേണ്ടിവന്ന രാജ്യത്തിൽനിന്നുമൊക്കെ നമ്മുടെ രാജ്യം എത്രയോ മാറിയാണ് നിൽക്കുന്നത്. കൂട്ടക്കൊലകളിൽനിന്ന് ജനങ്ങൾ നേട്ടം കൊയ്യുകയാണ്. അതുകൊണ്ടാണ് 2002ലെ കലാപത്തിനുശേഷം ഗുജറാത്ത് സർക്കാർ തെരഞ്ഞെടുപ്പിനുവേണ്ടി ധൃതികൂട്ടിയത്. അതുകൊണ്ടാണ് ബിൽക്കീസ്ബാനു ബലാത്സംഗ കേസിലെ പ്രതികൾ മോചിപ്പിക്കപ്പെടുന്നത്.
ഈ കാലത്ത് മുസ്‍ലിംകളുടെ വോട്ടില്ലാതെ ഒരു പാർട്ടി അധികാരത്തിൽ വരുന്നു എന്നതിനർഥം 200 മില്യൻ വരുന്ന ആ ജനസംഖ്യയുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു എന്നാണ്. അസമിൽ രണ്ടുമില്യൺ ജനങ്ങൾക്ക് പൗരത്വം നഷ്ടപ്പെട്ടേക്കാം. ഒരുപക്ഷേ, ലോകത്തിലെതന്നെ ഏറ്റവും സമ്പന്നമായ പാർട്ടിയായ ബി.ജെ.പിക്ക് തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകളെ അട്ടിമറിക്കാനാവും. ഇങ്ങനെയുള്ളൊരു രാജ്യത്ത് എങ്ങനെയാണ് നമ്മൾ ജനാധിപത്യത്തിലാണെന്ന് പറയുക? -അരുന്ധതി ചോദിച്ചു.
തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം ബി.ജെ.പിയിലേക്ക് ചേക്കേറുന്ന ജനപ്രതിനിധികൾ 'മിനിമം താങ്ങുവില'യെങ്കിലും ചോദിച്ചുവാങ്ങണമെന്ന് അരുന്ധതി പരിഹസിച്ചു. പിറകോട്ടുപറക്കുന്ന യന്ത്രപ്പക്ഷിയെപ്പോലെയാണ് ഇന്ത്യയിന്നെന്നും പ്രവർത്തനക്ഷമമല്ലാത്ത സംവിധാനങ്ങൾ കോളനി ഭരണകാലത്തേക്ക് നമ്മളെ പിറകോട്ടുകൊണ്ടുപോയെന്നും അവർ പറഞ്ഞു.
ഗൗരി മെമ്മോറിയൽ ട്രസ്റ്റ് ചെയർപേഴ്സൻ ടീസ്റ്റ സെറ്റൽവാദ് വിഡിയോ സന്ദേശത്തിലൂടെ സദസ്സിനെ അഭിമുഖീകരിച്ചു. ഗുജറാത്ത് കലാപകേസുമായി ബന്ധപ്പെട്ട് ഇരകൾക്കായി നീതി തേടിയ ടീസ്റ്റയെ ഗുജറാത്ത് സർക്കാർ ജയിലിലടക്കുകയായിരുന്നു. മൂന്നുദിവസം മുമ്പാണ് അവർ ജയിൽമോചിതയായത്.
ജയിൽ പരിഷ്കാരങ്ങൾക്കുവേണ്ടി കാമ്പയിൻ നടത്തേണ്ട സമയമാണിതെന്ന് ടീസ്റ്റ പറഞ്ഞു. 'ഞാൻ ജയിലിൽ കഴിഞ്ഞിരുന്നപ്പോൾ ഗൗരി ലങ്കേഷിനെക്കുറിച്ച് ചിന്തിച്ചു. ഗൗരി ഇപ്പോൾ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ, ജയിലിലെ വനിത തടവുകാരുടെ സാഹചര്യത്തെക്കുറിച്ച് അവർ എന്നോട് ചോദിച്ചേനെ.
ജയിലറകളിലെ വനിതകൾ ചൂഷണത്തിനിരയാക്കപ്പെടുകയാണ്. 14 വർഷം ജയിൽവാസം പൂർത്തിയാക്കിയ കുറച്ചു വനിതകൾ ആഗസ്റ്റ് 15ന് തങ്ങളും മോചിതരാക്കപ്പെടുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നുണ്ടായിരുന്നു. എന്നാൽ, അവരെയല്ല, ബിൽക്കീസ്ബാനു ബലാത്സംഗ കേസിലെ പ്രതികളെയാണ് മോചിപ്പിച്ചത് -ടീസ്റ്റ സെറ്റൽവാദ് പറഞ്ഞു.
രാജ്യം നേരിടുന്ന ജനാധിപത്യ മൂല്യച്യുതിയുടെയും വർഗീയ-വിദ്വേഷ അതിപ്രസരത്തിന്റെയും കാലത്ത് ജനാധിപത്യ-മതേതരത്വവാദികളോട് ചെറുത്തുനിൽപിനായി ആഹ്വാനംചെയ്താണ് ചടങ്ങ് അവസാനിച്ചത്. നടൻ പ്രകാശ് രാജ്, ജി.എൻ. ദേവി, ഡി. ഉമാപതി, സഹോദരി കവിത ലങ്കേഷ് അടക്കമുള്ള ഗൗരിയുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

