മഹാരാഷ്ട്രയിൽനിന്ന് കഞ്ചാവ് എത്തിച്ച് വിൽക്കുന്ന സംഘം അറസ്റ്റിൽ
text_fieldsമംഗളൂരു: മഹാരാഷ്ട്രയിൽനിന്ന് കഞ്ചാവ് കൊണ്ടുവന്ന് ജോക്കാട്ടെ ക്രോസ് റെയിൽവേ പാലത്തിന് സമീപം വിൽക്കാൻ ശ്രമിച്ച നാലുപേരെ പനമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് 22 കിലോ കഞ്ചാവ് പിടിച്ചെടുത്തു. മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിലെ ചോപ്ഡ താലൂക്ക് നിവാസിയായ കരൺ ബാബു റാം ജാദവ് (27), മധ്യപ്രദേശിലെ ദേവാസ് ജില്ലയിലെ തഷിൽ നിവാസിയായ സമീർ ഷാ (19), ഉഡുപ്പി ജില്ലയിലെ ഹെജമാഡി കോടി നിവാസിയായ എം.എച്ച്. മയ്യാഡി (48), മംഗളൂരു കുദ്രോളി നിവാസിയായ ഇബ്രാഹിം ഖലീൽ (47) എന്നിവരാണ് അറസ്റ്റിലായത്. 11.12 ലക്ഷം രൂപ വിലമതിക്കുന്ന 22.250 കിലോഗ്രാം കഞ്ചാവും 18,000 രൂപ വിലമതിക്കുന്ന ആറ് മൊബൈൽ ഫോണുകളും കള്ളക്കടത്ത് നടത്താൻ ഉപയോഗിച്ച ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് സ്കൂട്ടറുകളും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. പിടിച്ചെടുത്ത സ്വത്തിന്റെ ആകെ മൂല്യം 12,30,500 രൂപയാണെന്ന് കണക്കാക്കുന്നു.
പനമ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ജോക്കാട്ടെ ക്രോസ് റെയിൽവേ പാലത്തിനുസമീപം വിൽപനക്കായി ഇതര സംസ്ഥാനത്തുനിന്ന് കഞ്ചാവ് കൊണ്ടുവന്നുവെന്ന വിശ്വസനീയമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ, നോർത്ത് സബ് ഡിവിഷനിലെ എ.സി.പി ശ്രീകാന്ത്, അദ്ദേഹത്തിന്റെ സംഘം, പനമ്പൂർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ, ജീവനക്കാർ എന്നിവർ ചേർന്ന് റെയ്ഡ് നടത്തിയാണ് പ്രതികളെ പിടികൂടിയത്. ചോദ്യംചെയ്യലിൽ കരൺ ബാബു റാം ജാദവും സമീർ ഷായും മഹാരാഷ്ട്രയിലെയും മധ്യപ്രദേശിലെയും വിതരണക്കാരിൽ നിന്നാണ് കഞ്ചാവ് വാങ്ങി ഉഡുപ്പിയിലെ ഹെജമാഡി കോടിയിലെ എം.എച്ച് മയ്യാദിക്കും മംഗളൂരുവിലെ ഇബ്രാഹിം ഖലീലിനും കൈമാറിയതെന്ന് പ്രതികൾ സമ്മതിച്ചു. ഉഡുപ്പി, മാൽപെ, കാർക്കള, മുൽക്കി, സൂറത്ത്കൽ, പനമ്പൂർ, മംഗളൂരു നഗരം എന്നിവിടങ്ങളിലെ പ്രധാന സ്ഥലങ്ങളിൽ കള്ളക്കടത്ത് വിൽപന നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

