17കാരിക്ക് കൂട്ടബലാത്സംഗം: ഒരാൾ പിടിയിൽ
text_fieldsബംഗളൂരു: പടിഞ്ഞാറൻ ബംഗളൂരുവിൽ 17കാരിയെ നാലുപേർ കൂട്ടബലാത്സംഗം ചെയ്തുവെന്ന പരാതിയിൽ 24കാരൻ പിടിയിൽ. ൈപ്ലവുഡ് കടയിൽ ജോലിക്കാരനായ ദേവരാജാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്സോ പ്രകാരം കേസെടുത്തു. നാലുവർഷമായി പെൺകുട്ടിയും ദേവരാജും തമ്മിൽ അടുപ്പമുണ്ട്.
ആറുമാസം മുമ്പ് ബന്ധം അവസാനിപ്പിക്കാൻ പെൺകുട്ടി തീരുമാനിച്ചെങ്കിലും ദേവരാജ് സമ്മതിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ഇരുവരും തമ്മിലുള്ള വിഡിയോ ഇയാൾ പകർത്തി. മറ്റാരെയെങ്കിലും പെൺകുട്ടി കല്യാണം കഴിച്ചചാൽ സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവെക്കുമെന്ന് ഭീഷണിപ്പെടുത്തി.
പെൺകുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞതോടെ അവർ പൊലീസിൽ പരാതി നൽകി. ദേവരാജും കൂട്ടുകാരായ മൂവരും ചേർന്ന് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. എന്നാൽ, ദേവരാജിന് മാത്രമെ സംഭവത്തിൽ പങ്കുള്ളൂവെന്നാണ് പ്രാഥമികാന്വേഷണത്തിൽ തെളിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. മറ്റുള്ളവർ ഒളിവിലാണ്. അന്വേഷണം തുടരുകയാണെന്നും തെളിവ് ലഭിച്ചാൽ മറ്റുള്ളവർക്കെതിരെയും കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.

